Editor's Picks

പശുത്തൊട്ടിയിലെ അത്ഭുത മന്ത്രി

Published

on

പേർ വഴി ചാർത്തുവാനായി ബേത്ളഹേമിൽ എത്തിയ ജനസഞ്ചയം വഴിയമ്പലങ്ങളും മറ്റും ആദ്യമേ കരസ്ഥമാക്കി.പൂർണ ഗർഭിണിയായ മറിയയുമായി യോസേഫ് മുട്ടിയ വാതിലുകളൊക്കെ അവരുടെ മുമ്പിൽ അടഞ്ഞു. “വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ”(ലൂക്കൊ.2:7) എന്നത് അവർ അവിടെ സ്ഥലം അന്വേഷിച്ചു എന്നതിന് തെളിവാണ്. വഴിയമ്പലം ‘ബുക്ക്’ ചെയ്യുന്നതിനുള്ള വകയൊക്കെ അവരുടെ കൈവശം ഉണ്ടായിരുന്നു കാണും. എന്നാൽ അത് നടന്നില്ല. നിവൃത്തികേടു കൊണ്ട് യേശു ദരിദ്രനായതല്ല. ലോകരക്ഷകനെ ദരിദ്രനായി ജനിപ്പിക്കുക എന്നത് ദൈവ നിർണയം ആയിരുന്നു. ദൈവമായിരുന്നവൻ അത് തിരഞ്ഞെടുത്തതാണ്. “യേശുവിനെ പശുത്തൊട്ടിയിൽ കിടത്തി” (2:7) എന്നാണ്. ജനനം അവിടെ ആകണമെന്നില്ല. ഒരു പക്ഷേ വഴിത്തലയ്ക്കൽ ആകാം. “മനുഷ്യപുത്രന് തല ചായിപ്പാൻ സ്ഥലം ഇല്ല” (ലൂക്കൊ. 9:58) എന്നത് യേശുവിന്റെ ജനനം മുതൽ ശരിയായിരുന്നു.സമൂഹത്തിൽ ഏറ്റവും താഴേക്കിടയിലുള്ളവരോടു താദാത്മ്യം പ്രാപിക്കുന്ന ജനനമായിരുന്നു യേശുവിന്റേത്. വീടോ, ഉറങ്ങാൻ ഒരു സുരക്ഷിത താവളമോ ഇല്ലാതെ വഴിവക്കിൽ അഭയം കണ്ടെത്തുന്ന നൂറു കണക്കിന് ആളുകൾ നമ്മുടെ ദേശത്തുണ്ട്. ആരും സഹായത്തിന് ഇല്ലാത്ത അവരെപ്പോലും യേശു സ്നേഹിക്കുന്നു എന്നതിനു തെളിവാണ് സംരക്ഷണത്തിന്റെ ഒരു മതിലും ഇല്ലാത്തിടത്ത് യേശു ജനിച്ചത്. ക്രിസ്ത്യാനിത്വം കെട്ടിപ്പടുത്തത് സമ്പത്തിലും സൗഭാഗ്യങ്ങളിലുമല്ല, ത്യാഗമാണിതിന്റെ അടിത്തറ. മണിമാളികകളും സൗധങ്ങളും പണിതുയർത്തുന്നതല്ല യേശുവിന്റെ ജീവിതത്തോട് താദാത്മ്യപ്പെടുന്നതാണ് സമ്പന്നത.കിട്ടിയ കീറ്റത്തുണിയിൽ പൊതിഞ്ഞ് മറിയ ലോകരക്ഷകനെ തന്നോട് ചേർത്തു കിടത്തി. “നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു…. അവന് അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും”( യെശ.9:6) എന്ന് ഈ ശിശുവിനെക്കുറിച്ചല്ലേ അരുളപ്പാടുണ്ടായത്?. “അവന്റെ രാജ്യത്തിന് അവസാനം ഉണ്ടായിരിക്കില്ല”( ലൂക്കൊ.1:33 )എന്ന് ഈ ശിശുവിനെക്കുറിച്ചല്ലേ ദൂതവാണി ഉണ്ടായത്?