Trending Topics

കൊതി തീര്‍ക്കുന്ന ദൈവം!.സാജു

Published

on

ആധുനിക കാലത്ത്‌ സമൃദ്ധിയുടെ പ്രവാചകന്മാര്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ ഋജുതയെപ്പറ്റി വാചാലരാകാറുണ്ട്‌.
എന്താണു നിങ്ങള്‍ ആഗ്രഹിക്കുന്നത്‌? അതു ദൈവത്തോടു പറയൂ. കാര്‍ ആണോ, ഏതു കാര്‍? മോഡല്‍? നിറം? എന്തും ചോദിച്ചോളൂ. ദൈവത്തിന്റെ ഫാക്‌ടറിയില്‍ എല്ലാം റെഡി.
ആഗ്രഹിക്കുന്നതെല്ലാം കിട്ടുന്ന അവസ്ഥ എത്ര രസകരമായിരിക്കും. അല്ലേ? അങ്ങനെയെങ്കില്‍ ദൈവത്തെ കുറെക്കൂടെ ആരാധിക്കാനോ, വേണ്ടി വന്നാല്‍ ഉപവാസമെടുക്കാനോ നമുക്കു ബുദ്ധിമുട്ടുണ്ടാവുകയില്ല.
ആഗ്രഹിക്കുന്നതൊക്കെ ദൈവം തരുമോ?
നിങ്ങള്‍ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല…(ആഗ്രഹിച്ചിട്ടും ലഭിക്കുന്നില്ല) എന്ന്‌ യാക്കോബ്‌ അപ്പോസ്‌തലന്‍ പറയുന്നുണ്ട്‌.(യാക്കോബ്‌4:2) എന്നാല്‍ സങ്കീര്‍ത്തനക്കാരന്‍ പറയുന്നത്‌ മറ്റൊന്നാണ്‌, അങ്ങനെ അവര്‍ തിന്നു തൃപ്‌തരായിത്തീര്‍ന്നു; അവര്‍ ആഗ്രഹിച്ചത്‌അവന്‍ അവര്‍ക്കു കൊടുത്തു(സങ്കീ78:29)
യിസ്രായേലിന്റെ ചരിത്രത്തില്‍ ദൈവം ചെയ്‌ത ചില കാര്യങ്ങളുടെ വിശകലനമാണ്‌ ഈ സങ്കീര്‍ത്തനം.
ദൈവം യിസ്രായേലിനെ മിസ്രയീമില്‍ നിന്നു വിടുവിച്ച്‌ മരുഭൂമിയിലൂടെ നടത്തി. അവര്‍ക്കു ദാഹിച്ചപ്പോള്‍ ദൈവം അവര്‍ക്ക്‌ പാറയെ പിളര്‍ന്ന്‌ വെള്ളം കൊടുത്തു. ഭക്ഷണത്തിനും അവര്‍ക്ക്‌ വലിയ മുട്ടില്ലായിരുന്നു എന്നു വേണം കരുതാന്‍. എന്നാല്‍ യിസ്രായേല്‍ അസംതൃപ്‌തരായ ഒരു ജനമായിരുന്നു.
അസംതൃപ്‌തി നന്ദികേടിന്റെ പ്രതിഫലനമാണ്‌. യിസ്രായേലിന്റെ ചരിത്രം മുഴുവന്‍ പഠിച്ചാല്‍ നമുക്കറിയാനാവുന്ന ഒരു കാര്യം അവര്‍ നന്ദി പ്രകാശിപ്പിക്കുന്നതില്‍ വളരെ വിമുഖരായിരുന്നു എന്നാണ്‌. ശുദ്ധരായിത്തീര്‍ന്ന പത്തു കുഷ്‌ഠരോഗികളില്‍ യിസ്രായേല്യരായ ഒമ്പതു പേരാണല്ലോ നന്ദികെട്ടവരായി പ്രവര്‍ത്തിക്കുന്നത്‌! (ലൂക്കോസ്‌17:11-19) ചെങ്കടല്‍ കടന്നെത്തിയ ജനം ചില ദിവസങ്ങള്‍ക്കുള്ളില്‍ ശൂര്‍ മരുഭൂമിയില്‍ വച്ച്‌ ദൈവത്തോടു പിറുപിറുക്കുന്നു(പുറപ്പാട്‌15:23,24) ഫറവോന്റെ സൈന്യം വേട്ടയാടിയപ്പോള്‍ അവരില്‍ നിന്നും രക്ഷിച്ച്‌ ചെങ്കടലിലെ ഉണങ്ങിയ നിലത്തിലൂടെ ദൈവം നടത്തിയ വഴികള്‍ക്ക്‌ ദൈവത്തോടു നന്ദിയുള്ളവരായിരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. മാറായിലെ മധുരവെള്ളം കുടിച്ച്‌ എലീമില്‍ നിന്ന്‌ ഈന്തപ്പഴം കഴിച്ച്‌ സീന്‍ മരുഭൂമിയിലെത്തിയതോടെ വീണ്ടും നന്ദികേടിന്റെ പ്രതിഫലനമായി അവര്‍ പിറുപിറുക്കുകയാണ്‌(പുറപ്പാട്‌16:2)
