Breaking
പാസ്റ്റർ സാം ജോർജ്ജിന്റെ തുറന്ന കത്ത്. വിശ്വാസ സമൂഹം ചില യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുക
ഒരു തുറന്ന കത്ത്.
ചില യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുക.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ എല്ലാ ദൈവദാസന്മാർക്കും ദൈവജനങ്ങൾക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ ബോഡി, ഭരണപരിഷ്കരണം ജനറൽ തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടു ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകളും ആശയക്കുഴപ്പങ്ങളും സംബന്ധിച്ച് സഭയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ദൈവദാസന്മാരും വിശ്വാസി സമൂഹവും അറിഞ്ഞിരിക്കേണ്ടുന്ന ചില യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നതിനാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ടേമുകളിലായി ജോ. സെക്രട്ടറി, ആക്ടിംഗ് സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ദൈവം എന്നെ ഭരമേൽപ്പിച്ച ദൗത്യം വിശ്വസ്തമായും ഭംഗിയായും നിർവഹിക്കുവാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ ജനറൽ പ്രസിഡന്റ് വത്സൻ എബ്രഹാം ഈയിടെ തന്റെ ഫേസ്ബുക്കിലൂടെ എനിക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിൽ ഈ കാര്യങ്ങൾ തുറന്നു പറയുവാൻ ഞാൻ നിർബന്ധിതനാവുകയാണ്.
പരിഷ്കരിച്ച ഭരണഘടന ഏലൂരിൽ രജിസ്റ്റർ ചെയ്യുന്നതിന് ഞാനാണ് എതിര് നിൽക്കുന്നത് എന്നും അതുവഴി സെന്റർ/ ലോക്കൽ ശുശ്രൂഷകന്മാരുടെ ശുശ്രൂഷ കാലാവധി ദീർഘിപ്പിക്കുന്ന തീരുമാനത്തിന് എതിരായി ഞാൻ നിലകൊള്ളുന്നു എന്നുമാണ് ഒരു പ്രചാരണം.
യാഥാർത്ഥ്യം ഇതാണ് : 2002ലെ ഭരണഘടന പരിഷ്കാരത്തിനുശേഷം കാലോചിതമായ മാറ്റങ്ങൾ ഭരണഘടനയിൽ വരുത്തുവാനായി രണ്ടു തവണ പരിഷ്കരണ കമ്മറ്റികളെ നിയമിച്ചിരുന്നു. രണ്ടു കമ്മിറ്റികളും സെന്റർ ശുശ്രൂഷകന്മാരുടെയും ലോക്കൽ പാസ്റ്റർമാരുടെയും ശുശ്രൂഷകാലം സംബന്ധിച്ച് ഭേദഗതി നിർദ്ദേശിച്ചിരുന്നു. ഈ ജനറൽ കൗൺസിൽ കാലഘട്ടത്തിൽ 11 പേരടങ്ങുന്ന ഒരു പരിഷ്കരണ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജനറൽ എക്സിക്യൂട്ടീവിനെ കൂടാതെ കേരളത്തിൽ നിന്ന് പാസ്റ്റർ കെ.സി. ജോൺ, ബ്രദർ സജി പോൾ, അഡ്വക്കേറ്റ് ജോൺ സാമുവൽ എന്നിവരും പാസ്റ്റർ കെ.എസ്. ജോസഫ് (കർണാടക) നോയൽ സാമുവൽ (ആന്ധ്ര) പാസ്റ്റർ കെ. കോശി (നോർത്ത് ഇന്ത്യ ) പാസ്റ്റർ ജോസഫ് വില്യംസ് (വിദേശ പ്രതിനിധി) എന്നിവരായിരുന്നു സമിതിയിൽ ഉണ്ടായിരുന്നത്.