അതേ, ദൈവരൂപത്തിൽ ഇരുന്നവൻ ദാസരൂപം എടുത്ത് വേഷത്തിൽ മനുഷ്യനായി ഒരു ശിശുവായി ജനിച്ചു, നമ്മെ രക്ഷിക്കുവാൻ. കണ്ണുകൾ നിറയാതെ അത് ഓർക്കാൻ ആർക്കാണ് കഴിയുക?ലോകോത്തര സാഹിത്യകാരന്മാർക്ക് പോലും ഈ ജനനത്തെ അതിന്റെ മുഴുസത്തയും ഉൾക്കൊണ്ട് വിശദീകരിക്കാനാവില്ല.”വസ്ത്രം ധരിക്കുമ്പോലെ പ്രകാശത്തെ ധരിക്കുന്നവൻ”(സങ്കീ.104:2) ശീലകളിൽ പൊതിയപ്പെട്ടവനായി കിടക്കുന്നു. കൊട്ടാരസമാന സൗകര്യങ്ങളേക്കാൾ മനുഷ്യഹൃദയങ്ങളിൽ ജനിക്കാൻ ആയിരുന്നു ആ രാജാവിന് ഇഷ്ടം.ലോകത്തിലെ ഏറ്റവും ധന്യനിമിഷമാണ് യേശുവിന്റെ ജനനം. കാലത്തെയും സമയത്തെയും സൃഷ്ടിച്ച കാലാതീതൻ കാലത്തിലേക്ക് പിറന്നു വീഴുന്നു. ദൈവമായിരുന്നവൻ മനുഷ്യനായി പിറക്കുന്നു. പരിധിയില്ലാതെ നിത്യതയിൽ ജീവിച്ചവൻ പരിധിയും പരിമിതിയുമുള്ള കാലത്തിലേക്ക് പ്രവേശിക്കുന്നു. പക്ഷേ ആ രാജാധിരാജന്റെ വരവ് ആഘോഷിക്കാൻ കാഹളവും കുഴലൂത്തുമില്ല.സുരക്ഷിതമായ ഒരു സ്ഥാനം ഒരുക്കുവാൻ കഴിയാതെ ലോകം അതിന്റെ നിസ്സഹായത വെളിവാക്കി. ബന്ധുക്കളോ ചാർച്ചക്കാരോ ഇല്ല.ജോസഫും മറിയയും ആ സ്വകാര്യ സന്തോഷവും ദുഃഖവും പങ്കിടുന്നു. എന്നാൽ ലോകം ഉടയാട പോലും കൊടുക്കാത്തവന്റെ ജനനത്തിങ്കൽ സ്വർഗ്ഗം സന്തോഷിക്കുന്നു.ദൂതസഞ്ചയം സംഗീത ധാരകൾ പൊഴിക്കുന്നു; “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം….”ഓരോ രാജ്യവും തങ്ങളുടെ രാജ്യത്തിന്റെ നിയമങ്ങൾക്കും ഭരണാധികാരികൾക്കും എതിരെ പ്രവർത്തിക്കുന്ന ശത്രു രാജ്യങ്ങൾക്കെതിരെ യുദ്ധപ്രഖ്യാപനമാണ് നടത്തുക. എന്നാൽ ദൈവത്തോട് ശത്രുത്വം പ്രഖ്യാപിച്ച് ദൈവത്തിനെതിരെ പുറം തിരിഞ്ഞു നടന്ന മനുഷ്യനെതിരെ ദൈവം യുദ്ധപ്രഖ്യാപനമല്ല, സമാധാനം ഘോഷിക്കുകയാണ്;”ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം”.ദൈവത്തിൽ നിന്ന് അകന്നു കഴിഞ്ഞ മനുഷ്യൻ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തിങ്കലേക്ക് അടുത്തു വരുമ്പോഴാണ് സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നത്. യേശുക്രിസ്തു തന്നേ നമ്മുടെ സമാധാനം(എഫെ. 