അവരുടെ മത്സരവും പിറുപിറുപ്പും പലപ്പോഴും അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത്‌ അവര്‍ മരുഭൂമിയിലായിരിക്കുമ്പോഴാണ്‌ എന്നു തോന്നുന്നു. എലീമില്‍ വെച്ച്‌ അവര്‍ പിറുപിറുക്കുന്നില്ലല്ലോ. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമായിരിക്കുമ്പോള്‍ പിറുപിറുപ്പില്ല. അല്‍പ്പം ചൂട്‌….അല്ലെങ്കില്‍ വിശപ്പ്‌ …യിസ്രായേല്‍ തനിസ്വഭാവം പുറത്തെടുക്കുകയായി. അതുവരെ ദൈവം ചെയ്‌തത്‌ എല്ലാം അവര്‍ മറന്നു. അവര്‍ നന്ദി കെട്ടവരായിത്തീരുന്നു; അവര്‍ പിറുപിറുപ്പുള്ളവരായിത്തീരുന്നു.
യിസ്രായേല്‍ മിക്കപ്പോഴും ദൈവത്തോടു പിറുപിറുക്കുന്നത്‌. അവരുടെ ആവശ്യങ്ങള്‍ ദൈവത്തോടു നിര്‍വ്വഹിക്കാത്തതിനാലല്ല, അവരുടെ ദുരാഗ്രഹങ്ങള്‍ ദൈവം നല്‍കാത്തതിനാലാണ്‌. അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി എന്നാണ്‌ സംഖ്യാപുസ്‌തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.(സംഖ്യാ11:4)
നമ്മുടെ ആവശ്യങ്ങളെ നിര്‍വ്വഹിച്ചുതരുന്നൊരു ദൈവമാണ്‌ നമുക്കുള്ളത്‌. ആവശ്യങ്ങളെ നാം സ്‌തോത്രത്തോടെ അറിയിച്ചാല്‍ മാത്രം മതി(ഫിലി4:6) നന്ദിയുള്ളവരായിരിക്കണം നാം. നമ്മുടെ ആവശ്യങ്ങളെക്കുറിച്ച്‌ വ്യക്തമായ അറിവുള്ളവനാണ്‌ നമ്മുടെ സ്വര്‍ഗസ്ഥപിതാവ്‌ (മത്തായി6:33) അവിടുന്ന്‌ നമ്മുടെ ബുദ്ധിമുട്ട്‌ ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്‌തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തു തരും (ഫിലി4:19)
ആവശ്യങ്ങളെ ദൈവത്തോടു ചോദിക്കുന്നത്‌ നല്ല കാര്യം. എന്നാല്‍ യിസ്രായേല്‍ മക്കള്‍ എന്താണു ചോദിച്ചത്‌? തങ്ങളുടെ കൊതിക്ക്‌ ഭക്ഷണം ചോദിച്ചുകൊണ്ട്‌ അവര്‍ ദൈവത്തെ പരീക്ഷിച്ചു(സങ്കീ78:18) എന്തായിരുന്നു വാസ്‌തവത്തില്‍ സംഭവിച്ചത്‌? സീന്‍ മരുഭൂമിയില്‍ വച്ച്‌ യിസ്രായേല്‍ ജനം യഹോവയോട്‌ പിറുപിറുക്കുന്ന വാക്കുകള്‍ നമുക്കു ശ്രദ്ധിക്കാം.
യിസ്രായേല്‍ മക്കളും വീണ്ടും കരഞ്ഞുകൊണ്ട്‌ ഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി ആര്‍ തരും? ഞങ്ങള്‍ മിസ്രയീമില്‍ വച്ച്‌ വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്ക, മത്തങ്ങ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങള്‍ ഓര്‍ക്കുന്നു. ഇപ്പോഴോ ഞങ്ങളുടെ പ്രാണന്‍ പൊരിഞ്ഞിരിക്കുന്നു. ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.(സംഖ്യ11:4-6).
മിസ്രയീമിലെ ഭക്ഷണത്തെപ്പറ്റി അവര്‍ മഹിമയായി സംസാരിക്കുന്നു. മന്നയെക്കാള്‍ ശ്രേഷ്‌ഠമായിരുന്നു അത്‌ എന്ന്‌ അവര്‍ പറയുന്നു. തന്നെയുമല്ല, അവര്‍ക്കത്‌ വിലകൊടുക്കാതെ കിട്ടുകയും ചെയ്‌തിരുന്നു…..
എന്നാല്‍, എന്താണ്‌ വാസ്‌തവം? യിസ്രായേല്‍ മിസ്രയീമില്‍ അടിമകളായിരുന്നു എന്നോര്‍ക്കണം. അടിമപ്പണി ചെയ്‌തതിന്‌ അവര്‍ക്കു കിട്ടിയ റേഷനാണ്‌ ഈ ഉള്ളിയും ചിറ്റുള്ളിയും വെള്ളരിക്കായും മത്തങ്ങായും!!! എല്ലുമുറിയെ പണിയെടുക്കുന്നതിനുള്ള കൂലി!!! മിസ്രയീമില്‍ ഉള്ളി സൗജ്യന്യമായിക്കിട്ടി എന്നുപറയുന്നത്‌ ജയിലില്‍ ഗോതമ്പുണ്ട ഫ്രീയായിരുന്നു എന്നു പറയുന്നതുപോലെയുള്ളൂ.