നേരത്തെ പാസ്റ്റർ ജോസഫ് വില്യം ചെയർമാനായിരുന്ന സമിതിയുടെ നിർദ്ദേശം അംഗീകരിച്ചുകൊണ്ട് സെന്റർ പാസ്റ്റേഴ്സിന് ഏഴുവർഷവും ലോക്കൽ പാസ്റ്റേഴ്സിന് നാലുവർഷവും ശുശ്രൂഷ കാലാവധി എന്ന നിർദ്ദേശം ഈ പുതിയ സമിതിയും അംഗീകരിക്കുകയായിരു ന്നു. അതനുസരിച്ചാണ് ഈ വിഷയം 2022 സെപ്റ്റംബർ 1 - ന് നടന്ന ജനറൽ ബോഡിയിൽ കൊണ്ടുവന്നതും പൊതുസഭ അംഗീകരിച്ചതും.
എന്നാൽ ജനറൽബോഡി മീറ്റിങ്ങിൽ ഭരണഘടനാ സമിതിയിൽ അവതരിപ്പിക്കാത്ത പല നിർദ്ദേശങ്ങളും അവതരിപ്പിക്കപ്പെടുകയും ജനറൽബോഡി അതിനെ ശക്തമായി എതിർക്കുകയും ചെയ്തു. അതിന് ഒരു ഉദാഹരണമാണ് ആദ്യ അമെൻഡ്മെന്റ് നിർദ്ദേശമായ മിഷൻ & വിഷൻ സ്റ്റേറ്റ്മെന്റിലെ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ ശക്തമായി എതിർത്തത്. പൊതുസഭ ഒറ്റക്കെട്ടായി സാംകുട്ടി ചാക്കോയുടെ നിർദ്ദേശത്തെ അംഗീകരിക്കുകയും മിഷൻ & വിഷൻ സ്റ്റേറ്റ്മെന്റ് ഒഴിവാക്കാൻ തീരുമാനിക്കുകയും ചെയ്തു.
പല വിഷയങ്ങളിലും ശബ്ദായമാനമായ സാഹചര്യം ഉണ്ടായെങ്കിലും ബഹുഭൂരിപക്ഷം ഭരണഘടനാ പുനസംഘടനാ നിർദേശങ്ങളും ആവശ്യമായ തിരുത്തലുകളോടെ ജനറൽബോഡി അംഗീകരിച്ചു.
ഇതിനിടെ അടുത്ത് നടക്കാൻ പോകുന്ന ജനറൽ ഇലക്ഷൻ നിലവിലുള്ള ഭരണഘടന അനുസരിച്ച് ആയിരിക്കും നടക്കുന്നതെന്ന് വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ജനറൽ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പരസ്യപ്പെടുത്തുന്നതിനും ജനറൽബോഡി സാക്ഷ്യം വഹിച്ചു.
ഭരണഘടന പരിഷ്കരണത്തിനായി കൂടിയ ജനറൽബോഡിക്ക് പുതുക്കാനുള്ള നിർദ്ദേശങ്ങൾ പ്രിന്റ് ചെയ്തു നൽകിയിരുന്നില്ല. അതിനാൽ തന്നെ ഏതൊക്കെ നിർദ്ദേശങ്ങളാണ് പാസായത് എന്തു മാറ്റമാണ് സഭ നിർദേശിച്ചത് എന്താണ് ഒഴിവാക്കിയത് എന്നൊക്കെയുള്ള കാര്യങ്ങളിൽ അവ്യക്തതയോടെയാണ് ജനറൽ ബോഡി അവസാനിച്ചത്.
തുടർന്ന് ജനറൽ ബോഡി പാസാക്കിയ നിർദ്ദേശങ്ങൾ അംഗീകരിക്കാനായി 2022 ഒക്ടോബർ 11ന് ജനറൽ കൗൺസിൽ കൂടി. കൗൺസിൽ നടക്കുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് ജനറൽ ബോഡിയിൽ പാസാക്കിയ ഭരണഘടനാ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്ന ഇ മെയിൽ സന്ദേശം പ്രസിഡന്റ് അംഗങ്ങൾക്ക് അയച്ചത്. ആ ഇമെയിൽ ഞാൻ സൂക്ഷ്മമായി വായിച്ചപ്പോൾ ഒരു കാര്യം ബോധ്യമായി, ജനറൽ ബോഡിയിൽ പറഞ്ഞതിന് വിരുദ്ധവും അവിടെ അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനറൽ കൗൺസിലിൽ എനിക്ക് ബോധ്യമായ കാര്യങ്ങൾ ഞാൻ ശക്തമായി ഉന്നയിച്ചു.