2:14 ).അന്ന് ആ പ്രദേശത്ത് ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽ കാത്ത് വെളിയിൽ പാർത്തിരുന്നു (ലൂക്കൊ.2:8). ആകാശസൗന്ദര്യവും വീക്ഷിച്ച് നക്ഷത്രങ്ങൾ ചിമ്മുന്നതിന്റെ സന്തോഷവും പങ്കിട്ട് കിടന്ന ആ ഇടയന്മാർക്ക് അപ്രതീക്ഷിതമായിരുന്നു ദൂതന്റെ പ്രത്യക്ഷപ്പെടൽ. സ്വപ്നങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ഇടയന്മാർ. അവരുടെ ജീവിതത്തിന് നിറങ്ങളോ ആഘോഷങ്ങളോ ഇല്ല. പകരം കുറെ മുഷിഞ്ഞ ഗന്ധം മാത്രം. ലോകം അപ്രസക്തരെന്ന് കരുതുന്നവർ. എന്നാൽ ആടുകളുടെ വലിയ ഇടയനായ (എബ്രാ. 13:20) ഇടയശ്രേഷ്ഠന്റെ (1പത്രൊ.5:4) ജനനം ആട്ടിടയരോട് അറിയിച്ചത് തീർത്തും ദൈവ നീതിയായി. യേശുവിനെ കണ്ട ഇടയന്മാർ നല്ല ഇടയന്റെ സന്ദേശവാഹകരായി.ദൂതൻ ഇടയന്മാർക്ക് പ്രത്യക്ഷനായപ്പോൾ അവരെ ചുറ്റി മിന്നിയ തേജസ്സ് (ലൂക്കൊ.2:8-9) യേശുവിന്റെ തലയ്ക്കു ചുറ്റും പ്രകാശിച്ചിരുന്നെങ്കിൽ ജനക്കൂട്ടം മുഴുവനും വിശേഷ ശിശുവിനെ കാണാൻ അവിടെത്തുമായിരുന്നു. ചിത്രങ്ങളിൽ കാണുന്നതുപോലെ യേശുവിന്റെ തലയ്ക്കു ചുറ്റും തേജോവലയം (aura) ഇല്ലായിരുന്നു. അവിടുത്തെ അനുഭവിച്ചറിഞ്ഞ നാം മറ്റുള്ളവരോട് പറഞ്ഞറിയിക്കുക എന്നതാണ് ദൈവേഷ്ടം.അതിനായി സുഖശീതളിമയുടെ കൂട് വിട്ട് ഗ്രാമങ്ങളിലേക്ക് നമുക്ക് ഇറങ്ങാം. വഴിവക്കിലെ ചിലരുടെ മുഖത്തെങ്കിലും ഒരു പുഞ്ചിരി വിടർത്താൻ നമുക്ക് കഴിയില്ലേ?. സ്വർഗ്ഗത്തിലും സ്വർഗ്ഗാധി സ്വർഗ്ഗത്തിലും അടങ്ങാത്തവൻ ഒരു ദരിദ്രനായി പശുത്തൊട്ടിയിൽ കിടന്നില്ലേ?. വലിയ സൗകര്യങ്ങൾക്കു വേണ്ടിയും ഉന്നത പദവികൾക്കായും ഓടുന്ന ആധുനിക ശിഷ്യർ ഈപശുത്തൊട്ടിയിൽ കയറി വലിപ്പം വിട്ട് ഇറങ്ങി വന്നവനെ ഒരല്പം ധ്യാനിക്കുന്നത് നല്ലതാണ്. സുരക്ഷയുടെയും സൗകര്യങ്ങളുടെയും മണിമേടകൾ ഉപേക്ഷിക്കാനുള്ള ആഹ്വാനവും യേശുവിന്റെ ജനനത്തിൽ ഉണ്ടെന്ന് നാം മറക്കരുത്.

Advertisement

ബിജു പി. സാമുവൽ, ഒയാസിസ് മിനിസ്ടീസ്, പശ്ചിമ ബംഗാൾ. #08016306857.

Advertisement

Trending

Exit mobile version