പാസ്റ്റര്‍ വി.പി.ഫിലിപ്പ് മതപരിവര്‍ത്തന നിരോധനം; ക്രൈസ്തവ പ്രതികരണം.

പാസ്റ്റര്‍ വി.പി.ഫിലിപ്പ്
മതപരിവര്‍ത്തന നിരോധനം; ക്രൈസ്തവ പ്രതികരണം.

നമുക്ക് എന്തു ചെയ്യാനാകും? ഈ ചോദ്യം ഏറെ പ്രസക്തമാണ്. പ്രത്യേകിച്ച് മതപരിവര്‍ത്തന നിരോധന നിയമം സാധാരണക്കാരായ സുവിശേഷകന്മാരെ ഇരുവ്‌ഴിക്കുള്ളിലേക്ക് നയിക്കുവാന്‍ സാദ്ധ്യതയുള്ള പശ്ചാത്തലത്തില്‍ വേദപുസ്തക ഭാഷയില്‍ ഈ ചോദ്യത്തിന് മറുപടി നല്‍കിയിട്ട് നമ്മുടെ സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കാം.
മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ വന്നു എന്നിരിക്കട്ടെ. നിയമത്തിന്റെ മറവില്‍ ഇന്ത്യാമഹാരാജ്യത്തിലെ സമാധാനസുവിശേഷത്തിന്റെ വെള്ളരിപ്രാവുകളായ ഉപദേശിമാരെയും മിഷണറിമാരെയും ഇവിടുത്തെ ജയിലില്‍ നിറച്ചു എന്നിരിക്കട്ടെ. എന്തു സംഭവിക്കും? ചരിത്രം ആവര്‍ത്തിക്കും. ഏത് ചരിത്രം? കഠിന പീഢനത്തിന്റെ ഇടയില്‍ തഴച്ചു വളരുന്ന ക്രൈസ്തവളരുന്ന ക്രൈസ്തവസഭയുടെ ചരിത്രം. അതുകൊണ്ടാണ് സഭാചരിത്രകാരനായ തെര്‍ത്തുല്യന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പെഴുതിയത്. നിങ്ങള്‍ ഞങ്ങളെ എത്രയധികം കഷണം കഷണമാക്കുന്നുവോ അത്രയധികം ഞങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കും. ക്രിസ്ത്യാനികളുടെ രക്തമാണ് അതിന്റെ വിത്ത്. തെര്‍ത്തുല്യന്‍ പറഞ്ഞതിന്റെ അര്‍ത്ഥം റഷ്യയും ചൈനയും മനസ്സിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ നൂറ്റാണ്ടുകള്‍ തെളിയിച്ചു. ആ ചരിത്രാവര്‍ത്തനത്തിന് ഇന്ത്യയിലും പ്രസക്തിയുണ്ട്.
ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നെയും സകല യഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ച് കൊന്നു മുടിക്കുകയും അവരുടെ വസ്തുവക കൊള്ളയടിക്കുകയും ചെയ്യണമെന്ന് രാജാവിന്റെ അഞ്ചല്‍ക്കാര്‍ വശം എഴുത്ത് അയച്ച ഹാമാനെ ഓര്‍മ്മയില്ലെ? ഈ പശ്ചാത്തലത്തില്‍ എസ്ഥേര്‍ രാജ്ഞി മോര്‍ദ്ദേഖായിയോട് പറയുന്നത് ശ്രദ്ധിക്കുക; നീ ചെന്ന് ശൂശനിലുള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചു കൂട്ടി നിങ്ങള്‍ രാവും പകലും തിന്നുകയോ കുടിക്കുകയോ ചെയ്യാതെ എനിക്ക് വേണ്ടി ഉപവസിക്കുവിന്‍. ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നെ ഉപവസിക്കും. പിന്നെ ഞാന്‍ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കല്‍ ചെല്ലും ഞാന്‍ നശിക്കുന്നു എങ്കില്‍ നശിക്കട്ടെ. ഭാരതത്തിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഒത്തൊരുമിച്ചുള്ള പ്രാര്‍ത്ഥനയ്ക്ക് ഏരെ പ്രസക്തിയുണ്ട്. ഒ.പി ത്യാഗിയുടെ ബില്ലു ഫയലില്‍ മാത്രം ഒതുങ്ങിയത് പ്രാര്‍ത്ഥനയുടെ ശക്തി വെളിപ്പെടുത്തുന്നു. മാതൃരാജ്യത്തിന് വേണ്ടി കരയുവാന്‍ മാറി വരുന്ന ഭാരതത്തിലെ സ്ഥിതിഗതികള്‍ ആഹ്വാനം ചെയ്യുന്നു. അതുകൊണ്ട് ദൂരക്കാഴ്ചയുള്ള ഫലവത്തായ പ്രാര്‍ത്ഥന രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഉയരണം.
