Entertainment

അവസരം ഇനിയും ഉണ്ടെന്നോ?

Published

on

യഹോവ വാതില്‍ അടച്ചു. ഭൂമിയില്‍ നാല്‍പ്പത്‌ ദിവസം ജലപ്രളയം ഉണ്ടായി വെള്ളം വര്‍ധിച്ചു. പെട്ടകം പൊങ്ങി നിലത്ത്‌ നിന്ന്‌ ഉയര്‍ന്നു. വെള്ളംപൊങ്ങി ഭൂമിയില്‍ ഏറ്റവും പെരുകി.(ഉല്‍പ്പത്തി7:16,17)ആഴിയുടെ ഉറവുകള്‍ ഒക്കെയും പിളര്‍ന്നു. ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. നാല്‍പ്പതു രാവും നാല്‍പ്പതു പകലും ഭൂമിയില്‍ മഴ പെയ്‌തു(ഉല്‍പ്പത്തി7:12) പര്‍വ്വതങ്ങള്‍ മൂടുവാന്‍ തക്കവണ്ണം വെള്ളം പതിനഞ്ച്‌ മുഴം അവയ്‌ക്ക്‌ മീതെ പൊങ്ങി. പറവകളും, കന്നുകാലികളും, കാട്ടുമൃഗങ്ങളും, നിലത്ത്‌ ഇഴയുന്ന എല്ലാ ഇഴജാതികളുമായി ഭൂചരജാലമൊക്കെയും സകല മനുഷ്യരും ചത്തു പോയി(ഉല്‍പ്പത്തി7:21)
വരുവാനുള്ള ന്യായവിധിയില്‍ നിന്നും രക്ഷനേടുന്നതിനായി പല നാളായി തുറന്നിട്ടിരുന്ന ഏകരക്ഷാപേടകത്തിന്റെ വാതില്‍ അങ്ങനെ ദൈവം തന്നെ അടച്ചു. പെട്ടകവാതില്‍ എപ്പോള്‍ വരെ തുറന്നിടേണം എന്നും എപ്പോള്‍ അത്‌ അടയ്‌ക്കേണം എന്നും നോഹയല്ല,ദൈവമാണ്‌ തീരുമാനിച്ചത്‌. അതെ, സ്‌നേഹിതാ നിന്റെ ഈ ലോകയാത്രയുടെ ദൈര്‍ഘ്യം തീരുമാനിക്കുന്നത്‌ നീയല്ല, സ്വര്‍ഗത്തിലെ ദൈവമാണ്‌. നിന്റെയുംഎന്റെയും ജീവിതത്തിന്റെ തിരശ്ശീല എപ്പോള്‍ എങ്ങനെ വീഴുമെന്ന്‌ നിനക്കും എനിക്കും അറിഞ്ഞുകൂടാ. എന്നാല്‍ ദൈവത്തിനറിയാം മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ അവന്റെ കൈവശമാണ്‌.. ആരു അടെയ്‌ക്കാതെവണ്ണം തുറക്കുവാനും ആരും തുറക്കാതെവണ്ണം അടയ്‌ക്കുവാനും അവനു കഴിയും(വെളിപ്പാട്‌3:7) അവന്‌ മാത്രമെ കഴിയൂ.
ആകയാല്‍ ഇരുട്ടാകുന്നതിനും നിങ്ങളുടെ കാല്‍ അന്ധകാരപര്‍വ്വതത്തില്‍ ഇടറിപ്പോകുന്നതിനും മുന്‍പെ യഹോവയ്‌ക്ക്‌ മഹത്വം കൊടുക്കുക. ഇല്ലെങ്കില്‍ നിങ്ങള്‍ പ്രകാശത്തിനു കാത്തിരിക്കെ അവന്‍ അന്ധതമസ്സും, കൂരിരുട്ടും വരുത്തും. (യിരെ13:6) കൃപാകാലം തീരും മുന്‍പെ പെട്ടകത്തില്‍ പ്രവേശിക്കുക. നാളെ,നാളെ, നീളെ, നീളെ നിനക്ക്‌ അവസരം കിട്ടുമെന്ന്‌ വിചാരിക്കരുത്‌. ഒന്നുകില്‍ നീ വിചാരിക്കാത്തപ്പോള്‍ നിന്റെ ജീവിതത്തിന്റെ തിരശ്ശീല വീഴും അല്ലെങ്കില്‍ നിത്യതയുടെ തിരശ്ശീല ഉയരും പിന്നീട്‌ നിലവിളിച്ചാല്‍ രക്ഷയില്ല.
