Special Stories

അഡ്വ. പി. എ. സൈറസ് സാറിനു വിട.

Published

on

സാം ചെമ്പകത്തിൽ *ജീവിതം* കൊണ്ടും കർമ്മം കൊണ്ടും ഒരു കാലഘട്ടത്തെയാകെ പ്രകാശമണിയിച്ച ഋഷി തുല്ല്യമായ ജീവിതത്തിന് ഉടമയായ അഡ്വ. പി. എ സൈറസ് അന്തരിച്ചു. 95വയസായിരുന്നു.കാവി മുണ്ടും ജുബയും നീട്ടി വളർത്തിയ താടിയും ചീകി ഒതുക്കാത്ത മുടിയും നഗ്നപാദനായി ഒരു സന്യസ്തനെപ്പോലെ ഭാരതത്തിലെ ഗ്രാമങ്ങളിൽ ജീവിച്ച് പാർ ശ്വവത്കരിക്കപ്പെട്ടവരുടെ മോചനത്തിനായി സ്വയം സമർപ്പിച്ച ജീവിതമായിരുന്നു. ദരിദ്രരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവൻ്റെ ആത്മാവ് എൻ്റെ മേൽ ഉണ്ട് – എന്ന ബൈബിൾ വചനം ഈ വേറിട്ട യാത്രയ്ക്ക് പ്രചോദനമായി.അഞ്ചു പതിറ്റാണ്ടോളം കേരളം, ഒറീസ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമങ്ങളിൽ നിസ്വാര്‍ത്ഥമായും വിശ്രമമരഹിതമായും അദേഹം സുവിശേഷദൗത്യം നിര്‍വഹിച്ചു. *സുവിശേഷം സ്വാധീനിച്ച കുട്ടിക്കാലം*

തിരുവനന്തപുരം പേരൂര്‍ക്കട എബനേസര്‍ മാർത്തോമ്മാ ഇടവകയിൽ പനക്കൽ അഡ്വ. പി. എ. സൈറസ് അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ചെങ്കിലും പൂര്‍ണ്ണസമയ സുവിശേഷപ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ക്രിസ്തു സ്നേഹത്താൽ സ്വാധീനിക്കപ്പെട്ട കൊച്ചു സൈറസ് കൂട്ടുകാരോടൊപ്പം വൈ.സി. എസ് എന്ന സംഘടനക്ക് രൂപം നൽകി തിരുവനന്തപുരം ഊന്നാംപാറ കേന്ദ്രീകരിച്ച് സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഫിലോസഫിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം സമ്പാദിച്ച് തിരുവനന്തപുരം ഏജീസ് ഓഫീസിൽ ഉദ്യോഗസ്ഥനായെങ്കിലും ജീവിതദൗത്യം ഇതല്ലെന്ന തിരിച്ചറിവിൽ ജോലി വേണ്ടെന്നു വച്ചു. മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന 9 അംഗ കുടുംബത്തിൻ്റെ ഉത്തരവാദിത്വത്തേക്കാൾ മനസ്സിന് നീറ്റലായത് ഭാരതഗ്രാമങ്ങളിലെ ദരിദ്രലക്ഷങ്ങളുടെ യാതന നിറഞ്ഞ ജീവിതമായിരുന്നു. പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ അഭിഭാഷകനാകാൻ തീരുമാനിച്ച് ലോ കോളേജിൽ ചേർന്ന് ബി. എൽ പാസായി. തിരുവനന്തപുരത്തും പിന്നീട് ഹൈക്കോടതിയിലും പ്രാക്ടീസ് ആരംഭിച്ചു.ഇക്കാലത്തായിരുന്നു കെ. എസ്. ഇ. ബി ഉദ്യോഗസ്ഥ കോട്ടയം പുളിമൂട്ടിൽ അന്നമ്മയുമായുളള വിവാഹം . എബിയും എസിയും രണ്ടു മക്കൾ ജനിച്ചു. 1973ൽ ഒരു വെളിപാടു പോലെ വക്കീൽ കുപ്പായം അഴിച്ചു വച്ച് ലൗകിക ജീവിതത്തിൻ്റെ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. എറണാകുളം കത്രിക്കടവിൽ കുഷ്ടരോഗികളുടെ പുനരധിവാസത്തിലും ആദിവാസി മേഖലയായ വടാട്ടുപാറയിലെ ഈറ്റതോഴിലാളികളുടെ ജീവിത പോരാട്ടങ്ങളിലും പങ്കാളിയായി. പിന്നീട് വേള്‍ഡ് വിഷന്‍ ഓഫ് ഇന്‍ഡ്യയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ താളുകണ്ടം, വട്ടവട – കണ്ണംപടി തുടങ്ങിയ ആദിവാസി മേഖലകളിലേക്കും പ്രവർത്തന മേഖല വ്യാപിച്ചു. 73 ൽ ആരംഭിച്ച് 10 വർഷം പിന്നിട്ടപ്പോൾ പാറശാല മുതൽ കണ്ണൂർ വരെ ഗ്രാമീണമേഖലകളിലാകെ സൗഹ്യദകൂട്ടായ്മകളും പ്രവർത്തനങ്ങളും വളർന്നു.

