ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ എഫ് 22 യുദ്ധ വിമാനങ്ങള്‍ എത്തി

മനാമ :ഇറാനുമായി സംഘര്‍ഷം മൂര്‍ഛിക്കുന്നതിനിടെ അമേരിക്ക ഗള്‍ഫ് മേഖലയില്‍ എഫ്-22 യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചു. ആദ്യമായാണ് റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയുള്ള എഫ്-22 റാപ്റ്റര്‍ വിമാനങ്ങള്‍ അമേരിക്ക മേഖലയില്‍ വിന്യസിക്കുന്നത്. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസില്‍ ഈ യുദ്ധ വിമാനങ്ങള്‍ എത്തി.

അമേരിക്കന്‍ സേനകളെയും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചുമതലയുള്ള മേഖലയിലെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാനാണ് ആദ്യമായ ഈ എയര്‍ക്രാഫ്റ്റുകള്‍ ഖത്തറല്‍ വിന്യസിക്കുന്നതെന്ന് അമേരിക്കന്‍ എയര്‍ഫോഴ്‌സ് അറിയിച്ചു. യുഎസ് എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനമാണ് അല്‍ ഉദൈദ് എയര്‍ബേസ്. കഴിഞ്ഞ മെയ് 10ന് യുഎസ് ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബി-52 സ്ട്രാഫോര്‍ട്രസ് ബോംബര്‍ വിമാനങ്ങള്‍ അല്‍ ഉദൈദില്‍ അമേരിക്ക വിന്യസിച്ചിരുന്നു.
എത്ര വിമാനങ്ങളാണ് അയച്ചതെന്ന് അമേരിക്കന്‍ എയര്‍ഫോഴ്‌സ് വ്യക്തമാക്കിയിട്ടില്ലെങ്കിലും അഞ്ച് എഫ് 22 റാപ്റ്റര്‍ അല്‍ ഉദൈദില്‍ ഉണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധമുണ്ടായാല്‍ ഇറാന്റെ ഉപരിതല മിസൈല്‍ സംവിധാനമായ എസ് – 300 നെ ആക്രമിക്കാന്‍ ഏറ്റവും അനുയോജ്യമായി അമേരിക്ക കാണുന്നത് എഫ് 22 വിമാനങ്ങളെയാണെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.

കഴിഞ്ഞാഴ്ച ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ അമേരിക്കന്‍ നിരീക്ഷണ ഡ്രോണ്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിപ്പിച്ച് ഇറാന്‍ മിസൈലയച്ച് തകര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി കമേനിക്കും വിദേശ മന്ത്രി മുഹമ്മദ് ജാവദ് ശരീഫിനുമെതിരെ അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചതോടെ അതിന്റെ മൂര്‍ധന്യത്തില്‍ എത്തി. ഇതിനു പിന്നാലെ മേഖലയിലേക്ക് അഞ്ചാം തലമുറ യുദ്ധ വിമാനമയച്ച് ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് അമേരിക്കന്‍ ശ്രമം. ടാങ്കര്‍ അക്രമണങ്ങളെ തുടര്‍ന്ന് അമേരിക്ക മേഖലയില്‍ പുതുതായി ആയിരം സൈനികരെ കൂടി വിന്യസിച്ചിട്ടുണ്ട്.

ആണവ കരാറില്‍നിന്ന് അമേരിക്ക ഏകപക്ഷിയമായി പിന്‍മാറിയതാണ് ഇറാന്‍ – അമേരിക്ക സംഘര്‍ഷത്തിന് കാരണമായത്. ഇതോടെ തങ്ങള്‍ യൂറേനിയം സമ്പുഷ്ടീകരണവും ആണവ പ്രവര്‍ത്തനങ്ങളും പുനരരാംഭിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത് ഖേലയെ കഴിഞ്ഞ ഒന്നരമാസമായ യുദ്ധ ഭീതിയിലാഴ്ത്തി. 2015 ല്‍ ഇറാന്‍ ഒപ്പുവെച്ച ചരിത്രപ്രധാന ആണവ കരാറില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍മാറിയത്.

Related posts

Leave a Comment