അതോടെ ജനറൽ ബോഡിയുടെ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോ പരിശോധിച്ചു ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷമേ ഭേദഗതികൾ ഏലൂരിൽ രജിസ്റ്റർ ചെയ്യാൻ അയക്കാവൂ എന്ന് തീരുമാനിച്ചു. എന്നാൽ ഞാൻ പലതവണ ആവശ്യപ്പെട്ടിട്ടും ആ വീഡിയോ നാളിതുവരെ ലഭ്യമാക്കുവാൻ പ്രസിഡന്റ് തയ്യാറായിട്ടില്ല.
എങ്കിലും ഭരണഘടനയുടെ അമന്റ്മെന്റ് രജിസ്റ്റർ ചെയ്യപ്പെടേണ്ടതാകയാൽ ഞാൻ അതിൽ ഒപ്പിട്ടു കൊടുക്കുകയായിരുന്നു. ഭരണഘടന രജിസ്റ്റർ ചെയ്യുന്നതിന് ഞാനാണ് തടസ്സം നിൽക്കുന്നതെന്ന് ആരോപിക്കുന്ന പ്രസിഡന്റ് ബോധപൂർവ്വം ഈ കാര്യം മറക്കുകയാണ്. എനിക്ക് അത് രജിസ്റ്റർ ചെയ്യപ്പെടുന്നതിന് വിരോധം ഉണ്ടായിരുന്നെങ്കിൽ അതിൽ ഒപ്പിടാതിരുന്നാൽ മതിയായിരുന്നല്ലോ.?
ഇതിനിടെ ഭരണഘടനാ അമെൻഡ്മെന്റ് പാസാക്കുന്നതിനെതിരെ ചില പരാതികൾ സഭാംഗങ്ങളിൽ ചിലർ രജിസ്ട്രാർ ഓഫീസിൽ എത്തിച്ചിരുന്നു. അതിനാൽ ഏലൂരിൽ രജിസ്ട്രേഷന് ചില തടസ്സങ്ങൾ നേരിട്ടിരുന്നു. ഇതിനിടെ കുമ്പനാട് കൺവൻഷൻ നടന്നു. കൺവൻഷൻ കഴിഞ്ഞശേഷം ജനുവരി 28ന് ജനറൽ കൗൺസിൽ നടന്നു.
എന്നാൽ ജനറൽ കൗൺസിലോ എക്സിക്യൂട്ടീവ്സോ അറിയാതെ ആന്ധ്രപ്രദേശിൽ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിനെതിരെ ജനറൽ പ്രസിഡന്റ് കേസ് കൊടുത്തു. ജനറൽ പ്രസിഡന്റ് സ്വന്ത ഇഷ്ടപ്രകാരം നടത്തുന്ന കൗൺസിലിനെ അറിയിക്കാതെയും മറച്ചുവെച്ചുമുള്ള ചെയ്തികൾ സഭയ്ക്ക് ദോഷകരമാണെന്ന് തിരിച്ചറിയുക. ഇരുപത്തിയെട്ടാം തീയതി നടന്ന കൗൺസിലിൽ പോലും മൂന്നു ദിവസം മുൻപ് താൻ ആന്ധ്ര ഗവൺമെന്റ് എതിരെ കേസ് കൊടുത്തു എന്ന വിവരം അദ്ദേഹം മറച്ചു വച്ചു.
