Breaking

കുഞ്ഞിന്റെ ചികിത്‌സയ്ക്കായി മെഡൽ ലേലം ചെയ്ത് പോളിഷ് അത്‌ലറ്റ്

Published

on

വാർസോ: തനിക്ക് പരിചയംപോലുമില്ലാത്ത കുഞ്ഞിന്റെ ചികിത്‌സയ്ക്കുവേണ്ടി ഒളിംപിക് മെഡൽ ലേലത്തിനുവെച്ച പോളിഷ് അത്‌ലറ്റിന്റെ സമർപ്പണത്തിനു കൈയടിച്ച് ലോകം. ടോക്കിയോ ഒളിംപിക്‌സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ പോളിഷ് അത്‌ലറ്റ് മരിയ ആന്ദ്രേചെക്കാണ്, എട്ടു മാസം പ്രായമുള്ള കുട്ടിയുടെ ഹൃദയശസ്ത്രക്രിയ്ക്കായി പണം കണ്ടെത്താൻ മെഡൽ ലേലത്തിനു വെച്ചത്. പോളണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ‘സബ്ക’യാണ് ലേലം സ്വന്തമാക്കിയത്. ലേലത്തുകയായ ഒന്നേകാൽ ലക്ഷം യു.എസ് ഡോളറിനൊപ്പം, മരിയ പ്രകടിപ്പിച്ച ഉദാരതയ്ക്ക് ആദരസൂചകമായി ‘സബ്ക’ മെഡൽ തിരിച്ചുനൽകിയും ശ്രദ്ധേയമായി.

മെഡൽ നേട്ടത്തിന് പിന്നാലെ, അപരിചിതരും ഏറ്റവും ആവശ്യക്കാരുമായ ആരെയങ്കിലും സഹായിക്കണമെന്ന ആഗ്രഹത്തിലായിരുന്നു മരിയ. ആ സാഹചര്യത്തിലാണ്, പോളണ്ടിൽതന്നെയുള്ള മിലോസെ മാലിസ എന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്താൻ മാതാപിതാക്കൾ നെട്ടോട്ടത്തിലാണെന്ന വിവരം ഫേസ്ബുക്കിലൂടെ മരിയ അറിഞ്ഞത്. ടോട്ടൽ പൾമനറി വെനസ് കണക്ഷൻ (ടി.എ.പി.വി.സി) എന്ന രോഗത്താൽ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് ആവശ്യമായിരുന്നത് ഒന്നര ദശലക്ഷം പോളിഷ് സ്ലോട്ടാണ്, അതായത് 3,85000ൽപ്പരം യു.എസ് ഡോളർ (2.86 കോടി രൂപ).

Advertisement

‘ആ തീരുമാനം കൈക്കൊള്ളാൻ എനിക്ക് കൂടുതൽ സമയം വേണ്ടിവന്നില്ല. കാരണം ഇത് ശരിയാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഒരു മെഡലിന്റെ യഥാർത്ഥ മൂല്യം ഹൃദയത്തിലാണ് നിലകൊള്ളുന്നത്. മെഡൽ ഒരു വസ്തു മാത്രമാണ്. പക്ഷേ, ഈ വെള്ളി മെഡലൽ കൊണ്ട് ഒരു ജീവൻ രക്ഷിക്കാനാകും,’ 25 വയസുകാരിയായ മരിയ വ്യക്തമാക്കി. മിലാസോയുടെ ശസ്ത്രക്രിയ സ്റ്റാൻഫോർഡ് മെഡിക്കൽ കോളജിൽ ഉടൻ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 2016ലെ റിയോ ഒളിംപിക്‌സിൽ വെറും രണ്ടു മീറ്റർ വ്യത്യാസത്തിന് മെഡൽ നഷ്ടമായ മരിയ 64.61 മീറ്റർ ദൈർഘ്യം കുറിച്ചാണ് ടോക്കിയോയിൽ വെള്ളി മെഡൽ നേടിയത്. മരിയ ആന്ദ്രേചെക്ക് 2018ൽ അർബുദ ബാധിതയായെങ്കിലും ടോക്കിയോയിൽ നടത്തിയ ഗംഭീര തിരിച്ചുവരവും വാർത്തയായിരുന്നു.

Advertisement

Trending

Exit mobile version