പ്രതിക്ക് ബൈബിള്‍ നല്‍കി ആശ്വസിപ്പിച്ച ജഡ്ജിക്കെതിരെ നിരീശ്വരവാദ സംഘടന രംഗത്ത്

ടെക്‌സസിലെ കോടതിയില്‍ കൊലക്കേസ് പ്രതിക്ക് വിധിന്യായത്തിനുശേഷം ജഡ്ജി ബൈബിള്‍ നല്‍കി ആശ്വസിപ്പിച്ച സംഭവത്തില്‍ രാജ്യത്തെ നിരീശ്വരവാദ സംഘടനയായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ പരാതിയുമായി രംഗത്ത് വന്നു.ജഡ്ജിയുടെ നിലപാട് അധികാര പരിധി ലംഘനമാണെന്നും കാണിച്ച് ഫൗണ്ടേഷന്‍ പ്രതിനിധി ടെക്‌സസ് സ്റ്റേറ്റ് കമ്മീഷന്‍ ഓണ്‍ ജുഡീഷ്യന്‍ കോണ്ടസ്റ്റ് മുമ്പാകെ പരാതി നല്‍കി.

സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വിശ്രമിക്കയായിരുന്ന വനിതാ പോലീസ് ഓഫീസറുടെ മുറിയിലേയ്ക്ക് മുറി മാറി കടന്നുവന്നയാളെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് വെടിവെയ്ക്കുകയും അയാള്‍ കൊല്ലപ്പെടുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥയ്ക്ക് തെറ്റു പറ്റിയതാണെങ്കിലും നരഹത്യയായതിനാല്‍ 10 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. വിധി കേട്ടു കരഞ്ഞ ഉദ്യോഗസ്ഥയെ വനിതാ ജഡ്ജി കെംപ് ബൈബിള്‍ വചനങ്ങള്‍ പറഞ്ഞ് ആശ്വസിപ്പിക്കയും ബൈബിള്‍ സമ്മാനമായി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സംഭവം വാര്‍ത്താ പ്രാധാന്യം നേടിയതോടെ നിരീശ്വരവാദ സംഘടന രംഗത്ത് വരികയായിരുന്നു.

എന്നാല്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് ടെക്‌സസ് ആസ്ഥാനമാക്കി മതസ്വാതന്ത്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ടും രംഗത്ത് എത്തിയിട്ടുണ്ട്. മന:പൂര്‍വമല്ലാതെ ചെയ്തുപോയ തെറ്റിനു ശിക്ഷിക്കപ്പെട്ട് വേദനിക്കുന്ന ഒരാളെ ആശ്വസിപ്പിക്കയും ദൈവവചനത്താല്‍ ധൈര്യപ്പെടുത്തുകയും ചെയ്ത ജഡ്ജിയുടെ പ്രവര്‍ത്തിക്ക് നന്ദി പറയുന്നതായി ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ലീഗല്‍ കൗണ്‍സില്‍ പ്രതിനിധി ഹിരം നാസര്‍ പറഞ്ഞു.
പ്രതിയെ ആശ്വസിപ്പിച്ചതിലല്ല, ബൈബിള്‍ നല്‍കിയതിലാണ് തങ്ങള്‍ക്ക് പ്രതിഷേധമെന്നും, ഒരു ജഡ്ജി കുറ്റവാളികളോട് കോടതിയില്‍ വെച്ച് മതപരമായ സമീപനങ്ങള്‍ കാട്ടുന്നത് ശരിയല്ലെന്നും നിരിശ്വരവാദ സംഘടന പ്രതിനിധി റീഗന്‍ പറഞ്ഞു.

Related posts

Leave a Comment