ജനുവരി 28 ന് കൂടിയ ജനറൽ കൗൺസിൽ പ്രസിഡന്റിന്റെ സൗകര്യപ്രകാരം 2023 മെയ് 11ന് എക്സിക്യൂട്ടീവ് ഇലക്ഷൻ നടത്താൻ തീരുമാനിച്ചു. ഇലക്ഷൻ കമ്മീഷണർ, റിട്ടേണിംഗ് ഓഫീസർ, ഒബ്സർവർ എന്നിവരെ നിയമിച്ചു.
ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇലക്ഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഒരു ദേശീയ പത്രത്തിൽ 60 ദിവസം മുൻപ് പ്രസിദ്ധീകരിച്ചിരിക്കണം എന്ന നിയമ പ്രകാരം “Indian Express” എന്ന പത്രത്തിൽ ഞാൻ പരസ്യം നൽകി. കൗൺസിൽ തീരുമാനം അനുസരിച്ചാണ് ഇലക്ഷൻ പ്രഖ്യാപനം ഞാൻ പ്രസിദ്ധീകരിച്ചത്. എന്റെ ഉത്തരവാദിത്വമാണ് ഞാൻ നിർവഹിച്ചത്. അതിൽ ഏതു ഭരണഘടന അനുസരിച്ചാണ് ഇലക്ഷൻ എന്നു പോലും പറഞ്ഞിട്ടില്ല. സെക്രട്ടറി അല്ലല്ലോ ഏതു ഭരണഘടന വേണമെന്ന് തീരുമാനിക്കേണ്ടത്.
കാര്യങ്ങളുടെ യാഥാർത്ഥ്യം ഇങ്ങനെയായിരിക്കെ ഇപ്പോൾ ജനറൽ പ്രസിഡന്റ് തന്റെ ഫേസ്ബുക്കിൽ എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നു.
സോഷ്യൽ മീഡിയയിലൂടെ സഭാ നേതൃത്വത്തെ അപമാനിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് കത്തിറക്കിയിട്ടുള്ള ജനറൽ പ്രസിഡന്റ് തന്നെ തന്റെ സഹപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതും അപമാനിക്കുന്നതും ദുഃഖകരമാണ്.
ഒരു സാങ്കേതിക പ്രശ്നം കൂടെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിർത്തട്ടെ,
ഇലക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു സെക്രട്ടറി ഔദ്യോഗികമായി പരസ്യപ്പെടുത്തിയ കത്തിനെ റദ്ദ് ചെയ്യാനോ വേറെ കത്തിറക്കാനോ ഒന്നും പ്രസിഡന്റിന് നിയമപരമായ അവകാശമില്ല എന്നതും ഓർക്കുക.
പ്രിയപ്പെട്ട കൂട്ടു വേലക്കാരെ, ഐപിസിയെ സ്നേഹിക്കുന്ന വിശ്വാസി സമൂഹമേ, ഇത്തരം നടപടികൾ സഭയുടെ സുഗമമായ മുന്നോട്ടു പോക്കിന് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിങ്ങൾ യാഥാർത്ഥ്യം മനസ്സിലാക്കുക സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക.
ഭക്തന്മാരായ ദൈവദാസന്മാരും പതിനായിരക്കണക്കിന് വിശ്വാസികളും കണ്ണീരോടെ, പ്രാർത്ഥനയോടെ കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങൾ തിരിച്ചറിയുക.
ക്രിസ്തുവിൽ നിങ്ങളുടെ,
പാസ്റ്റർ സാം ജോർജ്
ജനറൽ സെക്രട്ടറി
ഐപിസി, കുമ്പനാട്
(07-02-2023)
Breaking
ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച
തിരുവല്ല:ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. *’ഉത്തരാധുനിക സമൂഹത്തിൽ പെന്തെക്കോസ്ത് ആത്മീയതയുടെ പ്രസക്തി’* എന്ന വിഷയത്തിൽ പാസ്റ്റർ ഫെബിൻ ബോസ് കുരുവിള,കൊച്ചി വിഷയാവതരണം നടത്തും.പാസ്റ്റർ കെ ജെ ജോബ്,വയനാട് മോഡറേറ്റർ ആയിരിക്കും. ZOOM ID:*339 2200 496*PASSCODE:*323637*
Breaking
സുവിശേഷകന് ക്രൂരമർദ്ദനം
ധന്തരി : ചത്തീസ്‌ഗഡിലെ ധന്തരി ഗ്രാമത്തിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ വർഗീസ് ചാക്കോയെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു.
