മാറ്റം ഇല്ലാത്ത സ്ഥലം മാറ്റം ഭാഗം-1: ഉപദേശി അത്രപോര….

മാറ്റം ഇല്ലാത്ത സ്ഥലം മാറ്റം ഭാഗം-1
ഉപദേശി അത്രപോര.
പാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ്
നാട് മൊത്തം നടന്ന് സകല പരിചയക്കാരെയും കണ്ട് ചോദിച്ചും വാങ്ങിയും ചാക്കോ പാസ്റ്റര്‍ മനോഹരമായ ഒരു ആലയം പണി പൂര്‍ത്തിയാക്കി……ചില മാസങ്ങള്‍ കഴിഞ്ഞു കേരളമാകെ വരള്‍ച്ചവിതറിയ കാലാവസ്ഥ ശരീരം ചുട്ടുപൊള്ളുന്ന ഉഷ്ണക്കാറ്റ് അങ്ങനെ ഒരു സ്ഥലമാറ്റത്തിന്റെ സമയം ഇങ്ങ് അടുത്തു വന്നു. സ്ഥലം മാറ്റം ഉറപ്പാക്കിയവര്‍ പറ്റി നില്‍ക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ച് ഓടുകയാണ്. ചാക്കോ പാസ്റ്റര്‍ക്ക് ഇതൊന്നും വിഷയമല്ലല്ലോ? ആലയം പണിതത് കൊണ്ട് തുടര്‍ന്ന് ഇരിക്കാം. ഒരു മാസയോഗം…. ആത്മീക നിര്‍വൃതിയുടെ നിമിഷങ്ങളില്‍ മാസയോഗത്തെ സാക്ഷ്യയോഗമാക്കാന്‍ ചിലര്‍ കിണഞ്ഞ് പരിശ്രമിക്കുന്ന സാക്ഷ്യ നിമിഷം. ചാക്കോ പാസ്റ്ററുടെ ഒരു സ്ത്രീ വിശ്വാസി…..ആ സഹോദരി സ്ത്രീ ശക്തിയിലെ അംഗമാണെന്ന് തോന്നുന്നു. അത്രയ്ക്ക് തന്റേടം മുഖത്ത് കാണാന്‍ ഉണ്ട് വാക്കിലെ കാര്യം പറയുകയേ വേണ്ട ഓരോന്ന് പറഞ്ഞ് സ്വന്തമായി തന്നെ സ്‌തോത്രവും ആമേനും പറഞ്ഞു. ചാക്കോ പാസ്റ്ററുടെ ഹൃദയം കീറുന്ന ചില വാക്കുകള്‍ ആ സഹോദരി പരസ്യമായി പറഞ്ഞു. ഞങ്ങളുടെ പാസ്റ്റര്‍ക്ക് പ്രായത്തിന്റെ പ്രയാസം ഉള്ളതിനാല്‍ ഇപ്പോള്‍ പ്രവര്‍ത്തനം ഒന്നും നടക്കുന്നില്ല. അതിനാല്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഒരു പാസ്റ്ററെ ദൈവം അയക്കുവാന്‍ ദൈവജനം പ്രാര്‍ത്ഥിക്കണം. എല്ലാവരും ചാക്കോ പാസ്റ്ററെ ഒന്ന് നോക്കി ചാക്കോപാസ്റ്ററുടെ തല കുനിഞ്ഞു. അതോടെ പാസ്റ്ററുടെ സെന്റോഫും ഉറപ്പായി.
ഇവിടെ ആര്‍ക്ക് ആരോടാണ് ആത്മാര്‍ത്ഥത സ്‌നേഹം പ്രസംഗിക്കുന്നിടത്ത് തന്നെ മനുഷ്യന്‍ സ്വാര്‍ത്ഥരായി മാറുന്നു. കഠിന ദാരിദ്ര്യത്തോടെ കഴിഞ്ഞവരുടെ ഉദ്ധാരണത്തിന് വേണ്ടി കരഞ്ഞും ഉപവസിച്ചും ഉപദേശി പ്രാര്‍ത്ഥിച്ച്
തലമുറയ്ക്ക് വിദേശ വഴിയും മരുഭൂമിയുടെ നന്മയും വന്ന് സ്ഥിതി മാറിയപ്പോള്‍ ഉപദേശി അത്രപോര…..
ഹോളും ഫെയ്ത്ത് ഹോമും പണിത് ഉയര്‍ത്തിക്കഴിയുമ്പോള്‍ ഉപദേശി അത്രപോര….
ആത്മീക യോഗങ്ങളില്‍ പഥ്യവചനം യഥാര്‍ത്ഥമായി പ്രസംഗിച്ചാല്‍ ഉപദേശി അത്രപോര….
സഭായോഗത്തിലെ പ്രസംഗം നീണ്ട് പോയാല്‍ പരിജ്ഞാനം ഇല്ല ഉപദേശി അത്രപോര….
അല്‍പ്പം നേരത്തെ പ്രസംഗം നിര്‍ത്തിയാല്‍ വിഷയവും വചനവും ഇല്ല അതുകൊണ്ട് ഉപദേശി അത്രപോര….
ദശാംശത്തെക്കുറിച്ച് പ്രസംഗിച്ചാല്‍ ഉപദേശി ദ്രവ്യാഗ്രഹി
