അടിയന്തര സേവനങ്ങൾക്കുള്ള ഒറ്റ നമ്പർ സംവിധാനം കേരളത്തിലും; 112 ടോള്‍ഫ്രീ നമ്പർ പ്രാബല്യത്തിൽ

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി രാജ്യവ്യാപകമായി ആരംഭിച്ച എമർജൻസി റെസ്‌പോൻസ് സിസ്റ്റത്തിന്റെ സേവനം ഇന്നുമുതൽ കേരളത്തിലും ലഭ്യമാകും. 112 എന്ന ടോൾഫ്രീ നമ്പറാണ് അടിയന്തരഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ്, ആംബുലന്‍സ്, അഗ്നിശമനസേന അടക്കമുള്ളവയുടെ സഹായത്തിനായി ഇനി ഈ നമ്പർ മാത്രം ഓർത്തിരുന്നാൽ മതി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുതിയ പദ്ധതി പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

നേരത്തെ, പൊലീസ് സഹായങ്ങൾക്കായി 100, ഫയർ ഫോഴ്‌സ് സേവനങ്ങൾക്കായി 101, ആരോഗ്യ സംബന്ധമായ സഹായങ്ങൾക്ക് 108, സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സേവനത്തിനായി 181 തുടങ്ങി വ്യത്യസ്ത ഫോൺ നമ്പറുകളാണ് വിവിധതരം സഹായാഭ്യർത്ഥനകൾക്കും സേവനങ്ങൾക്കും സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ഇനി നമ്പരുകൾ ഓർത്തിരിക്കേണ്ട. എന്തുസഹായത്തിനും 112 എന്ന നമ്പരിലേക്ക് സൗജന്യമായി വിളിക്കാം.

പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെൻററിലേക്കാണ് വിളിയെത്തുക. എവിടെ നിന്നാണ് വിളിക്കുന്നതെന്ന് കമാൻഡ് സെൻററിന് മനസ്സിലാക്കാനാകും. ഇവിടവുമായി ബന്ധിപ്പിച്ചിരിക്കുന്ന കൺട്രോൾ റൂം വാഹനങ്ങൾ ഉടൻ സഹായം വേണ്ടിടത്തേക്ക് ഓടിയെത്തും. രാജ്യവ്യാപകമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലാന്റ് ലൈൻ, മൊബൈൽ ഫോൺ എന്നിവ വഴി സൌജന്യമായി കമാൻഡ് സെൻററുമായി ബന്ധപ്പെടാം. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും സേവനം തേടാവുന്നതാണ്.

Related posts

Leave a Comment