കർത്തൃദാസന്റെ ചർച്ചിലെ ഒരു വിശ്വാസിയുടെ ഭവനത്തിൽ ക്ഷണ പ്രകാരം പ്രാർത്ഥിക്കുവാൻ പോയപ്പോൾ അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ നിന്നും ഒരു കൂട്ടം ജനം പോലീസിനെ വിളിച്ച് വരുത്തി കർത്തൃദാസനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും മടക്കി പറഞ്ഞു അയച്ചു. എന്നാൽ സുവിശേഷ വിരോധികൾ കർത്തൃദാസന്റെ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അഴിച്ച് വിട്ടു. കർത്തൃദാസൻ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിക്കുവാൻ അടുത്തുള്ള കടയിലേക്ക് പോകുകയും ചെയ്തു. എന്നാൽ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിച്ച ശേഷം മടങ്ങി പോകുമ്പോൾ ഏകദേശം 25 യോളം പേർ വരുന്ന ഒരു കൂട്ടം ജനം കർത്തൃദാസന്റെ കൈയിലും കാലിലും പുറത്തും തലയ്ക്കും അടിച്ച് മാരകമായി മുറിവേൽപ്പിച്ച ശേഷം അടുത്തുള്ള അമ്പലത്തിലേക്ക് എടുത്ത് കൊണ്ട് പോയി അവിടെയുള്ള വിഗ്രഹത്തിന്റെ മുൻപിൽ വച്ച് അദ്ദേഹത്തെ വീണ്ടും ഉപദ്രവിച്ചു. മർദ്ദനത്തെ തുടർന്ന് തലയിൽ നിന്നും വളരെ അധികം രക്തം വാർന്ന് പോകുന്നത് കണ്ടിട്ട് സുവിശേഷ വിരോധികൾ അവിടെ ഉപേക്ഷിച്ചിട്ട് കടന്ന് കളഞ്ഞു. എന്നാൽ അടിയും ഇടിയും കൊണ്ട് അവശനായിട്ടും കർത്തൃദാസൻ അല്പം കഴിഞ്ഞ് വീണ്ടും വാഹനം ഓടിച്ച് ഏകദേശം 70 കിലോമീറ്റർ ദൂരം ഓടിച്ച് ഒരു ഹോസ്പിറ്റലിൽ എത്തി. രാത്രി മുഴുവൻ കർത്തൃദാസന് പല പ്രാവശ്യം ചർദിൽ ഉണ്ടായി. തുടർന്ന് സി റ്റി സ്കാൻ എടുത്തെങ്കിലും തലച്ചോറിന് യാതൊരു തകരാറും സംഭവിക്കാതെ കർത്താവ് കാത്തു. എങ്കിലും ക്രൂരമായ മർദനത്തിന്റെ ഫലമായി ശരീരത്തിൽ നല്ല വേദനയും നീരുമുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും, ഇവിടെയുള്ള ദൈവവേലയും, ഈ ദേശത്തിന്റെ വിടുതലിനും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളുടെ മാനസാന്തരത്തിനായും എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ
അപേക്ഷിക്കുന്നു.എബ്രായർ 11 : 36 – 40 (വിശുദ്ധ ബൈബിൾ)വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ച വാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻ കരുതിയിരുന്നു.
വാർത്ത: അനിൽ ജോയി തോമസ്
Breaking
റെവ.എം ജെ ജോൺ പദവി ഒഴിഞ്ഞു,റെവ.സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപൽ
തിരുവല്ല:1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപൽ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച റവ.എം ജെ ജോൺ ചുമതല സ്വയം ഒഴിയുകയും റവ.സാം കെ ജേക്കബ് പുതിയ പ്രിൻസിപൽ ആയി ചുമതലയേല്ക്കുകയും ചെയ്തു.
