Top News

31നകം രാജ്യം വിടണം ; യുഎസിന് താലിബാന്റെ അന്ത്യശാസനം

Published

on

കാബൂള്‍
കരാര്‍ പ്രകാരം നല്‍കിയ സമയപരിധിക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ വിടണമെന്ന് അമേരിക്കയ്‌ക്ക് താലിബാന്റെ അന്ത്യശാസനം. ആഗസ്‌ത്‌ 31-നകം സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ്.

ആളുകളെ ഒഴിപ്പിക്കുന്നതിന് അമേരിക്കയോ ബ്രിട്ടനോ സമയം അധികമായി ചോദിച്ചാല്‍ ഇല്ലെന്നാകും മറുപടി. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അഫ്​ഗാനിസ്ഥാനില്‍ തുടരാനാണ് തീരുമാനമെങ്കില്‍ അത് പ്രകോപനം സൃഷ്ടിക്കുമെന്നും സ്കൈ ന്യൂസിന്‌ നല്കിയ അഭിമുഖത്തില്‍ -താലിബാന്‍ വക്താവ് സുഹെയ്‌ൽ ഷഹീൻ പ്രതികരിച്ചു.

Advertisement

ഒഴിപ്പിക്കല്‍ നടപടികള്‍ ദൈര്‍ഘ്യമേറിയതായതിനാല്‍ ഒക്ടോബര്‍ 31നകം പൂര്‍ത്തിയാകില്ലെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്മാറുന്നത് വൈകിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക രാജ്യം വിട്ടാല്‍ മറ്റ് രാജ്യങ്ങള്‍ക്കും ദൗത്യം അവസാനിപ്പിച്ച് മടങ്ങേണ്ടിവരുമെന്നും അതിനാല്‍ അഫ്​ഗാനില്‍ തുടരണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടക്കുന്ന ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗത്തില്‍  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇക്കാര്യം യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടും. താലിബാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന ബ്രിട്ടന്റെ ആവശ്യവും ജി7 ചര്‍ച്ചചെയ്യും. അമേരിക്കയും നിലപാടിനെ പിന്തുണയ്ക്കും.

ആഗസ്‌ത്‌ 31ന് ശേഷം അഫ്​ഗാനിസ്ഥാനില്‍ തുടരാന്‍ അമേരിക്ക തയാറാകണമെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാമെന്നും ഓസ്ട്രേലിയ അറിയിച്ചു. എന്നാല്‍ അഫ്​ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം യുക്തിസഹമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നുമാണ് ബൈഡന്‍ അഭിപ്രായപ്പെടുന്നത്. സേനാപിന്മാറ്റം ഈമാസംതന്നെയുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്കുന്നത്.

Advertisement

Trending

Exit mobile version