ആഭരണ വര്‍ജ്ജനം വസ്ത്ര വേഷ വിശുദ്ധി വേര്‍പാട് എന്നിവ പ്രസംഗിച്ചാല്‍ ഉപദേശി പഴഞ്ചന്‍. ഉള്ളിലെ വേദന കൊണ്ട് വേദിയില്‍ കരഞ്ഞാല്‍ ഉപദേശിയുടെ അഭിനയം. തമാശ പറഞ്ഞാല്‍ കൊമേഡിയന്‍.
പണമുള്ളവന്റെ വാതില്‍ കാവല്‍ക്കാരന്‍ ആയാല്‍ പാസ്റ്റര്‍ സൂപ്പര്‍ അല്ലെങ്കില്‍ നേതൃത്വ ബന്ധത്തിലൂടെ സൂപ്പറായ സെന്റ് ഓഫ്…. സഭയില്‍ ആത്മാക്കള്‍ വന്നാല്‍ സഭയുടെ ഗുണം ആരെങ്കിലും പോയാല്‍ ഉപദേശിയുടെ ഗുണക്കേട്. മക്കളുടെ വിവാഹത്തിന് പ്രാര്‍ത്ഥിക്കാനും ആലോചിക്കാനും ഉപദേശി വേണം. എല്ലാം ഒത്ത് വന്നാല്‍ കല്യാണം നടത്താന്‍ ഉപദേശി പോര. അഹങ്കാരം പെരുത്തിട്ട്അന്തസ് ഉയര്‍ത്തിക്കാട്ടാന്‍ ആസ്ഥാന മന്ദിരത്തില്‍ നിന്ന് അപ്പോസ്തലന്മാരെ ആനയിക്കും.
നാട്ടില്‍ നിന്ന് അക്കരെ കടന്ന് വിദേശ കറന്‍സിയുടെ പടപടപ്പ് ശബ്ദം കേട്ട് ഉറങ്ങുന്ന പലര്‍ക്കും സ്വന്തനാട്ടിലെ മാതൃസഭയിലെ ഉപദേശി അത്രപോര…. ഓര്‍ക്കാറ് പോലും ഇല്ല എന്നതാണ് സത്യം. കോട്ടിട്ട ഈ ഏമാന്‍മാരുടെ നിര്‍ദ്ദെശം മതി ഈ പാവം ഉപദേശിയ്ക്ക്് സ്ഥലം മാറ്റം ഉറപ്പ്. തമ്മില്‍ തല്ലികളായി വിശ്വാസികളുടെ ഇടയില്‍ പെട്ട് വെറുതെ നിന്നാല്‍ ഉപദേശി വെറും നോക്ക്കുത്തി അതിന് പകരം ശാസിക്കുകയോ ശിക്ഷിക്കുകയോ ഉപദേശിക്കുകയോ ചെയ്താല്‍ ഉപദേശി ഒരു ഗ്രൂപ്പിന്റെ ആള്.
എന്തൊക്കെ ചെയ്താലും എങ്ങനെയൊക്കെ നിന്നാലും മൂന്നാംമ്പക്കം ഉപദേശി വരുത്തന്‍, വഴിപോക്കന്‍ …….സഭയെയും ശുശ്രൂഷകനെയും വ്യവഹാരക്കൂട്ടില്‍ കയറ്റുന്നവന്‍ കുടുംബപേര് ഉള്ളവനാണെങ്കില്‍ കുഴപ്പം ഇല്ല. വ്യഭിചാരി ആണെങ്കിലും കാശ് ഉള്ളവനാണെങ്കില്‍ ഇരിപ്പിടം മുന്‍നിരയില്‍..ഭണ്ഡാരത്തില്‍ രണ്ട് കാശ് ഇട്ട വിധവയെ പാപിയാക്കി ഭണ്ഡാര പെട്ടി തന്നെ അടിച്ച് മാറ്റുന്നവന് അങ്ങാടിയിലും അരമനയിലും ആലയത്തിലും അംഗീകാരം. വീടും നാടും കുടുംബവും ചാര്‍ച്ചക്കാരെയും വിട്ട് ഇറങ്ങിയ ഉപദേശിയുടെ ഒരായിരം നന്മ അനുഭവിക്കും എന്നാല്‍ വായ് തുറന്ന് ഒരു നല്ല വാക്ക് പറയില്ല. അതിന് പകരം അറിഞ്ഞോ അറിയാതെയോ ഒരു ചെറിയ പിഴവ് പറ്റിയാല്‍ പിച്ചിചീന്തി വലിച്ച് കീറി ഇല്ലാതാകാന്‍ ഒരുമ്പെട്ട് ഇറങ്ങും.
എന്തൊക്കെ ചെയ്താലും എങ്ങനെയൊക്കെ നിന്നാലും ഉപദേശിയ്ക്ക് കുമ്പിളുമില്ല…..കഞ്ഞിയുമില്ല…..കാരണം ഉപദേശി അത്ര പോര.

ഉപദേശിമാരെ കുടുംബാഗത്തെപ്പോലെ കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വിശ്വാസികളെ നന്ദിയോടെ ഓര്‍ക്കുന്നു. തുടരും…..

പാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ്

Related posts