ഇന്ത്യയില്‍ പണമിടപാട് വിപ്ലവം; മൊബൈല്‍ മുന്നില്‍

ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് വിപ്ലവം വ്യത്യസ്തമായൊരു പാതയിലൂടെയാണ് മുന്നേറുന്നത്. പണരഹിത ഇടപാടുകളുടെ ഏറ്റവും വലിയ ഉറവിടമായി മൊബൈല്‍ ഫോണുകള്‍ മാറിയിരിക്കുന്നു. ചില്ലറ ഇടപാടുകളില്‍പ്പോലും പോയിന്റ് ഓഫ് സേല്‍ (പിഒഎസ്) മെഷീനുകളില്‍ കാര്‍ഡുകള്‍ സൈ്വപ് ചെയ്യുന്നതിനേക്കാള്‍ മൊബൈല്‍ ഫോണുകളിലൂടെയാണ് കസ്റ്റമര്‍മാര്‍ പണം നല്‍കുന്നത്. നോട്ടു നിരോധനത്തേക്കാളുപരി ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതാണ് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള പ്രോത്സാഹനമായി മാറിയത്. നോട്ടുനിരോധനം ഉണ്ടായപ്പോള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ആളുകള്‍ പണരഹിത ഇടപാടുകളിലേക്കു മാറിയിരുന്നു.
ചില്ലറ ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ രീതികളുടെ മൂല്യം വര്‍ധിച്ചപ്പോള്‍ എടിഎമ്മുകളില്‍ നിന്നുമുള്ള പണം പിന്‍വലിക്കല്‍ ഗണ്യമായി കുറഞ്ഞു. ഡിജിറ്റല്‍ രീതികളില്‍ പിഒഎസ് മെഷീനുകളിലൂടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണം കൈമാറല്‍, യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ), അണ്‍സ്ട്രക്‌ചെഡ് സപ്ലിമെന്ററി സര്‍വീസ് ഡേറ്റ (യുഎസ്ഡിഡി), പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റസ് (പിപിഐ), മൊബൈല്‍ ബാങ്കിങ് എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ പണം വീണ്ടും സുലഭമായതോടെ ഡിജിറ്റല്‍ പണമിടപാടുകളില്‍ കുറവ് സംഭവിച്ചു. 2017 ജൂലൈയില്‍ ഡിജിറ്റല്‍ പണമിടപാടുകളേക്കാള്‍ കൂടുതല്‍ എടിഎമ്മുകളില്‍നിന്നും പണം പിന്‍വലിക്കപ്പെട്ടു. ജിഎസ്ടി നടപ്പാക്കിയതും അതേ മാസത്തിലായിരുന്നു. 2018 മെയ് ആയപ്പോഴേക്കും വീണ്ടും എടിഎം പിന്‍വലിക്കലിനേക്കാള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ മുന്നിലെത്തി. ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാടില്‍ത്തന്നെ സംഭവിക്കുന്ന മാറ്റങ്ങളാണ് അതിലും കൗതുകകരം. 2011-12ല്‍ പിഒഎസ് മെഷീനുകളില്‍ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ മൂല്യം 60%ത്തില്‍ കൂടുതലായിരുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ പൊതുവില്‍ സാമ്പത്തികമായി മെച്ചപ്പെട്ടവരാണ് ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ലഭിക്കണമെങ്കില്‍ നല്ല വരുമാനം ആവശ്യമാണ്. ഏറ്റവുമൊടുവില്‍ ലഭ്യമായ 2018 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം ഡിജിറ്റല്‍ പണമിടപാടുകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയുള്ളത് 18.3%മായി കുറഞ്ഞു. നോട്ടുനിരോധനത്തിന് മുമ്പുള്ള മാസമായ 2016 ഒക്ടോബറില്‍ 17.4% മൂല്യത്തിന്റെ ഇടപാടുകളായിരുന്നു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടന്നത്.
പണരഹിത ഇടപാടുകളില്‍ തുടരെയുണ്ടാകുന്ന ഈ മാറ്റങ്ങള്‍ക്ക് കാരണം അതിനായി മെച്ചപ്പെട്ട മാര്‍ഗങ്ങള്‍ തേടുന്നതാണ്. ഇവിടെയാണ് മൊബൈല്‍ ഫോണുകള്‍ അവയുടെ പങ്ക് വഹിക്കുന്നത്. പണരഹിത ഇടപാടുകള്‍ കൂടുതലും പിഒഎസ് ഇതര മാര്‍ഗങ്ങളിലേക്കു മാറുകയാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി പിഒഎസ് മെഷീനുകളിലൂടെ നടത്തുന്നതിന്റെ ഇരട്ടി മൂല്യത്തിലുള്ള തുകയുടെ ഇടപാടുകളാണ് പിഒഎസ് ഇതര മാര്‍ഗങ്ങളില്‍ നടക്കുന്നത്. ഈയൊരു മാറ്റത്തിന്റെ പ്രധാന കാരണം ഓണ്‍ലൈന്‍ പേമെന്റ് ഉള്‍പ്പടെയുള്ള ഇവാണിജ്യത്തിന്റെ വളര്‍ച്ചയാണ്. കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് കടന്നുവരുമ്പോള്‍ ലഭിക്കുന്ന ക്യാഷ് ഇന്‍സെന്റീവുകളും ഗണ്യമായി വര്‍ദ്ധിക്കുന്നു.


Related posts

Leave a Comment