സാംസങ്ങിന്റെ ഫോള്‍ഡിങ് ഫോണ്‍ ഫെബ്രുവരി 20ന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്സി 10 ഹാൻഡ്സെറ്റും അന്നേ ദിവസം പുറത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്. ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാന്‍ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രയാം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 20ന് ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സാംസങ്ങിന്റെ മടക്കാവുന്ന ഫോണ്‍ ഉടന്‍ എത്തുമെന്ന് കമ്പനി കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇത് കമ്പനിയുടെ മുഖ്യ എതിരാളിയായ ആപ്പിളിന്റെ ഏറ്റവും വിലകൂടിയ മോഡലായ ഐഫോണ്‍ XS മാക്സിനെക്കാള്‍ വിലയുള്ളതായിരിക്കാമെന്നാണ് കരുതുന്നത്. ഏകദേശം 1760 ഡോളറും പിന്നെ ടാക്സും കൂടുന്നതായിരിക്കും വിലയെന്നു കരുതുന്നു. ഐഫോണ്‍ XS മാക്സിന്റെ തുടക്ക വില 1099 ഡോളറാണല്ലോ.പുറത്തുവന്ന റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കില്‍, ഫോണിന് തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലുപ്പമുള്ള സ്ക്രീന്‍ ലഭിക്കും. ഫോള്‍ഡ് ചെയ്യുമ്പോള്‍ വലുപ്പം 4.5 ഇഞ്ചായി കുറയും. ചെറിയ ഡിസ്പ്ലെയും വലിയ ഡിസ്പ്ലെയില്‍ തുടരാവുന്ന രീതിയിലായിരിക്കും സോഫ്റ്റ്വെയര് പ്രവര്‍ത്തിക്കുക എന്നും കേള്‍ക്കുന്നു. ഈ ഉപകരണത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് കമ്പനി പുറത്തുവിട്ടത്.