പ്രാര്‍ത്ഥന കൊണ്ട് മാത്രം നമ്മുടെ പ്രതികരണം പരിമിതപ്പെടുത്തണം എന്ന ചിന്തയോട് എനിക്ക് യോജിപ്പില്ല. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിനും അതുല്യമായ മതേതര സങ്കല്‍പ്പത്തിനും വിശിഷ്ടമായ ഭരണഘടനയ്ക്കും വിരുദ്ധമായി എന്ത് സംഭവിക്കുന്നു എന്ന് എല്ലാവരും അറിയണം. മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ ഇടയിലും ദൈവജനങ്ങളുടെ ഇടയിലും അവബോധം വരുത്തുവാന്‍ നേതൃത്വവും ക്രിയാത്മക ശേഷിയുള്ളവരും തയ്യാറാകണം. പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്യുവാന്‍ തന്നെ അവബോധം ആവശ്യമാണല്ലോ. ആയതിനാല്‍ ബോധവല്‍ക്കരണത്തിന്റെ ഫലമാണ് പ്രാര്‍ത്ഥനയെന്ന് മനസ്സിലാക്കുക. ഇതുപോലെയുള്ള സമയങ്ങളില്‍ സഭയുടെ നിലവാരത്തിന് കളങ്കം ചാര്‍ത്താത്ത ഏതൊരു മാദ്ധ്യമങ്ങളിലൂടെയും നമ്മുടെ പ്രതികരണം സമൂഹത്തെയും ഉന്നത അധികാരികളെയും അറിയിക്കണം. പക്ഷേ പ്രതികരണം മതപരം ആകരുത്. പാസ്റ്റര്‍ റ്റി.എം.ഫിലിപ്പ് അഭിപ്രായപ്പെട്ടതുപോലെ വര്‍ഗ്ഗീയത ചടുലനൃത്തം ചവിട്ടുമ്പോള്‍ സഭ തെരുവിലിറങ്ങേണ്ടത് ക്രിസ്ത്യാനികളുടെ സംരക്ഷണത്തിന് വേണ്ടിയല്ല. രാഷ്ട്രത്തിന്റെയും സിവില്‍ സൊസൈറ്റിയുടെയും മതനിരപേക്ഷ സ്വഭാവമാണ് കാത്തുസൂക്ഷിക്കപ്പെടേണ്ടത്. മതസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം എല്ലാവിധ സമഗ്രാധിപത്യങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും എതിരെയുള്ള സമരങ്ങളുമായി കണ്ണി ചേര്‍ക്കപ്പെടേണ്ടതാണ്.
മതസ്വാതന്ത്ര്യവും മതേതര ഭരണകൂടവും എന്നവിഷയത്തെക്കുറിച്ച് 1999ഫെബ്രുവരിയില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും മറ്റു ചില സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടന്ന സമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ഭാരതത്തില്‍ അടുത്ത സമയത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയതയുടെ പൈശാചിക പോരാട്ടം ക്രൈസ്തവ മതത്തിനെതിരായിട്ടുള്ള ഒരു ആക്രമണം മാത്രമായിട്ടല്ല. പ്രത്യുത ഭാരതത്തിന്റെ മതേതര സംസ്‌ക്കാരത്തിനും മതസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരെയുള്ള ഒരു കടന്നുകയറ്റമായിട്ടാണ് കാണേണ്ടത്. അതുകൊണ്ടു തന്നെ വര്‍ഗ്ഗീയതയുടെ വര്‍ത്തമാനകാല ആവിഷ്‌ക്കാരങ്ങളോടുള്ള ക്രൈസ്തവ സമൂഹത്തിന്റെ പ്രതികരണം സാമുദായികമോ, മതപരമോ, വര്‍ഗ്ഗീയമോ ആകരുത്. യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളുടെ സംരക്ഷണത്തിന് വേണ്ടി ആവശ്യപ്പെടുകയല്ല മറിച്ച് ഭാരതത്തിന്റെ മതേതര സ്വഭാവം കാത്തു സൂക്ഷിക്കുവാന്‍ ആവശ്യപ്പെടുകയും ആ പ്രക്രിയയില്‍ പങ്ക്‌ചേരുകയുമാണ് വേണ്ടത്. ഡോ.കെ.രാജരത്‌നം പറഞ്ഞതു പോലെ ഒരു പ്രത്യേക പദവിയ്ക്ക് വേണ്ടി അപേക്ഷിക്കരുത്. എല്ലാ ഇന്ത്യാക്കാര്‍ക്കും ഇവിടെ തുല്യമായ പദവിയാണുള്ളത്. അതുകൊണ്ട് ഇന്ത്യയില്‍ മതേതര സ്വഭാവം നിലനിര്‍ത്തപ്പെടണം. ജനാധിപത്യം, മനുഷ്യവകാശങ്ങള്‍, ന്യൂനപക്ഷഅവകാശങ്ങള്‍ എന്നിവ ഉറപ്പു വരുത്തണം.(1999 സെപ്റ്റംബര്‍ 1ന് തിരുവല്ല ജി.എഫ്.എ.ബി എസ്സില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്). ഇവിടെ ന്യൂനപക്ഷങ്ങള്‍ എന്ന് പറയുന്നത് ക്രൈസ്തവര്‍ മാത്രമല്ല മറ്റ് നിരവധി സമൂഹങ്ങള്‍ ഉണ്ട്. സത്യത്തില്‍ അവര്‍ ഭൂരിപക്ഷമാണ് ആയതിനാല്‍ മതപരിവര്‍ത്തന നിരോധന ശ്രമങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് ഏതെങ്കിലും മതത്തിന്റെയോ സഭയുടെയോ ബാനറില്‍ അല്ല മറിച്ച് ഏതൊരു പൗരന്റയും മൗലിക അവകാശം എന്ന നിലയില്‍ അതിന്റെ വിഘ്‌നം കൂടാതെയുള്ള നിലനില്‍പ്പിന് വേണ്ടിയാണ്.