Advertisement

*ആദിവാസി – ദളിത് സമൂഹങ്ങൾക്കായി സമർപ്പിച്ച നാല് പതിറ്റാണ്ട്*

ഭാരത ജനസംഖ്യയിൽ 25 ശതമാനം വരുന്ന ആദിവാസി, ദളിത് സമൂഹങ്ങളെ ചൂഷണത്തിൽനിന്നു മോചിപ്പിക്കാനുള്ള പദ്ധതി ഏറ്റെടുത്ത് 83ൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് യാത്രയായി. പ്രവൃത്തി നിർവഹണത്തിൽ സന്തത സഹചാരിയായിരുന്ന എസ്. കെ. എബ്രഹാമും ഒപ്പം ചേർന്നു.തുടർന്നുളള നാല് പതിറ്റാണ്ട് ഉത്തരേന്ത്യൻ ഗ്രാമങ്ങളായിരുന്നു പ്രവർത്തന മേഖല. ആദിവാസി-ദലിത് സമൂഹങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും ചൂഷണത്തിനും കാരണം അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന തിരിച്ചറിവിൽ കുട്ടികളുടെ ബൗദ്ധികവും ആത്മീയവുമായ വികാസം ലക്ഷ്യമാക്കിയുളള പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്‌കൂളുകളും സ്‌കൂൾ സൗകര്യമുള്ള പ്രദേശങ്ങളിൽ ഹോസ്റ്റലുകളും തുടങ്ങി. റായ്പ്പൂരിനടുത്ത് ഗാത്താപ്പാറ ഗ്രാമം കേന്ദ്രമാക്കി സത്നാമീസ് എന്ന ദളിത് സമൂഹങ്ങൾക്കിടയിലായിരുന്നു ആദ്യ പ്രവർത്തനം. ജന്മിമാരുടെ ചൂഷണത്തിൽ നിന്ന് പാവപെട്ട കർഷകരെ മോചിപ്പിക്കേണ്ടത് സുവിശേഷ പ്രവർത്തനമായി കണ്ട് മഹാജൻ മസ്ദൂർ കിസാൻ സംഘ് എന്ന പേരിൽ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ച് പ്രതിരോധം ഒരുക്കി.റായ്പ്പൂരിനടുത്ത് ജില്ലയായ രാജ്‌നന്ദൻഗാവിലേക്കും പ്രവർത്തനം വളർന്നു. ഒറീസയിലെ കലഹണ്ടി ജില്ലയിൽ ഉർളാധനി ഗ്രാമത്തിലെയും ആന്ധ്രാപ്രദേശിലെ റയഗഡക്കടുത്ത് ജിമിദിപ്പേട്ടയിലെയും പ്രവർത്തനങ്ങളിൽ വ്യാപൃതനായി. മുംബൈ നവജീവൻ സെൻറർ, എറണാകുളത്തെ കുഷ്ഠരോഗികളുടെ റീഹാബിലിറ്റേഷൻ സെൻറർ തുടങ്ങിയവരുടെ ആരംഭത്തിലും അദേഹത്തിന്റെ കൈയ്യൊപ്പുപതിഞ്ഞു. മാർത്തോമ്മാ സ്റ്റുഡൻസ് കോൺഫ്രൻസ് മറ്റ് യുവജന കൂട്ടായ്മകളിൽ സജീവ സാന്നിദ്ധ്യമായി യുവജനങ്ങളുടെ നിർമ്മാണ നിർവഹണത്തിനായി ഒരുക്കി. എൺപത്തെട്ടാം വയസ്സിലും ഗ്രാമങ്ങളിലെ ദൈവരാജ്യ ശുശ്രൂഷക്കായി വിശ്രമരഹിതമായി ഓടുകയായിരുന്ന അദേഹത്തെ 2014ൽ ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ ശയ്യാവലംബിയാക്കി. തിരുവനന്തപുരത്തെ ഭവനത്തിൽ വിശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സും പ്രാർത്ഥനയും ഇന്ത്യയിലെ ഗ്രാമങ്ങളിലായിരുന്നു. പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പമായിരുന്നു. മാർത്തോമാ സഭയുടെ ഇക്കൊല്ലത്തെ മാനവസേവാ അവാർഡ് സൈറസ് സാറിനു നൽകി സഭ ആദരിക്കുകയുണ്. Reporter Georgekutty panackal

Advertisement

Trending

Exit mobile version