വാഷിങ്ടൺ: യു.എസിലെ വെസ്റ്റ് ബ്രൂക്കിലെ പ്രെസ്യൂംസ്കോട്ട് നദിക്കുമുകളിൽ 90 മീറ്റർ വിസ്തൃതിയുള്ള കൂറ്റൻ മഞ്ഞുപാളി. ‘ഫിഡ്ജറ്റ് സ്പിന്നറി’നെപോലെ ഒരേദിശയിലേക്ക് കറങ്ങിക്കൊണ്ടിരിക്കുന്ന വൃത്താകൃതിയിലുള്ള ഈ മഞ്ഞുപാളിയെക്കുറിച്ചുള്ള ചർച്ചയിലാണ് ഇപ്പോള്‍ ശാസ്ത്രലോകം. ഡിസ്ക്കിന്റെ ആകൃതിയിൽ ആയതിനാൽ ഐ സ് ഡിസ്ക് പ്രതിഭാസം’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
ലോകത്ത് അത്യപൂർവമായി ഇൗ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ ഐസ് ഡിസ്ക് കാണപ്പെടുന്നതെന്ന് ഗവേഷകർ പറയുന്നു. മുകളിൽനിന്നുള്ള കാഴ്ചയിൽ മേഘാവൃതമായ അന്തരീക്ഷത്തിൽ നദിയിൽ ഒരു ഭൂമി രൂപംകൊണ്ടതായാണ് തോന്നുക. വെള്ളത്തിന്റെ നീലയും മഞ്ഞിന്റെ വെള്ളയും നിറങ്ങൾ ഇടകലർന്നാണ് ഇത്തരമൊരു പ്രതീതി ജനിപ്പിക്കുന്നത്. രാവിലെ പൂർണമായും ഐസ് നിറഞ്ഞാണ് കാണപ്പെടുന്നത് . ഇൗ സമയത്ത് ചന്ദ്രന്റെ രൂപസാദൃശ്യമാണിതിന്.
പരിചിതമല്ലാത്ത കാഴ്ചകണ്ട് കൗതുകവും അമ്പരപ്പുമായി കഴിയുകയാണ് വെസ്റ്റ് ബ്രൂക്ക് നിവാസികൾ. കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ പല ഉൗഹക്കഥകളും പ്രചരിക്കാൻ തുടങ്ങി. അന്യഗ്രഹ ജീവികൾ ആവാം പിന്നിലെന്നാണ് അതിൽ ഒന്ന്.
തിങ്കളാഴ്ച മുതൽ കാണപ്പെട്ട ഐസ് ഡിസ്ക് നാലു ദിവസമായിട്ടും അവിടെ തന്നെയുണ്ട്. ഐസ് ഡിസ്ക്കുകൾ വിപരീത ദിശയിൽ കറങ്ങുന്നതിന്റെ പിന്നിലുള്ള യഥാർഥ കാരണം കണ്ടെത്താൻ ഇതുവരെ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. . നദീജലം ഒരു ചുഴലിപോലെ രൂപാന്തരം പ്രാപിക്കുകയാണെന്നും പിന്നീട് അവിടം വേഗത്തിൽ തണുത്തുറയുകയാണെന്നും അവർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. പരിസരവാസികൾ ആശങ്കയോടെയാണ് ഇതിനെ കാണുന്നതെങ്കിലും പക്ഷികൾ വിശ്രമിക്കാനായി മഞ്ഞുപാളിയിൽ ഒറ്റക്കും കൂട്ടായും വന്നിരിക്കുന്നത് കാഴ്ചയാണ്.