ഇപ്പോള്‍ യിസ്രായേല്‍ മക്കള്‍ക്ക്‌ ഭക്ഷണമായി ആവശ്യത്തിനു മന്നാ കിട്ടിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ക്കതു മടുത്തു. ഉള്ളിയായിരുന്നു ഭേദം എന്നവര്‍ പറയുന്നു. മന്നാ അല്ലാതെ വേറെ ഒന്നുമില്ലേ എന്നാണവരുടെ ചോദ്യം. മന്നാ അത്ര മോശമാണോ? എന്താണു മന്നാ? മന്നയെപ്പറ്റിയുള്ള വിവരണങ്ങള്‍ ശ്രദ്ധിക്കുക.
അവന്‍ മീതെ മേഘങ്ങളോട്‌ കല്‍പ്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. അവര്‍ക്കു തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗീയധാന്യം അവര്‍ക്കു കൊടുത്തു. മനുഷ്യര്‍ ശക്തന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്ക്‌ തൃപ്‌തിയാകും വണ്ണം ആഹാരം അയച്ചു(സങ്കീര്‍ത്തനം78:23,25).
ശക്തന്മാരുടെ ആഹാരം എന്നാല്‍ ദൂതന്മാരുടെ ആഹാരമാണ്‌ അത്‌ കുറച്ചൊന്നുമല്ല, മഴപോലെ വര്‍ഷിപ്പിക്കുകയായിരുന്നു തൃപ്‌തിയാകുവോളം അതു നല്‍കി. വേണ്ടുവോളം ഭക്ഷണം- ദൂതന്മാരുടെ ആഹാരം! എന്നാല്‍ മന്നാ കൊണ്ടു തൃപ്‌തരാകാന്‍ യിസ്രായേല്‍ മക്കള്‍ തയ്യാറല്ലായിരുന്നു. മന്നാ രുചിയേറിയ ഭക്ഷണവുമായിരുന്നു- എണ്ണ ചേര്‍ത്തുണ്ടാക്കിയ ദോശപോലെ! (സംഖ്യ11:8) പോഷകസമ്പുഷ്‌ടവും രുചികരവുമായ ഭക്ഷണത്തില്‍ അവര്‍ക്ക്‌ തൃപ്‌തിപ്പെടാമായിരുന്നു. എന്നാല്‍ യിസ്രായേല്‍ മക്കള്‍ അടിസ്ഥാനപരമായി അസംതൃപ്‌തരായിരുന്നു. അവര്‍ക്ക്‌ ഇറച്ചിയോട്‌ കൊതി തോന്നി(പുറപ്പാട്‌16:3).
നിലവിലുള്ള സൗകര്യങ്ങളില്‍ അസംതൃപ്‌തി തോന്നുന്നതാണ്‌ കൊതിക്കു കാരണം. അക്കാര്യത്തില്‍ യിസ്രായേല്‍ മക്കള്‍ മാത്രമല്ല, നമ്മളില്‍ മിക്കവരും തെറ്റുകാരാണ്‌. പുതിയതോരോന്നു കാണുമ്പോഴും നമ്മുടെ സൗകര്യങ്ങള്‍ ഒന്നുമല്ലെന്ന നൊമ്പരം, പിറുപിറുപ്പ്‌….! കൊതിയാണ്‌ എല്ലാത്തിനും പിന്നില്‍ .പിന്നെ, പ്രാര്‍ത്ഥനയായി- നമ്മെ കൊതിപ്പിക്കുന്ന വസ്‌തുവിന്റെ ലഭ്യതയ്‌ക്കായി!
കൊതി മിക്കപ്പോഴും എന്നല്ല, എല്ലായ്‌പ്പോഴും പിറുപിറുപ്പു തന്നെയാണ്‌ പുറത്തുകൊണ്ടു വരുന്നത്‌. ദൈവമെ,….എന്തോരു കഷ്‌ടമാണിത്‌? ഇക്കാലത്ത്‌ ഏതെങ്കിലും ഉപദേശി സൈക്കിളില്‍ നടക്കുന്നത്‌ നീ കണ്ടിട്ടുണ്ടോ? ഞാന്‍ ഇത്രയും വിശ്വസ്‌തതയോടെ നിന്നെ സേവിച്ചിട്ടും എന്താ നീയെനിക്കൊരു സ്‌കൂട്ടര്‍ തരാത്തത്‌? ദൈവമെ , തുണിയലക്കി ഞാന്‍ മടുത്തു. ഒരു വാഷിംഗ്‌ മെഷീന്‍ എനിക്കു തന്നാലെന്താ നിനക്ക്‌? ദൈവമെ, എത്രനാളായി ഞങ്ങള്‍ വാടകവീടു മാറിമാറി നടക്കുന്നു. ഒരു കരുതലുമില്ലേ നിനക്ക്‌? എന്നൊക്കെയാണ്‌ നാം പ്രാര്‍ത്ഥിക്കുന്നത്‌. കൊതിയും പിറുപിറുപ്പും ഇരട്ട സഹോദരന്മാരാണ്‌!

