Breaking

താലിബാൻ ഭീകരർ ക്രൈസ്തവരെ അന്വേഷിച്ച് വീടുകൾ കയറിയിറങ്ങുന്നതായും റിപ്പോര്‍ട്ട്

Published

on

കാബൂള്‍: ബൈബിൾ കൈവശംവെച്ച ഒരു അഫ്ഗാൻ പൗരനെ താലിബാൻ ഭീകരർ വധിച്ചതായും, ക്രൈസ്തവ വിശ്വാസികളെ ഭവനങ്ങൾ കയറിയിറങ്ങി തീവ്രവാദികൾ അന്വേഷിക്കുന്നതായും റിപ്പോർട്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് തങ്ങൾ മിതവാദികളാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമം താലിബാൻ ഭീകരർ നടത്തുന്നുണ്ടെങ്കിലും, ഇതിനിടയിൽ ക്രൈസ്തവ പീഡനം അവർ ആരംഭിച്ചതായാണ് യു‌കെ ആസ്ഥാനമായുള്ള ‘എക്സ്പ്രസ്’ അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ വിവിധ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ക്രൈസ്തവർ നേരിടുന്ന ദാരുണാവസ്ഥ ‘റിലീസ് ഇന്റർനാഷ്ണൽ’ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ ബ്രിട്ടനിലെ വക്താവ് ആൻഡ്രു ബോയിഡ് ജിബി ന്യൂസ് എന്ന് മാധ്യമത്തോട് വിശദീകരിച്ചു. താലിബാൻ ഭരണം കൈപ്പിടിയിലൊതുക്കുന്നതിന് മുമ്പേ തന്നെ ക്രൈസ്തവർ രഹസ്യമായിട്ടായിരുന്നു ജീവിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ വിശ്വാസം സ്വീകരിക്കുക എന്നത് അഫ്ഗാനിസ്ഥാനിൽ ജയിൽശിക്ഷയോ, അതല്ലെങ്കിൽ വധശിക്ഷ പോലുമോ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. താലിബാൻ രാജ്യത്തിന്റെ ഭരണം പിടിച്ചത് മുതൽ ക്രൈസ്തവരുടെ അവസ്ഥ കൂടുതൽ സങ്കീർണമായി മാറിയിരിക്കുകയാണ്. ജീവൻ പോലും നഷ്ടപ്പെടുമോ എന്ന പേടിയിലാണ് ക്രൈസ്തവർ ഇപ്പോൾ. ഷിയാ ഹസാരാ സമൂഹത്തിലെ ചിലരാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിക്കുന്നത്. അവർ ബൈബിൾ മൊബൈലിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ എന്നറിയാൻ ഭീകരർ മൊബൈൽ ഫോൺ പോലും പരിശോധിച്ച് നോക്കുന്നുണ്ടെന്നും, സമൂഹത്തിലെ ഒരാൾ ഇങ്ങനെ കൊല്ലപ്പെട്ടതായി തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

ആളുകൾ ഭയചകിതരാണെന്നും എല്ലാവർക്കും താലിബാനെ ഭയം ആണെന്നും പതിനാറു വയസ്സുകാരി തന്നോട് വെളിപ്പെടുത്തിയ കാര്യവും ആൻഡ്രു സ്മരിച്ചു. നോർവെയുടെ ഏപ്രിലിൽ പുറത്തുവിട്ട കൺട്രി ഓഫ് ഒർജിൻ ഇൻഫർമേഷൻ റിപ്പോർട്ട് പ്രകാരം രഹസ്യമായി ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ചെറിയ ക്രൈസ്തവ ന്യൂനപക്ഷം അഫ്ഗാനിസ്ഥാനിലുണ്ട്. താലിബാൻ തങ്ങളുടെ ബ്ലാക്ക് ലിസ്റ്റിൽ ഉള്ളവരെ കൂട്ടക്കുരുതി നടത്താൻ സാധ്യതയുണ്ടെന്ന് ലോകമെമ്പാടും വിവിധ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകിവരുന്ന സർക്കാരിതര സംഘടനയായ റിപ്റ്റോയുടെ അധ്യക്ഷൻ ക്രിസ്ത്യൻ നെല്ലിമാൻ ഇതിനിടയിൽ മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ, ഹിന്ദു, സിക്ക്, ഷിയാ സമൂഹങ്ങൾക്ക് ഒരുപാട് ക്ലേശങ്ങൾ സഹിക്കേണ്ടി വരുമെന്ന് വേയിൻ സ്റ്റേറ്റ് സർവ്വകലാശാലയിലെ പ്രൊഫസറായ ഖാലിദ് ബേയ്ദൂനും പ്രസ്താവിച്ചിരിന്നു.

Advertisement

Trending

Exit mobile version