എന്നെ വീണ്ടും പ്രസിഡന്റാക്കുന്നില്ലെങ്കില്‍….

വാഷിംഗ്ടണ്‍: അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും തന്നെ തന്നെതെരഞ്ഞെടുക്കുന്നില്ലാ എങ്കില്‍ അമേരിക്കന്‍ സമ്പദ് ഘടനം തകരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തന്നെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി തകര്‍ന്ന് തരിപ്പണമാവുമെന്നാണ് ട്രംപിന്റെ ഭീഷണി. ആ തകര്‍ച്ച ചരിത്രത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ളതായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. 61 ദശലക്ഷത്തിലേറെ വരുന്ന തന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് മുമ്പാകെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഇത്തരമൊരു മുന്നറിയിപ്പ് പങ്കുവച്ചത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി രണ്ടാമത് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്നോടിയായാണിത്. ചൊവ്വാഴ്ച ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ വച്ചാണ് ട്രംപിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം. ചൊവ്വാഴ്ച നടക്കുന്ന റിപ്പബ്ലിക്കന്‍ റാലിയില്‍ പങ്കെടുക്കാന്‍ വന്‍ജനാവലി തന്നെ എത്തിച്ചേരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. 2018ല്‍ നാലു തവണയായി ഫെഡറല്‍ റിസര്‍വ് നികുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ലെങ്കില്‍ അമേരിക്കന്‍ ഓഹരി വിപണി 5000 മുതല്‍ 10,000 വരെ പോയിന്റ് ഉയരുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റും താനുമായുള്ള ബന്ധത്തെ കുറിച്ച് ഇതാദ്യമായല്ല ട്രംപ് ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. 2016ല്‍ തനിക്കു പകരം മറ്റാരെങ്കിലുമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നതെങ്കില്‍ ഓഹരി വിപണി 10,000 പോയിന്റ് താഴ്ചയിലേക്ക് പോവുമായിരുന്നുവെന്ന് ഇദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. അമേരിക്കയില്‍ ഒരു സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ച കാണണമെങ്കില്‍ എന്നെ ഇംപീച്ച് ചെയ്യൂ എന്ന് കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം വീമ്പിളക്കിയത്.
അതേസമയം, ചൈനയുമായുള്ള വ്യാപാര-വാണിജ്യ തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ഓഹരി വിപണി വന്‍ പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനങ്ങളും ഭീഷണികളും.

Related posts

Leave a Comment