നാണയക്കിലുക്കത്തിൽ കണ്ണടയ്ക്കുന്ന നാണം കെട്ടവർ

ബിജു പി.സാമുവൽ,ബംഗാൾ
08016306857

ശമര്യാ പട്ടണത്തിൽ
ശിമോൻ എന്നൊരു മന്ത്രവാദി തന്റെ സിദ്ധി കൊണ്ട് ആളുകളെ സ്വാധീനിച്ചിരുന്നു.
താൻ മഹാനാണെന്നും തന്നിലുള്ളത്
മഹതി എന്ന
ദിവ്യശക്തി ആണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനും ആഭിചാരം കൊണ്ട് ആളുകളെ ഭ്രമിപ്പിക്കാനും തനിക്ക് കഴിഞ്ഞു.

അവിടെ ചെന്ന സുവിശേഷകനായ ഫിലിപ്പോസിന്റെ പ്രവർത്തനത്തിൽ ധാരാളം ആളുകൾ യേശുവിനെ വിശ്വസിച്ചു, സ്നാനം ഏറ്റു. കൂട്ടത്തിൽ ശിമോനും. (അപ്പൊ. പ്രവൃത്തി. 8:9-13).
എങ്കിലും ശീമോന് കാര്യമായ മാനസാന്തരം ഒന്നും വന്നിരുന്നില്ല എന്നതാണ് സത്യം. ഒരു മന്ത്ര തന്ത്രങ്ങളും ഇല്ലാതെ ഫിലിപ്പോസ് ചെയ്യുന്ന വീര്യ പ്രവർത്തികളും അടയാളങ്ങളും കണ്ടു ഭ്രമിച്ച ശീമോൻ അങ്ങനെ ഫിലിപ്പോസിന്റെ ഒപ്പം കൂടിയതാണ്.

കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പത്രോസും യോഹന്നാനും ശമര്യയിലെത്തി. അവരുടെ കൈവെപ്പിനാൽ പലർക്കും പരിശുദ്ധാത്മാവും ലഭിച്ചു.

ശീമോന്റെ മനസ്സിൽ ചെറിയൊരു ആഗ്രഹം. ഇതു പോലെ കൈ വയ്ക്കുമ്പോൾ പരിശുദ്ധാത്മാവ് മറ്റുള്ളവരിലേക്ക് പകരപ്പെടുന്നതിന്റെ രഹസ്യം കിട്ടിയിരുന്നെങ്കിൽ…
ആകെ കയ്യിലുള്ളത് കുറെ പൈസയാണ്.
അങ്ങനെ
ശീമോൻ പണവുമായി പത്രോസിന്റെ അടുത്തെത്തി, പണം വാഗ്ദാനം ചെയ്തു. ഒറ്റ ആഗ്രഹം മാത്രം. ‘ഞാൻ ഒരുത്തന്റെ മീതെ കൈ വച്ചാൽ അവന് പരിശുദ്ധാത്മാവ് ലഭിക്കാനായി ഈ അധികാരം എനിക്കും തരണം”.

പ്രത്യക്ഷത്തിൽ നിരുപദ്രവമെന്ന് തോന്നുന്ന ഒരു ആവശ്യമാണ് ശീമോൻ ഉന്നയിച്ചത്. ശുശ്രൂഷകളെപ്പറ്റിയുള്ള പരിചയം ഇല്ലായ്മ മൂലമാണ് അങ്ങനെയൊരു ആവശ്യം ഉന്നയിച്ചത് എന്ന് സമാശ്വസിപ്പിച്ച് ശീമോനെ പറഞ്ഞു വിടാൻ പത്രോസ് തയ്യാറല്ലായിരുന്നു.
മറുപടി പറഞ്ഞ പത്രോസിന്റെ വാക്കുകളിലെ മൂർച്ചയും
ഭാഷയിലെ കാർക്കശ്യവും ശ്രദ്ധയോടെ പഠിക്കേണ്ടതാണ്.
കാശു നല്കി ശുശ്രൂഷാധികാരങ്ങൾ നേടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരോടും പത്രോസ് നൽകുന്ന മറുപടി ഇങ്ങനെയാണ്‌.
നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ല, നീ ചെയ്തത് വഷളത്വമാണ്, നിന്റെ ഹൃദയത്തിലേത് ദുഷ്ട വിചാരമാണ്, നീ കൈപ്പു നിറഞ്ഞവൻ ആണ്, നീ അനീതിയാൽ ബന്ധിക്കപ്പെട്ടവനാണ്
(അപ്പൊ. പ്രവൃത്തി. 8:21-23).

