Top News

ജനപ്രിയ ഇന്റര്‍നെറ്റ് ബൈബിള്‍ അധിഷ്ഠിത പരമ്പര ‘ദി ചോസണ്‍’ 90 ഭാഷകളിലേക്ക്

Published

on

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരുടെ മനം കവര്‍ന്ന ബൈബിള്‍ അധിഷ്ടിത ജനപ്രിയ ഇന്റര്‍നെറ്റ് പരമ്പര ‘ദി ചോസണ്‍’ 90 ഭാഷകളിലേക്ക് കൂടി. 2019-ല്‍ ആരംഭിച്ച ആദ്യ സീസണ്‍ സ്പാനിഷ്, അറബിക്, ചൈനീസ് ഉള്‍പ്പെടെ ഏഴോളം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയതിന് പുറമേ, 90 ഭാഷകളിലേക്ക് വ്യാപിപ്പിക്കുവാനാണ് തീരുമാനം. വെറുമൊരു വെബ്പരമ്പരയായി ആരംഭിച്ച ‘ദി ചോസണ്‍’ ഇപ്പോള്‍ ഒരു ‘വെബ് മിനിസ്ട്രി’ തന്നെയായി മാറിയിരിക്കുകയാണ്. ‘യേശു വരുന്നത് വരെ’ തങ്ങള്‍ ഇത് അവസാനിപ്പിക്കുകയില്ലെന്നു ദി ചോസണിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഡെറാല്‍ ഈവ്സ് പറഞ്ഞു. ഈസ്റ്ററില്‍ അരങ്ങേറ്റം കുറിച്ച രണ്ടാം സീസണ്‍ മലയാളം ഉള്‍പ്പെടെ 30 ഭാഷകളിലെ സബ്ടൈറ്റിലുമായാണ് പ്രദര്‍ശിപ്പിച്ച് വരുന്നത്. പന്ത്രണ്ടിലധികം ഭാഷകളിലെ സബ്ടൈറ്റിലുകള്‍ അണിയറയില്‍ തയ്യാറായി വരികയാണ്.

രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്‌, നൈജീരിയ, യു.എ.ഇ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ 25 കോടി ജനങ്ങളിലേക്ക് ഈ പരമ്പര എത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പരമ്പരയെ നൂറുകോടി ജനങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ഈവ്സ് പറയുന്നു. ഒന്നിലധികം സീസണുകളിലായി പ്രദര്‍ശിപ്പിക്കുന്ന യേശുവിനെ കുറിച്ചുള്ള ആദ്യത്തെ ടെലിവിഷന്‍ പരമ്പര എന്ന പ്രത്യേകത കൂടി ദി ചോസണിനുണ്ട്. യേശുവിന്റെ ശിഷ്യന്‍മാരും, യേശു അവരില്‍ ചെലുത്തിയ സ്വാധീനവുമാണ് പരമ്പരയുടെ പ്രധാന ഇതിവൃത്തം. പരമ്പര ഒരു കോടി ജനങ്ങളിലേക്കെത്തിക്കുവാന്‍ മൊഴിമാറ്റം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും, ഇതൊരു അന്താരാഷ്ട്ര പരമ്പരയാക്കി മാറ്റണമെന്നും, പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ‘ആപ്പ്’ന്റെ ആവശ്യമുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യം തുടക്കം മുതല്‍ക്കേ തങ്ങള്‍ മനസ്സിലാക്കിയതായും ഈവ്സ് പറയുന്നു.

വിവധ തലമുറകളിലൂടെ, വിവിധ സംസ്കാരങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഒരു പരമ്പരയാണ് ‘ദി ചോസണ്‍’. നമ്മെ കേള്‍ക്കുവാനും, നമ്മെ രക്ഷിക്കുവാനും ആരൊക്കെയോ ഉണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെന്ന് പറഞ്ഞ ഈവ്സ് ജനങ്ങളുടെ ജീവിതത്തില്‍ പ്രകാശം ചൊരിയുന്നതാണ് ഈ പരമ്പരയെന്നും കൂട്ടിച്ചേര്‍ത്തു. മൂന്നാം സീസണിനു വേണ്ട ആകെ ചിലവിന്റെ പകുതിയിലേറെ പണം ലഭിച്ചു കഴിഞ്ഞതായി ഈവ്സ് അറിയിച്ചിട്ടുണ്ട്. പരമ്പരയില്‍ യേശുവായി അഭിനയിക്കുന്ന നടന്‍ ജോനാഥന്‍ റൌമി ഉള്‍പ്പെടെയുള്ള പരമ്പരയുടെ അണിയറക്കാര്‍ വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയെ കണ്ടത് സമീപകാലത്ത് വാര്‍ത്തയായിരുന്നു. ‘ദി ചോസണ്‍’ മലയാളവും ഹിന്ദിയും ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ സബ്ടൈറ്റില്‍ സഹിതം ലഭ്യമാക്കിയിട്ടുണ്ട്. ചോസണ്‍ ആപ്പ് വഴിയും പരമ്പര കാണാവുന്നതാണ്.

Advertisement

Trending

Exit mobile version