ഇന്ത്യയുടെ മാറി വരുന്ന പശ്ചാത്തലത്തിലും മതപരിവര്‍ത്തന നിരോധന ഉദ്യമങ്ങളുടെയും പശ്ചാത്തലത്തിലും രാജ്യത്തിന്റെ മതേതര-മതസ്വാതന്ത്ര്യസ്വഭാവം കാത്തു സൂക്ഷിക്കുവാന്‍ ക്രൈസ്തവര്‍ പ്രതികരിക്കേണ്ട മാര്‍ഗ്ഗങ്ങളെ ചുരുക്കമായി ഇവിടെ പ്രതിപാദിക്കട്ടെ.
ഒന്ന്, പ്രാര്‍ത്ഥന അതുല്യമായ ശക്തിയാണെന്നതിനാല്‍ രാജ്യ സ്‌നേഹികളായ എല്ലാവരും പ്രാര്‍ത്ഥനാനിരതരാകുക .
രണ്ട്, ബോധവല്‍ക്കരിക്കുകയാണ് പ്രധാനം എന്നതിനാല്‍ വസ്തുതകളുടെ സത്യാവസ്ഥയും ഭാരത ഭരഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങളുടെ മഹത്വവും എല്ലാവരേയും ബോധവത്ക്കരിക്കുക.
മൂന്ന്, തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിയെ കോടതിയില്‍ നേരിടുമെന്ന് ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ അറിയിച്ചതുപോലെ നിയമ സാദ്ധ്യതകള്‍ നേടുമെന്നും ഉചിതമാണ്. കാരണം നമ്മുടെ മാതൃരാജ്യം ഉറപ്പ് നല്‍കുന്ന പൗരാവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കേണ്ടത് ഏത് പൗരന്റേയും ആവശ്യമാണ്.
നാല്, പ്രതികരണം മതപരമോ അക്രമണാസക്തമോ ആകരുത്. ആരെയും പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ക്രൈസ്തവ വേദചിന്തയുടെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നിലവാരത്തില്‍ മാത്രമെ പ്രതികരണങ്ങള്‍ ആകാവൂ.
അഞ്ച്, ക്രൈസ്തവ പ്രതികരണത്തിനു വേണ്ടി ഒന്നിക്കാവുന്ന തലങ്ങള്‍ ഒന്നിച്ച് ഐക്യതയുടെ മുഖമുദ്ര പ്രദര്‍ശിപ്പിക്കുവാന്‍ ഉത്സാഹിപ്പിക്കണം. ക്രിയാത്മകമായ മറ്റ് സാദ്ധ്യതകളും സ്വീകരിക്കാം.
സുവിശേഷം സമാധാനത്തിന്റെയും ശാന്തിയുടെതുമാണ്. അതിന്റെ പ്രചാരകര്‍ ശാന്തിയുടെ പ്രചാരകരാണ്. അവര്‍ രാഷ്ട്രത്തിന്റെ എതിരാളികളല്ല, രാജ്യസ്‌നേഹികളാണ്. മതപരിവര്‍ത്തന നിരോധന ശ്രമങ്ങളെ ആശങ്കയോടെ കാണേണ്ട കാര്യങ്ങളില്ല. ഭയത്തില്‍ നിന്ന് ഉടലെടുക്കുന്ന അനുരജ്ഞനവും ആവശ്യമില്ല. പ്രതീക്ഷിക്കുവാന്‍ ഏറെയുണ്ട്.

Related posts

Leave a Comment