കിര്‍ബിത്ത് ആര് റായിയില്‍ നിന്നും ഖനനം ചെയ്തെടുത്ത പുരാവസ്തുക്കളില്‍ നിന്നും കാര്‍ബണ്‍-14 ഡേറ്റിംഗില്‍ നിന്നുമാണ് ഫിലിസ്ത്യന് നഗരമായ സിക്ലാഗ് കണ്ടെത്തിയിരിക്കുന്നത്. ശൗല്‍ രാജാവില്‍ നിന്നും രക്ഷനേടി ദാവീദ് അഭയാര്‍ത്ഥിയായി കഴിഞ്ഞത് സിക്ലാഗിലാണെന്നാണ് പഴയനിയമത്തിലെ ശാമുവലിന്റെ പുസ്തകത്തിലെ വിവരണം സ്ഥിരീകരിച്ചുകൊണ്ട് അന്താരാഷ്ട്ര ഗവേഷക സംഘം. ബി സി 12-11 കാലഘട്ടത്തില്‍ ഫിലിസ്ത്യന് പ്രദേശത്തിന്റെ ഭാഗമായിരുന്ന സ്ഥലത്തെ പുരാവസ്തുക്കളാണ് കണ്ടെത്തിയതെന്ന് ഇസ്രായേലി അന്റിക്വറ്റി അതോറിറ്റിയും, ഹീബ്രു യൂണിവേഴ്സിറ്റിയും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ദാവീദ് അറുനൂറോളം സൈനീകരോടും അവരുടെ കുടുംബാംഗങ്ങളോടൊപ്പം 14 മാസമാണ് സിക്ലാഗില്‍ താമസിച്ചതായി ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. ഫിലിസ്ത്യന് രാജാവായിരുന്ന അക്കീഷിന്റെ സഹായം ദാവീദിനു ഉണ്ടായിരുന്നു. അവിടെ താമസിച്ചാണ് ദാവീദ് പല പട്ടണങ്ങളും കീഴടക്കുന്നത്. ഫിലിസ്ത്യന് വീടുകള്‍ ഇരുന്ന സ്ഥലത്ത് പിന്നീട് ഇസ്രായേലി കെട്ടിടങ്ങള്‍ ഉയര്‍ന്നു. പിന്നീടുണ്ടായ ശക്തമായ തീപിടുത്തമാണ് നഗരത്തെ നശിപ്പിച്ചതിന് പിന്നിലെ കാരണമായി കരുതുന്നത്. പുരാവസ്തു ഗവേഷകര്‍ പ്രവചിച്ച കാലഘട്ടവും ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാലഘട്ടവും കാര്‍ബണ്‍ 14 ഡേറ്റിംഗ് ഉപയോഗിച്ച് നോക്കുമ്പോഴും സമമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.