Lifestyle

സദ്വര്‍ത്തമാനം ലോകത്തെ അറിയിക്കുക

Published

on

യേശുക്രിസ്‌തുവിന്റെ അന്ത്യകല്‍പ്പനയാണ്‌ സുവിശേഷം അറിയിക്കുക എന്നുള്ളത്‌. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട്‌ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോട്‌ കല്‍പ്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചും കൊണ്ട്‌ സകല ജാതികളെയും ശിഷ്യരാക്കിക്കൊള്ളുവിന്‍(മത്താ28:19,20)എന്നാല്‍ പരിശുദ്ധാത്മാവ്‌ നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ട്‌ യെരുശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും എന്ന്‌ പറഞ്ഞു.(അപ്പോ:1:8) നമ്മുടെ ഗുരുവും നാഥനുമായ കര്‍ത്താവിന്റെ അന്ത്യകല്‍പ്പന ലോകം എങ്ങും അറിയിക്കുവാന്‍ നാം കടപ്പെട്ടവരാണ്‌. ദൈവം അന്ത്യമായി കല്‍പ്പിച്ച ഈ വിലയേറിയ ദൗത്യം നമ്മോടുള്ള വ്യക്തിപരമായ കല്‍പ്പനയാണ്‌. അത്‌ നാം ഏറ്റെടുത്തേ മതിയാകൂ. ക്രിസ്‌തുവിന്‌ പകരം സ്ഥാനാപതികളായി നമ്മെ ഈ തലമുറയില്‍ ദൈവം ആക്കി വച്ചിരിക്കുന്നു. ദൂതന്മാര്‍ക്ക്‌ പോലും കൊടുക്കാത്ത ഈ ഭാഗ്യ പദവി ദൈവം നമുക്കു നല്‍കിയിരിക്കുന്നു.
നാം വസിക്കുന്ന ഭവനത്തിന്റെ സമീപം വൈദ്യുതി കമ്പി പൊട്ടിക്കിടന്നാല്‍ ഉത്തവാദിത്വപ്പെട്ടവരെ അറിയിച്ചിരിക്കണം. ഇല്ലായെങ്കില്‍ ആരെങ്കിലും അതില്‍ തൊട്ട്‌ മരിച്ചാല്‍ നമ്മള്‍ക്ക്‌ നേരെ കുറ്റം വരും. താമസ്സിക്കുന്തോറും അനേകര്‍ കൊല്ലപ്പെടുവാന്‍ സാധ്യതയുണ്ട്‌. നമ്മള്‍ക്ക്‌ ചുറ്റും ആയിരങ്ങള്‍ ആത്മഹത്യയിലേക്കും നരകത്തീയിലേക്കും ഒഴുകുമ്പോള്‍ സാക്ഷാല്‍ ജീവനായവനെ കാണിച്ച്‌ കൊടുത്ത്‌ നിത്യമരണത്തില്‍ നിന്നും ജീവിതങ്ങളെ രക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമ്മള്‍ക്കാണ്‌. അല്ലെങ്കില്‍ സ്വര്‍ഗ്ഗീയ കോടതി കൃത്യവിലോപത്തിന്‌ നമ്മെ അറസ്റ്റ്‌ ചെയ്‌തിരിക്കും.