Adv.


ദൈവം നമ്മെ നയിക്കുന്ന സാഹചര്യങ്ങളില്‍ സംതൃപ്‌തരായിരിക്കാന്‍ കഴിയുന്നതാണ്‌ പിറുപിറുപ്പൊഴിവാക്കാനുള്ള ഏകമാര്‍ഗം. പൗലോസ്‌ പറയുന്നതു ശ്രദ്ധിക്കുക.
ഏത്‌ അവസ്ഥയിലും ഒരുപോലെ സംതൃപ്‌തരായിരിക്കാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്‌. ഒന്നുമില്ലാത്ത അവസ്ഥയില്‍ എങ്ങനെ കഴിയണമെന്ന്‌ ഞാന്‍ പഠിച്ചിട്ടുണ്ട്‌. സമൃദ്ധി എങ്ങനെ കഴിയണമെന്ന്‌ ഞാന്‍ പഠിച്ചിട്ടുണ്ട്‌. ഏതൊരു സാഹചര്യത്തിലും, എല്ലാസാഹചര്യത്തിലും സുഭിക്ഷതയെയും വിശപ്പിനെയും , സമൃദ്ധിയെയും ബുദ്ധിമുട്ടിനെയും കൈകാര്യം ചെയ്യാനുള്ള വഴി എനിക്കറിയാം(ഫിലിപ്യര്‍4:11,12) .
എല്ലാവരും അതു പഠിക്കുന്നില്ല. മിക്കവരും കൊതി നിറഞ്ഞവരായി പിറുപിറുപ്പോടെ ദൈവത്തെ നേരിടുന്നു. ദൈവം അങ്ങനെയുള്ളവരോട്‌ എങ്ങനെയായിരിക്കും ഇടപെടുക? ദൈവം അവന്‌ കൊതി തീരുവോളം കൊടുക്കുന്നു. എന്നാണ്‌ നമുക്കു കാണാന്‍ കഴിയുന്നത്‌.
യിസ്രായേല്‍ മക്കള്‍ കൊതിയോടെ ഇറച്ചിക്കായി ദൈവത്തോടു ചോദിച്ചു. ദൈവം പറയുന്നതു ശ്രദ്ധിക്കുക.
നിങ്ങള്‍ ഇറച്ചി തിന്നും; ഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി ആര്‍ തരും? മിസ്രയീമില്‍ ഞങ്ങള്‍ക്കു നന്നായിരുന്നു എന്നു നിങ്ങള്‍ പറഞ്ഞ്‌ യഹോവ കേള്‍ക്കെ കരഞ്ഞുവല്ലോ. ആകയാല്‍ യഹോവ നിങ്ങള്‍ക്ക്‌ ഇറച്ചി തരികയും നിങ്ങള്‍ തിന്നുകയും ചെയ്യും….അതു നിങ്ങളുടെ മൂക്കില്‍ കൂടെ പുറപ്പെട്ട്‌ നിങ്ങള്‍ക്ക്‌ ഓക്കാനം വരുവോളം നിങ്ങള്‍ തിന്നും.(സംഖ്യാ11:18-20)
പിറുപിറുക്കുന്നവന്‌ ദൈവം അവന്‍ കൊതിക്കുന്നതു നല്‍കും. എന്നാല്‍ അത്‌ അഭികാമ്യമായ കാര്യമാണോ?
