കുറച്ച് ദിവസങ്ങളായി ഇവരുടെ വീടിന്റെ മുമ്പില്‍ പണം അടങ്ങിയ ബ്രൗണ്‍ നിറത്തിലുള്ള കവറുകള്‍ പ്രത്യക്ഷപ്പെടുന്നു. ചിലര്‍ക്ക് തപാല്‍ വഴിയും പണം കിട്ടുന്നുണ്ട്. ആരാണ് ഈ പണം കൊണ്ട് വയ്ക്കുന്നതെന്ന് ഇതുവരെയും ഈ ഗ്രാമവാസികള്‍ കണ്ടെത്തിയിട്ടില്ല.
ആവശ്യങ്ങള്‍ക്ക് പണമില്ലാതെ കഷ്ടപ്പെടുന്നവരെ കണ്ടെത്തി അവരറിയാതെ വീട്ടു പടിക്കല്‍ പണം അടങ്ങിയ കവര്‍കൊണ്ടുവന്നു വയ്ക്കുന്ന അജ്ഞാതനെ തേടുകയാണ് സ്പെയിനിലെ വില്ലാറമിയേല്‍ ഗ്രാമവാസികള്‍.
അയച്ച ആളിന്റെ പേരോ മേല്‍വിലാസമോ ഒന്നും തന്നെ വ്യക്തമല്ല. അത് കൊണ്ട് ആളെ തിരിച്ചറിയാന്‍ ഏറെ പ്രയാസമാണെന്നും മേയര്‍ പറയുന്നു. ഇതൊരു കുറ്റകൃത്യമല്ലെന്നും ഈ സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ പറ്റില്ലെന്നും മേയര്‍ നൂരിയ പറഞ്ഞു.
15 പേര്‍ക്ക് ഇതുവരെ പണം കിട്ടി കഴിഞ്ഞു. 100 യൂറോയ്ക്ക് മുകളിലാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. 800 ഓളം താമസക്കാര്‍ മാത്രമുളള ഗ്രാമത്തിലാണ് പണം എത്തുന്നത്. മേയര്‍ നൂരിയ സൈമണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. വില്ലാറമിയേലിലെ റോബിന്‍ഹുഡ് എന്നാണ് ആ അജ്ഞാതനെ സ്പാനിഷ് മാധ്യമങ്ങള്‍ വിളിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല. എന്ത് ഉദ്ദേശത്തോടെയാണ് പണം കൊണ്ട് വയ്ക്കുന്നതെന്നും മനസിലാകുന്നില്ലെന്ന് മേയര്‍ നൂരിയ സൈമണ്‍ പറയുന്നു. ഈ ഗ്രാമത്തിലുള്ളവരെ നന്നായി അറിയാമെന്നുള്ള ആളാകണം പണം കൊണ്ട് വയ്ക്കുന്നതെന്ന് സംശയിക്കുന്നതായി മേയര്‍ പറയുന്നു.
പണം ലഭിച്ച പലരും പൊലീസിനെയും ബാങ്കിനെയും ബന്ധപ്പെട്ടെങ്കിലും അയച്ചത് ആരാണെന്ന് മാത്രം കണ്ടെത്തിയിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും അന്വേഷണം നടന്നിട്ടില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. പണം ലഭിച്ച ഒരുവീട്ടിലെ കവറില്‍ ഈ വീട്ടിലെ രാജകുമാരിയ്ക്ക് വേണ്ടിയാണ് പണം അയക്കുന്നത്, സ്വീകരിക്കണമെന്നും ഹൃദയചിഹ്നം വരച്ച് എഴുതിയിട്ടുണ്ടെന്ന് മേയര്‍ പറയുന്നു.