ഭാരതം കൊയ്‌ത്തിനായി വിളഞ്ഞിരിക്കുന്നു. ഫലം പഴുത്ത്‌ അടര്‍ന്നു വിഴുന്നതിന്‌ മുമ്പേ അത്‌ കൊയ്‌ത്ത്‌ എടുക്കേണ്ടതാണ്‌. അല്ലെങ്കില്‍ എല്ലേക്കും നഷ്‌ടപ്പെടുവാന്‍ ഇടയായിത്തീരും. കൊയ്‌ത്തിന്റെ വലിയ യജമാനന്‍ വലിയ ഫലശേഖരത്തിനായി നമ്മെ പതിനൊന്നാം മണിക്കും വിളിച്ച്‌ ആക്കിയിരിക്കുകയാണ്‌. ആ ഗൗരവമേറിയ ഉത്തരവാദിത്വം നാം മറന്ന്‌ പ്രവര്‍ത്തിച്ചുകൂടാ. ഇന്ത്യയിലെ തൊണ്ണൂറ്റി ഏഴ്‌ ശതമാനത്തിലധികം ജനങ്ങളും സമാധാനത്തിനായി കേഴുകയാണ്‌. അംബരചുംബികളായ ആരാധനാലയത്തിലൂടെയും മൂര്‍ത്തീപൂജയിലൂടെയും നേര്‍ക്കാഴ്‌ചാ ശക്തിയിലൂടെയും അവര്‍ ഈശ്വരസാന്നിധ്യം അറിയുവാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥ സമാധാനം, നിത്യശാന്തി, പാപക്ഷമ ഇവ യേശുക്രിസ്‌തുവില്‍ കൂടി മാത്രം എന്ന്‌ ഉറക്കെപ്പറയുവാന്‍ നമ്മെ ദൈവം ആക്കിവച്ചിരിക്കുന്നു എന്ന്‌ അറിഞ്ഞിരിക്കേണം.
ഒരുവന്‍ സത്യവചനം കേട്ടിട്ട്‌, താന്‍ സാക്ഷിയായി കാണുകയോ അറിയുകയോ ചെയ്‌തത്‌ അറിയിക്കാതെ അങ്ങനെ പാപം ചെയ്‌താല്‍ അവന്‍ തന്റെ കുറ്റം വഹിക്കണം(ലേവ്യ5:1) ലേവ്യപുസ്‌തകത്തില്‍ മോശയില്‍ കൂടി ദൈവം യിസ്രായേല്‍ മക്കള്‍ക്ക്‌ കൊടുക്കുന്ന പ്രമാണങ്ങളില്‍ വളരെ ഗൗരവമുള്ള ആജ്ഞയാണ്‌ ഇത്‌. താന്‍ കാണുകയും അറിയുകയും ചെയ്‌തത്‌ അറിയിക്കാതിരിക്കുന്നത്‌ വളരെ ഗൗരവമേറിയ കൃത്യവിലോപമാണ്‌. അപ്പോസ്‌തലന്മാര്‍ പറയുന്നു ഞങ്ങള്‍ അവന്റെ മഹിമ കണ്ട സാക്ഷികള്‍, ഞങ്ങള്‍ കണ്ണാല്‍ കണ്ടതും നേരിട്ട്‌ കേട്ടതും പ്രസ്‌താവിക്കാതിരിപ്പാന്‍ കഴിയുന്നതല്ല. നേരിട്ട്‌ കാണുകയും കേള്‍ക്കുകയും ചെയ്‌ത കാര്യം പറയാതെ മൗനമായിരുന്നാല്‍ ലോക കോടതിയില്‍ നാം പ്രതിഭാഗം ചേരുകയാണ്‌. അഥവാ അധര്‍മ്മത്തിന്‌ കുട്ട്‌ നില്‍ക്കുകയാണ്‌. നാം അറിഞ്ഞ സുവിശേഷ സത്യം പറയാതെ മൗനമായിരുന്നാല്‍ സാത്താന്റെ ചേരിയിലേക്ക്‌ നീങ്ങി ക്രിസ്‌തുവിനെ ക്രൂശിച്ചതിനു സമാനമായി മാറുകയാണ്‌. അറിഞ്ഞ സത്യം മറ്റുള്ളവരോട്‌ പറയാതെ ഇരുന്നാല്‍ അവന്‍ പാപം ചെയ്യുകയാണെന്നും അവനുവേണ്ടി അകൃത്യയാഗം കഴിക്കുകയും വേണം എന്ന്‌ പഴയനിയമത്തില്‍ കര്‍ശനമുണ്ടെങ്കില്‍ പുതിയനിയമത്തില്‍ എത്ര അധികം നാം അറിഞ്ഞു , നാം രക്ഷപെട്ടു എന്ന്‌ കരുതിസമാധാനത്തോടെ വസിക്കുകയാണ്‌ നമ്മള്‍. എന്നാല്‍ ഈ സത്യം നാം പറഞ്ഞേമതിയാകുകയുള്ളൂ. കാരണം നിര്‍ബന്ധം എന്റെ മേല്‍ കിടക്കുന്നു.