ദൈവ ദാനത്തെയും നേരുള്ള ശുശ്രൂഷകന്മാരെയും വിലയ്ക്ക് വാങ്ങാൻ ആവില്ല എന്ന ശക്തമായ സന്ദേശമാണ്‌ പത്രോസ് ഇവിടെ നല്കുന്നത്.
എന്നാൽ ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് ഇന്ന് എങ്ങും നടക്കുന്നത്.

സഭാ സംബന്ധിയായ അധികാരങ്ങൾ, അവകാശങ്ങൾ , നേട്ടങ്ങൾ എന്നിവയുടെ വാങ്ങലും വിൽപ്പനയും സൈമണി (Simony) എന്ന പേരിലാണ് അറിയപ്പെടുന്നത്
( The Complete Word Study Dictionary-N.T).
ഈ “സൈമണി”യുടെ മലയാള പരിഭാഷയാണ് കൈമണി എന്ന് വായിച്ചിട്ടുണ്ട്. അത് നമുക്ക് പരിചയവുമാണല്ലോ.

പണം നല്കി സ്റ്റേജിൽ കസേര ഒപ്പിക്കുന്നവരും കൺവെൻഷനുകളിൽ പ്രസംഗിക്കാൻ അവസരം സംഘടിപ്പിക്കുന്നവരും ഉണ്ട്. വലിയ വരുമാനം ഉള്ള സഭ കിട്ടാനും
ഇഷ്ടമില്ലാത്തവരെ ദൂരേക്ക് തട്ടാനും
പണം എറിയുന്നവർ ഉണ്ട്.
കാശു നൽകി ഓർഡിനേഷൻ
തരപ്പെടുത്തുന്നവരും കുറവല്ല.
സംഘടനാ ഇലക്ഷൻ സമയങ്ങളിൽ വോട്ടിന് നോട്ട് വാങ്ങുന്നവരും കൊടുക്കുന്നവരും ഉണ്ട്. പാനൽ മേധാവികളുടെ കൈയിൽ നിന്ന് പടി വാങ്ങി അവർക്കനുകൂലമായി എഴുതുന്ന കൂലി എഴുത്തുകാരും ഉണ്ട്.

കാളയും ആട്ടുകൊറ്റന്മാരുമായി എത്തുന്നവനെല്ലാം ഓർഡിനേഷൻ കൊടുത്ത് പുരോഹിതൻ ആക്കിയ രാജാവായിരുന്നു യൊരോബെയാം. പുരോഹിതന്റെ ജീവിത വിശുദ്ധിയെക്കാൾ കാളകളുടെ മാംസത്തിന്റെ രുചിയാണ് പൗരോഹിത്യത്തിലേക്ക് വഴിയായി യൊരോബെയാം തെരഞ്ഞെടുത്തത്. പിന്നെയുള്ള ഏക ആശ്വാസം ഇങ്ങനെ പുരോഹിതരായവരെല്ലാം ദൈവമല്ലാത്തവയ്ക്കാണ് പുരോഹിതൻ ആയത് ( 2ദിന. 13:9 ). കാശും ആഹാരവും നൽകി നേതൃത്വത്തിൽ എത്തുന്നവനൊന്നും സത്യദൈവത്തിന്റെ വഴിയിലല്ല നടക്കുന്നത്. അവർ ഇരിക്കുന്ന കസേര ദൈവീകവുമല്ല. ഈ ശീമോന്യ വഴി സാത്താന്യമാണ്.