ദൈവം എന്തുകൊണ്ട്‌ നോഹയുടെ കൈവശം പെട്ടകവാതിലിന്റെ താക്കോല്‍ ഏല്‍പ്പിച്ചില്ല. എന്നു ഞാന്‍ ചിന്തിക്കാറുണ്ട്‌. അതിന്റെ കാരണം പറയാം. ന്യായവിധിയുടെ വെള്ളംപൊങ്ങിക്കൊണ്ടിരുന്നപ്പോള്‍ പലരും ഓടിയെത്തി പെട്ടകവാതിലില്‍ മുട്ടുവാന്‍തുടങ്ങിക്കാണും. പെട്ടകം പണിത ആശാരിയും നോഹയുടെ ബന്ധുക്കളും ഒക്കെ വെള്ളം കുടിച്ച്‌ വയറ്‌ വീര്‍ത്തപ്പോള്‍ നീന്തി എത്തി പെട്ടകവാതില്‍ക്കല്‍ വച്ച്‌ നിലവിളിച്ചുകാണും.നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാപെത്ത്‌ എന്നിവരുടെ ഭാര്യമാരുടെ അപ്പന്മാരും അനുജത്തിമാരും ചേട്ടന്മാരും ഒക്കെ ചത്ത്‌ പൊങ്ങിയവരുടെ കൂട്ടത്തിലുണ്ട്‌. നേരത്തെ നോഹ പ്രസംഗിച്ചപ്പോള്‍ അവരൊക്കെ കളിയാക്കിയവരാണ്‌. ഇത്ര പെട്ടെന്ന്‌ ഇങ്ങനെ ജലപ്രളയം വരുമെന്നവര്‍ കരുതിയില്ല.(അഥവാ വന്നാലും മക്കള്‍ പെട്ടകത്തിന്‌ അകത്തുള്ളതുകൊണ്ട്‌ രക്ഷപ്പെടാം എന്നവര്‍ കരുതിക്കാണും) പെട്ടകത്തിന്റെ താക്കോല്‍ നോഹയുടെ കൈയ്യില്‍ ഉണ്ടായിരുന്നുവെങ്കില്‍ , നോഹയുടെ മരുമക്കള്‍ അവരുടെ അപ്പനും അമ്മയും മുങ്ങിച്ചാകുന്നത്‌ കാണുമ്പോള്‍ നോഹയ്‌ക്ക്‌ സൈ്വര്യതകൊടുക്കുമെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? അപ്പച്ചാ ഒന്നു തുറക്കൂ എന്റെ അച്ചാച്ചനെയെങ്കിലും ഒന്നു കയറ്റൂ….എന്ന്‌ പറഞ്ഞ്‌ ആ പെണ്‍പിള്ളാര്‍ ബഹളം വച്ചേനെനോഹയുടെ സൈ്വര്യം കെടുത്തിയേനെ അങ്ങനെ തുറന്നാല്‍ ഈ പെട്ടകത്തില്‍ വെള്ളം കയറും, പെട്ടകം മുങ്ങും, മുകളിലോട്ട്‌ പൊങ്ങല്‍ നടക്കില്ല എന്നു സാരം.ദൈവീക ന്യായവിധി പെയ്‌തിറങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിനഭിമുഖമായി ദൈവസഭ വാതില്‍ തുറക്കരുത്‌.തുറന്നാല്‍ ലോകം നിന്നിലേക്ക്‌ ഇരച്ചു കയറുകയും നിന്റെ ജീവിത നൗക മുങ്ങിപ്പോവുകയും ചെയ്യും.
