ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് 1500 ഡോളര്‍ പ്രഖ്യാപിച്ചു.

വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ക്രൈസ്തവരെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 1,500 ഡോളര്‍ പ്രതിഫലമായി നല്‍കുമെന്ന് ഗുവാങ്സോ നഗരത്തിലെ റിലീജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്ത ചൈനയിലെ ആദ്യ നഗരമെന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഗുവാങ്സോ നഗരം. ചൈനാക്കാരല്ലാത്ത മതനേതാക്കളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ചൈനീസ് യുവാന്‍ 5,000 മുതല്‍ 10,000 വരെയാണ് വാഗ്ദാനം. വിദേശ മതസംഘടനകളെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 3,000 മുതല്‍ 5,000 ചൈനീസ്‌ യുവാനും, പ്രാദേശിക മതകൂട്ടായ്മകളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 100 മുതല്‍ 3,000 ചൈനീസ് യുവാനുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയിലെ മതങ്ങളെ കമ്മ്യൂണിസ്റ്റ് വത്കരിച്ച് സര്‍ക്കാര്‍ അനുകൂലികളാക്കി മാറ്റുവാനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടികളെ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. അംഗീകാരമില്ലാതെ രഹസ്യമായി പ്രവര്‍ത്തിച്ചു വരുന്ന ദേവാലയങ്ങളെ ഇല്ലാതാക്കുകയാണ് ഈ നടപടിയുടെ പിന്നിലെ മറ്റൊരു ലക്ഷ്യം.

Read More