04-07-2024 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശാരോൻ സഭാ മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കുകയും സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യസന്ദേശം നല്കുകയും ചെയ്തു.
അലൂമ്നി അസോസിയേഷനെ പ്രതിനിധീകരിച്ച് ഭാരവാഹികളായ പാസ്റ്റേഴ്സ് ജെ ജോസഫ്,സജി ഫിലിപ് തിരുവഞ്ചൂർ,വർഗീസ് ജോഷ്വാ,ജോസഫ് കുര്യൻ,ലാലു ഈപ്പൻ,കുര്യൻ മാത്യു എന്നിവരും ബ്രദർ റ്റി ഒ പൊടിക്കുഞ്ഞ് (ശാരോൻ ഓഫീസ് സെക്രട്ടറി) ബ്രദർ എം കെ കുര്യൻ,സിസ്റ്റർ സൂസൻ ജോൺ തോമസ് എന്നിവരും ആശംസകൾ അറിയിച്ചു.
സ്ഥാനമൊഴിഞ്ഞ പ്രിൻസിപൽ എം ജെ ജോൺ സാറിനും ബൈബിൾ കോളേജ് അധ്യാപികയായിരുന്ന ഭാര്യ ഗ്രേസി ജോണിനും കോളേജും അലൂമ്നി അസോസിയേഷനും സ്നേഹോപഹാരങ്ങൾ നൽകി.
പുതിയ കോളേജ് ഭാരവാഹികളെ ശാരോൻ സഭാ അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസ് പ്രഖ്യാപിച്ചു.വൈസ് പ്രിൻസിപലായി റെവ.ജേക്കബ് ജോർജ് കെ യും രജിസ്ട്രാറായി റെവ.റോഷൻ ജേക്കബും നിയമിതരായി.റെവ.എം ജെ ജോണിനെ പ്രിൻസിപൽ എമെരിറ്റസ് ആയും പ്രഖ്യാപിച്ചു.
പുതിയ പ്രിൻസപ്പൽ റവ.സാം കെ ജേക്കബ് റാന്നി കണ്ണമ്പള്ളി സ്വദേശിയാണ്. പഴയനിയമത്തിൽ സെറാമ്പൂർ സർവകലാശാലയിൽ നിന്നും M.Th കരസ്ഥമാക്കിയിട്ടുണ്ട്. പാസ്റ്റർ, എഴുത്തുകാരൻ,വേദ അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ്.മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി,കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ്,പായിപാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ശാരോൻ ഫെലോഷിപ് ചർച്ച് ഒറീസ – ചത്തിസ്ഗഡ് റീജിയൻ പ്രസിഡൻ്റായും പ്രവർത്തിക്കുന്നു.
ഭാര്യ പ്രിയാ സാം കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു.OPA സഭാ ജോയിൻറ് സെക്രട്ടറി ബ്രദർ അനു ജേക്കബ് ഇളയ സഹോദരനാണ്.
-
Breaking12 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള് രാജു സെക്രട്ടറി
-
Breaking10 months ago
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുക, അല്ലങ്കിൽ പണി കിട്ടും.
-
Breaking10 months ago
പി. വൈ. പി. എ. കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ നാളെ
-
Breaking10 months ago
ഐ പി സി കുണ്ടറ സെൻ്റർ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
-
Breaking10 months ago
ഐ.പി.സി നിലമേല് സെന്റര് 9-ാം മത് വാര്ഷിക കണ്വന്ഷന് ജനുവരിയില്
-
Breaking7 months ago
250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്
-
Breaking8 months ago
ക്രൈസ്തവ സമൂഹം ലോകത്തിൻ്റെ വെളിച്ചമാകണം: പാസ്റ്റർ ജോസ് കെ ഏബ്രഹാം
-
Breaking8 months ago
ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഇന്ന് തുടക്കം