ഇവിടെ പല കാര്യങ്ങള്‍ നാം ഗ്രഹിക്കേണ്ടതുണ്ട്‌. അതിപ്രധാന കാര്യം ഭക്തനായ മിസ്റ്റര്‍ ലോത്തിന്റെ കെയര്‍ഓഫില്‍ അഭക്തയായ മിസ്സിസ്‌ ലോത്തിന്‌ രക്ഷ കിട്ടുമെന്ന്‌ കരുതരുത്‌. ഗുണപ്പെട്ട നോഹയുടെ മരുമക്കളുടെ കെയര്‍ഓഫില്‍ അപ്പനമ്മമാര്‍ക്ക്‌ രക്ഷയില്ല. ന്യായവിധിനാളിലും കര്‍ത്താവിന്‍രെ വരവിലും ഇങ്ങനെ ആര്‍ക്കെങ്കിലും പ്രത്യേക പരിഗണനകള്‍ ലഭിക്കുമെന്ന്‌ ആരും കരുതരുത്‌. വ്യക്തിപരമായി കര്‍ത്താവുമായി ബന്ധം പുലര്‍ത്താത്ത ഏവരും തള്ളപ്പെടും തീര്‍ച്ച.
ലഭിച്ച അവസരങ്ങള്‍ വൃഥാവിലാക്കിയിട്ട്‌ രക്ഷപ്പെടുവാന്‍ വീണ്ടും ഒരു സന്ദര്‍ഭം ലഭിക്കുമെന്ന്‌ നിങ്ങള്‍ ചിന്തിക്കരുത്‌. ഈ ജേഷ്‌ഠാവകാശം എന്തിന്‌? എന്ന്‌ പറഞ്ഞ്‌ ഒരു കപ്പ്‌ പായസത്തിന്‌ വേണ്ടി ജേഷ്‌ഠാവകാശത്തെ അലക്ഷ്യമാക്കി കളഞ്ഞ ഏശാവ്‌ പിന്നത്തേതില്‍ അനുഗ്രഹം ലഭിക്കാന്‍ ആഗ്രഹിച്ച്‌ കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു, മാനസാന്തരത്തിന്‌ ഇടകണ്ടില്ല എന്നു നിങ്ങള്‍ അറിയുന്നുണ്ടല്ലോ. താല്‍ക്കാലിക തൃപ്‌തി സുഖമെന്ന്‌ കണ്ട്‌ നിത്യജീവനെയും നിത്യസ്വര്‍ഗ്ഗത്തെയും ഒക്കെ തൃണവല്‍ഗണിക്കുന്നവര്‍ ഏശാവിനെപ്പോലെ ഒടുവില്‍ ദു:ഖിക്കേണ്ടി വരും. സ്‌നേഹിതാ, താല്‍ക്കാലികമായതില്‍ ആശവച്ച്‌ നീ നിന്റെ നിത്യത കളയരുത്‌. സ്ഥാനമാനങ്ങള്‍, മണ്ണിന്‍മഹിമകള്‍, ധനം,അധികാരം, ജഡീകഇച്ഛാനിവര്‍ത്തികള്‍ ഇവയ്‌ക്കുള്ള പരക്കം പാച്ചിലില്‍ നീ നിന്റെ ദൈവത്തെ മറക്കരുത്‌. ന്യായവിധി വരുന്നുണ്ടെന്ന്‌ മറക്കരുത്‌. നിത്യതയെയും ന്യായവിധിയെയും ഒന്നും നിസ്സാരമായി കാണരുത്‌. ഈ കാണുന്നത്‌ എല്ലാം താല്‍ക്കാലികം കാണാത്തതോ നിത്യം.