ശമര്യയില്‍ ക്ഷാമം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ഇരുപത്തിനാലുമണിക്കൂറിനകം ക്ഷാമം തീരും എന്നും കോതമ്പും യവവും എല്ലാം ന്യായവിലയ്‌ക്ക്‌ വില്‍ക്കപ്പെടും എന്ന്‌ ഏലീശാ പ്രവചിച്ചു. രഥങ്ങളും കുതിരകളും അടങ്ങിയ മഹാസൈന്യത്തിന്റെ വലിയ ശബ്‌ദം അരാംസൈന്യം കേട്ടതിനാല്‍പ്രാണരക്ഷാര്‍ത്ഥം അവര്‍ പലായനം ചെയ്‌തു. വിശപ്പുകൊണ്ട്‌ മരിക്കാറായ കുഷ്‌ഠരോഗികള്‍ പാളയത്തില്‍ ഒരു ഭാഗ്യപരീക്ഷണം എന്ന നിലയില്‍ കടന്ന്‌ അത്ഭുതകരമായി അവര്‍ ഭക്ഷിക്കുകയും വിലയേറിയ സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്‌തു.
പിന്നെ അവര്‍ തമ്മില്‍ തമ്മില്‍ നാം ചെയ്യുന്നത്‌ ശരിയല്ല, ഇന്ന്‌ സദ്വര്‍ത്തമാനദിവസമല്ലോ, നാമോ മിണ്ടാതിരിക്കുന്നു, നേരം പുലരും വരെ നാം താമസിച്ചാല്‍ നമ്മള്‍ക്ക്‌ കുറ്റം വരും, ആകയാല്‍ നാം ചെന്ന്‌ രാജധാനിയില്‍ അറിവ്‌ കൊടുക്കുക എന്നു പറഞ്ഞു(2രാജാ7:9) അവര്‍പറഞ്ഞതിനാല്‍ ജനങ്ങളുടെ നാളുകളായുള്ള വിശപ്പിനും ദാഹത്തിനും ശമനം വന്നു. കുഷ്‌ഠരോഗികള്‍ ആയിട്ടു പോലും അവര്‍ അറിഞ്ഞ സത്യം അറിയിക്കേണ്ട സ്ഥാനത്ത്‌ അറിയിക്കുവാന്‍ മടികാണിച്ചില്ല.. ഞങ്ങള്‍ മാത്രം രക്ഷപെട്ടു എന്ന്‌ അവര്‍ കരുതിയില്ല. ക്രിസ്‌തുവിലുള്ള സൗജന്യമായ രക്ഷയെക്കുറിച്ചുള്ള സദ്വര്‍ത്തമാനം ലോകത്തെ അറിയിക്കേണ്ട ചുമതല ഓരോ വിശ്വാസിയെയും ദൈവം ചുമതലപ്പെടുത്തിയിരിക്കുന്നു. രാത്രി കഴിവാറായി, പകല്‍ ഏറ്റവും അടുത്തിരിക്കുന്നു. താമസിപ്പാന്‍ നമ്മള്‍ക്ക്‌ കഴിയുകയില്ല, കുറ്റം നമ്മുടെ മേല്‍വരും ഇപ്പോഴാകുന്നു സുപ്രസാദകാലം ഇപ്പോവാകുന്നു രക്ഷാദിവസം.

raju poovakala

Advertisement

Trending

Exit mobile version