പലരും തങ്ങള്‍ ചോദിച്ചതെല്ലാം ദൈവം നല്‍കി എന്നു വീമ്പിളക്കുമ്പോള്‍ എനിക്ക്‌ പേടിയാണ്‌ തോന്നാറ്‌. കാരണം, ദൈവം ഒരാളുടെ കൊതി മുഴുവന്‍ തീര്‍ത്തുകൊടുക്കുന്നുവെങ്കില്‍, അയാളെ ദൈവം കൈവിട്ടുവെന്നാണ്‌ എന്റെ ചിന്ത. പലപ്പോഴും വധിക്കപ്പെടുന്നവനു ലഭിക്കുന്ന കൊലച്ചോറു പോലെയാണ്‌ അവന്‍ കൊതിച്ചത്‌ അവനു കിട്ടുന്നത്‌.
മരുഭൂമിയില്‍ വെച്ച്‌ അവര്‍ ഏറ്റവും മോഹിച്ചു; നിര്‍ജ്ജനപ്രദേശത്ത്‌ അവര്‍ ദൈവത്തെ പരീക്ഷിച്ചു.
അവന്‍ അപേക്ഷിച്ചത്‌ അവന്‍ അവര്‍ക്കു കൊടുത്തു; എങ്കിലും അവരുടെ പ്രാണനു ക്ഷയം അയച്ചു….(സങ്കീ106:14,15)
യിസ്രായേല്‍ മക്കള്‍ക്ക്‌ ഇറച്ചി കിട്ടി…..കര്‍ത്താവു പറഞ്ഞതു പോലെ, അവര്‍ ഇറച്ചി മൂക്കറ്റം തിന്നു. എന്നാല്‍ ഇറച്ചി അവരുടെ പല്ലിനിടയില്‍ ഇരിക്കുമ്പോള്‍ തന്നെ, അതു ചവച്ചിറക്കും മുമ്പുതന്നെ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു; യഹോവ ജനത്തെ ഒരു മഹാബാധ കൊണ്ട്‌ സംഹരിച്ചു.(സംഖ്യാ11:31-34)
കൊതിവരുത്തുന്ന വിന എത്ര ഭീകരം! ഞാന്‍ കൊതിച്ചതെല്ലാം ദൈവം എനിക്കു നല്‍കി എന്നു വീമ്പിളക്കുന്നതിനെക്കാള്‍ നല്ലത്‌, കൊതി വിനയാകും മുമ്പ്‌ അതിന്റെ വഴി തിരിച്ചറിഞ്ഞ്‌ അവയെ ഉപേക്ഷിക്കുന്നതല്ലെ?
എല്ലാം ആരംഭിക്കുന്നത്‌ അസംതൃപ്‌തിയില്‍ നിന്നാണ്‌. ദൈവം നല്‍കുന്ന സാഹചര്യങ്ങളില്‍ സംതൃപ്‌തനല്ലാത്തവന്‍ ദൈവത്തോടു നന്ദിയില്ലാത്തവനാണ്‌. അവന്‍ കൂടുതല്‍ കൊതിക്കുന്നത്‌ ദുരാഗ്രഹം കൊണ്ടാണ്‌. കൊതിയും പിറുപിറുപ്പും ഇരട്ട സഹോദരങ്ങളായതിനാല്‍ കൊതിക്കു പുറകെ പിറുപിറുപ്പുണ്ടാവാതെ വരില്ല. പിറുപിറുക്കുന്നവന്റെ കൊതി ദൈവം തീര്‍ത്തു തന്നേക്കാം. എന്നാല്‍ അതിനു പിന്നാലെ വരുന്നത്‌ പ്രാണന്റെ ക്ഷയമാണ്‌.

സാജു

Trending

Exit mobile version