പലരും വിചാരിക്കുന്നത്‌ ഇപ്പോള്‍ എങ്ങനെ ജീവിച്ചാലും പിന്നീട്‌ ക്രമപ്പെടുവാന്‍ ഒരു ചാന്‍സ്‌ കിട്ടും എന്നാണ്‌. ഇല്ല..സ്‌നേഹിതാ, ഇല്ല ഈ ലോകജീവിതശേഷം, അല്ലെങ്കില്‍ കാഹളധ്വനിയ്‌ക്ക്‌ ശേഷം കര്‍തൃകല്‍പ്പന അനുസരിക്കുവാന്‍ നിനക്ക്‌ ഒരു അവസരം കിട്ടുമെന്ന്‌ നീ കരുതരുത്‌. ബുദ്ധികെട്ടകന്യകമാരുടെ ഉപമയിലൂടെയും ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെയും അത്‌ അസാദ്ധ്യമെന്ന്‌ കര്‍ത്താവ്‌ വ്യക്തമായി പഠിപ്പിച്ചു. മണവാളന്‍ വന്നു ഒരുങ്ങിയിരുന്നവര്‍ അവനോട്‌ കൂടെ കല്യാണ സദ്യയ്‌ക്ക്‌ ചെന്നു. ഒരുങ്ങാത്തവര്‍ കര്‍ത്താവെ, വാതില്‍ ഞങ്ങള്‍ക്കും തുറക്കേണമെ എന്ന്‌ പറഞ്ഞു. അതിന്‌ അവന്‍: ഞാന്‍ നിങ്ങളെ അറിയുന്നില്ല. എന്നുസത്യമായിട്ടും നിങ്ങളോട്‌ പറയുന്നു എന്ന്‌ പറഞ്ഞു. ആകയാല്‍ നാളും നാഴികയും അറിയാത്തതുകൊണ്ട്‌ ഉണര്‍ന്നിരിപ്പിന്‍(മത്തായി25:11-13)
മരണത്താല്‍ യഥാസ്ഥാനത്തെത്തിയ ധനവാന്‍ അവിടെനിന്നും രക്ഷപ്പെടുവാന്‍ ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തുന്നതായികാണാം. അവന്‍ അബ്രഹാം പിതാവിനെ വിളിക്കുന്നു. ലാസറിനെ അവന്റെ അടുക്കലേക്ക്‌ അയക്കുവാന്‍ ആവശ്യപ്പെടുന്നു അതും ഒക്കുന്നില്ലെങ്കില്‍ അവനെ തന്റെ സഹോദരന്മാരുടെ അരികിലേക്ക്‌ അയക്കുവാന്‍ ആവശ്യപ്പെടുന്നു. പക്ഷേ അവന്റെ സകല അഭ്യര്‍ത്ഥനകളും നിഷ്‌കരുണം തള്ളപ്പെടുന്നു. ഈ ലോകജീവിത്തതില്‍ ദൈവം നല്‍കിയ അവസരങ്ങള്‍ പാഴാക്കി യാതനാസ്ഥലത്ത്‌ എത്തിയ ഒരു വ്യക്തിയെ സഹായിപ്പാന്‍ അബ്രഹാം പിതാവിനെ കൊണ്ടും ഔസേപ്പ്‌ പിതാവിനെക്കൊണ്ടും മറ്റൊരു പിതാവിനെക്കൊണ്ടും സാധിക്കില്ല എന്നതാണ്‌ ഇതിന്റെ സാരം കാരണം മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ യേശുവിന്റെ കൈയ്യില്‍ മാത്രമാണ്‌. ആകയാല്‍ ദൈവസഭ ഈ ഭൂമിയില്‍ നിന്നും എടുത്തുകൊള്ളപ്പെടും മുമ്പ്‌, കൃപായുഗത്തിന്‌ തിരശ്ശീല വീഴും മുന്‍പ്‌ നിങ്ങളുടെ പ്രാണനെ തമ്പുരാന്‍ തിരികെ ചോദിക്കും മുമ്പ്‌ ദൈവീക ന്യായവിധി ഈ ഭൂമിയില്‍ വീഴും മുമ്പ്‌ ദൈവ കല്‍പ്പന അനുസരിക്കുക. പാപവഴികളോട്‌ യാത്രപറയുക, വിശുദ്ധ ജീവിതം നയിക്കുക.
പാസ്റ്റര്‍ ബി മോനച്ചന്‍
കായംകുളം

Trending

Exit mobile version