ഉയർന്നതെന്ന് നാം ചിന്തിക്കുന്ന കസേരയിൽ ഇരിക്കാൻ പണസ്വാധീനം ഉപയോഗിക്കുന്ന നാം എങ്ങനെ ദൈവത്തിന്റെ നല്ല ദാസന്മാർ ആകും?.
ഉയരത്തിൽ വസിക്കുന്നവൻ കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞ് കളയുന്നവൻ ആകണമെന്നല്ലേ വേദവചനം (യെശയ്യാവ് 33:15-16).
കൈക്കൂലി കൊണ്ട്
അധികാരം കൈക്കലാക്കാനും നേതൃത്വത്തിൽ എത്താനും ശ്രമിക്കുന്നവരെല്ലാം വഷളന്മാരാണ്, ഗുണപ്പെടാത്തവരാണ്, നേരില്ലാത്തവരുമാണ്.
അവർ മാജിക്കുകാരനായ ശിമോന്റെ പിന്തുടർച്ചക്കാരാണ്… ഇത് വായിച്ച് പല്ല് കടിക്കുന്നതിനു പകരം അപ്പൊ.പ്രവൃത്തികൾ 8:21-22 വായിച്ചാൽ മതി.

ദീർഘ വർഷങ്ങളിലെ അനുഭവ സമ്പത്തും ശുശ്രൂഷാ പരിചയവും ഉണ്ടെങ്കിലും നേതൃത്വത്തിന് കുട പിടിക്കാത്തതുകൊണ്ട് ഒരു സ്ഥാനമാനങ്ങളും നൽകാതെ അവഗണിക്കപ്പെടുന്നവരുണ്ട്. എന്നാൽ കാശിന്റെ ബലം കൊണ്ട് മാത്രം സഭാനേതൃത്വത്തിന്റെ ഇഷ്ടക്കാരായി നിന്ന് അധികാരസ്ഥാനങ്ങളിൽ വരുന്നതും പതിവുകാഴ്ചയാണ്.

കൈമണി വാങ്ങി യോഗ്യത ഇല്ലാത്തവർക്കും ശുശ്രൂഷയിൽ പങ്കാളിത്തം നൽകുന്ന നേതൃത്വം വർദ്ധിക്കുന്നു. വെള്ളിയോ പൊന്നോ കയ്യിൽ ഇല്ലാത്ത സമയത്താണ് പത്രോസിന്റെ മുൻപിൽ ഇങ്ങനെയൊരു വാഗ്ദാനം വരുന്നത് എന്നും ഓർക്കണം.
എങ്കിലും
പത്രോസ് ശീമോനോട് തീർത്തു പറയുന്ന ഒരു കാര്യമുണ്ട്: നിനക്ക് ഈ കാര്യത്തിൽ പങ്കും ഓഹരിയും ഇല്ല. നിന്റെ പണവും സ്വാധീനശക്തി ഒന്നും ഈ ദൈവീക ശുശ്രൂഷയ്ക്ക് വേണ്ടേ വേണ്ട.

ശുശ്രൂഷയ്ക്കുള്ള മാനദണ്ഡം പണമാകരുത്. ദൈവസന്നിധിയിൽ ഹൃദയം നേരുള്ളവനു മാത്രമേ ശുശ്രൂഷാ പങ്കാളിത്തം നല്കാവൂ. വക്രത ഉള്ളവനും കരിഞ്ചന്തക്കാരനും കാശ് ഉണ്ടെങ്കിലും പുറത്തു തന്നെ നിൽക്കട്ടെ. പണത്തിന്റെ സ്വാധീനം ശുശ്രൂഷകളെ ഗ്രസിക്കാതിരിക്കട്ടെ.
നിന്റെ പണം നിന്നോടുകൂടെ നശിക്കട്ടെ എന്ന് പറയാൻ ധൈര്യവും സ്വഭാവ ദാർഢ്യവുമുള്ള ഉപദേശിമാരും വിശ്വാസികളും എഴുന്നേല്ക്കുമോ?.

Related posts

Leave a Comment