ഫെയ്‌സ് ബുക്കിലെ 8.70 കോടി അക്കൗണ്ടുകളിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്: ഫേസ്ബു്ക്കിലെ 8.70 കോടി അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍.
ഫെയ്‌സ് ബുക്ക് സിഇഒ സക്കര്‍ബര്‍ഗ് നേരത്തെ അറിയിച്ചിരുന്നത് 5 കോടി അക്കൗണ്ടുകള്‍ ചോര്‍ന്നു എന്നായിരുന്നു. എന്നാല്‍ 3.70 കോടി അക്കൗണ്ടുകള്‍ കൂടി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തി എന്ന് ഫേസ്ബുക്ക് ചീഫ് ടെക്‌നോളജി ഓഫീസറാണ് പുതുതായി വെളിപ്പെടുത്തിയത്.
വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ 11 ലക്ഷം അക്കൗണ്ടുകള്‍ യുകെയില്‍ നിന്നുള്ളതാണെന്നാണ് പുറത്ത് വരുന്ന വിവരം. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങളെടുക്കുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ അറിയിച്ചിട്ടുണ്ട്. അതേ സമയം തന്റെ കമ്പനി തേഡ് പാര്‍ട്ടിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചതിന് വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അപേക്ഷയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത് വന്നു.
വലിയ തെറ്റാണ് ചെയ്തത്. പക്ഷെ തെറ്റില്‍ നിന്നുമാണ് നാം പാഠങ്ങള്‍ പഠിക്കുക. ഭാരിച്ച ഉത്തരവാദിത്തങ്ങളെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടല്ല തങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നത് എന്ന് ഇപ്പോള്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് സിഇഒ സ്ഥാനത്തു നിന്നും സക്കര്‍ ബര്‍ഗ് മാറി നില്‍ക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം പറയുന്നത്.
ചോര്‍ച്ചാ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സക്കന്‍ബര്‍ഗ് ഈ മാസം പതിന്നൊന്നിന് യുഎസ് പ്രതിനിധി സഭയ്ക്ക് മുമ്പാകെ ഹാജരാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുറ്റം ഏറ്റുപറഞ്ഞ് കമ്പനി സി.ഇ.ഒ തന്നെ രംഗത്തെത്തിയത്.
എന്നാല്‍ സമിതിക്ക് മുമ്പില്‍ താന്‍ ഹാജരാകില്ലെന്നു ഫെയ്‌സ്ബുക്കിന്റെ മറ്റൊരു പ്രതിനിധിയായിരിക്കും ഹാജരാകുകയെന്നും സക്കര്‍ബര്‍ഗ് അറിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ സ്വകാര്യത നിയമം അനുശാസിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.

Related posts