Breaking

‘മദർ തെരേസ: നോ ഗ്രേറ്റർ ലവ്’ ചലച്ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

Published

on

വാഷിംഗ്ടണ്‍ ഡി‌.സി: മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘മദർ തെരേസ: നോ ഗ്രേറ്റർ ലവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ മൂന്നാം തീയതിയും, നാലാം തീയതിയും അമേരിക്കയിലെ 960 തീയേറ്ററുകളിലാണ് പ്രദർശിപ്പിക്കപ്പെടുക. ഫാത്തോം ഇവന്റ്സാണ് ഡോക്യുമെന്ററി വിഭാഗത്തിലുള്ള ചലച്ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. നൈറ്റ്സ് ഓഫ് കൊളംബസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 5 ഭൂഖണ്ഡങ്ങളില്‍ ആയിരിന്നു ചിത്രീകരണം.

വിശുദ്ധ ജോൺപോൾ മാർപാപ്പയുമായി ഉണ്ടായിരുന്ന മദർ തെരേസയുടെ സൗഹൃദവും ഇതില്‍ പ്രമേയമാകുന്നുണ്ട്. മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങൾ പ്രശസ്തി ആഗ്രഹിക്കുന്നവർ അല്ല, അതിനാൽ തന്നെ അവരുടെ അസാമാന്യമായ പ്രവർത്തനങ്ങളും, സുവിശേഷ ജീവിതവും ആളുകളിൽ എത്തിക്കാൻ സാധിക്കുന്നത്, നിരവധി ആളുകളുടെ ജീവിതത്തെ സ്പർശിക്കാനും, അവരെ വിശ്വാസത്തിലേക്ക് അടുപ്പിക്കാനും ഉപകരിക്കുമെന്ന് സിനിമയുടെ സംവിധായകൻ ഡേവിഡ് നാഗ്ലേരി പറഞ്ഞു.
വളർച്ച സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്ന ആഫ്രിക്കൻ രാജ്യമായ കെനിയയിലെ കുട്ടികളുടെ ഇടയിൽ സേവനം ചെയ്യുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി അംഗങ്ങളുടെ പ്രവർത്തനങ്ങൾ ചിത്രീകരിച്ചതാണ് തന്നെ ഏറ്റവും അധികം സ്പർശിച്ച അനുഭവമെന്നും ഡേവിഡ് നാഗ്ലേരി പങ്കുവെച്ചു. 1910ൽ ഇപ്പോഴത്തെ ഉത്തര മാസിഡോണിയയിൽ ജനിച്ച മദർ തെരേസ 1950ലാണ് ഇന്ത്യയിലെ കൊൽക്കത്തയിൽ മിഷ്ണറിസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷന് തുടക്കം കുറിക്കുന്നത്. സ്തുത്യർഹ സേവനങ്ങൾക്ക് 1979ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി.

Advertisement

Trending

Exit mobile version