വാട്ട്‌സ്ആപ്പ് : വോയിസ് കോളുകള്‍ക്കുള്ള നിയന്ത്രണം യു.എ.ഇ നീക്കുന്നു

 

ദുബായ്: വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പിലൂടെ ചെയ്യാവുന്ന വോയ്‌സ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ ആലോചിക്കുന്നതായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളുകള്‍ വാട്ട്‌സ്ആപ്പിലൂടെ ചെയ്യുന്നവര്‍ക്ക് സന്തോഷംപകരുന്നതാണ് ഈ വാര്‍ത്ത. മറ്റുള്ള രാജ്യങ്ങളില്‍ വാട്ട്‌സ്ആപ്പിലൂടെ വോയ്‌സ്‌കോള്‍ ചെയ്യാനുള്ള സംവിധാനം ലഭ്യമാകുമ്പോഴാണ് യു.എ.ഇയില്‍ ഇതിന് നിയന്ത്രണം വന്നത്.

വാട്ട്‌സ്ആപ്പ് കൂടാതെ സ്‌കൈപ്പ്, ടാന്‍ഗോ, ഫെയ്‌സ്‌ടൈം, വൈബര്‍ എന്നീ ആപ്പുകളിലൂടെയും വോയിസ് കോളുകള്‍ ചെയ്യാനുള്ള സംവിധാനം അതോറിറ്റി നിയന്ത്രണവിധേയമാക്കിയിരുന്നു. ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്ട്‌സ്ആപ്പ് പോലെ ലോകമാകമാനം പ്രചാരമുള്ള ആപ്ലിക്കേഷനുകളുമായുള്ള സഹകരണം മെച്ചപ്പെടുത്തി വരുന്നതായി യു.എ.ഇയിലെ ദേശീയ ഇലക്‌ട്രോണിക് സുരക്ഷാ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി കുവൈത്തി ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. വാട്ട്‌സ്ആപ്പുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വാട്ട്‌സ്ആപ്പ് കോളുകള്‍ക്കുള്ള നിയന്ത്രണം വളരെപ്പെട്ടെന്നു തന്നെ നീക്കും. അതേസമയം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് യു.എ.ഇ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. വോയ്‌സ് കോളുകള്‍ അനുവദിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷന്‍സിന്റെ സേവനദാതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയുമാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് സ്മാര്‍ട്ട് ദുബായ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ഐഷ ബിന്‍ ബുട്ടി ബിന്‍ ബിഷര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം യു.എ.ഇ ടെലികോം അതോറിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ ഭാഗമായുള്ള സ്‌കൈപ്പ് ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പിന്റെ നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച് സംസാരിച്ചിരുന്നതായി മൈക്രോസോഫ്റ്റും വ്യക്തമാക്കി.

യു.എ.ഇയില്‍ വാട്ട്‌സ്ആപ്പ് കോളുകള്‍ക്ക് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യു.എ.ഇ ലൈസന്‍സുള്ള വോയിസ് കോളുകള്‍ക്ക് അംഗീകാരമുണ്ട്. അതേസമയം വാട്ട്‌സ്ആപ്പ് വോയിസ് കോളുകള്‍ക്ക് നിയന്ത്രണം നീക്കുമെന്ന വാര്‍ത്ത വരുന്നതിനിടെ വാട്ട്‌സ്ആപ്പ് മെസേജിംഗിന് ടെലികോം അതോറിറ്റി യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല. ഏതായാലും ലോകമെമ്പാടുമുള്ള ജനതയുടെ ഇഷ്ട മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ വോയിസ് കോള്‍ നിയന്ത്രണം നീക്കുന്നുവെന്ന വാര്‍ത്തയെ യു.എ.ഇ ജനത സന്തോഷപൂര്‍വ്വമാണ് സ്വീകരിക്കുന്നത്.

Related posts

Leave a Comment