ധ്യാനം:ദൈവത്താല്‍ ലഭിക്കുന്ന ഉന്നതികള്‍

ദൈവത്താല്‍ ലഭിക്കുന്ന ഉന്നതികള്‍
ധ്യാനം: യെശ 58:14
പാസ്റ്റ്ര്‍: ബോബന്‍ ക്ലീറ്റസ്
ഒരു പറ്റം അറബി സുഹൃത്തക്കളോടൊപ്പം പ്രശസ്ത വേട്ടക്കാരനും സഞ്ചാരിയുമായ ഡോ.സൈറസ് ഹാംലിന്‍ ബാബിലോണിന്റെ ചരിത്ര ഭൂമി സന്ദര്‍ശിച്ചു. നാശാവശിഷ്ടങ്ങള്‍ക്കിടയിലൂടെ അവര്‍ കാഴ്ചകള്‍ കണ്ടു നടന്നു.വൈകുന്നേരം ആയപ്പോള്‍ അറബികള്‍ മടങ്ങിപ്പോകുവാന്‍ തിടുക്കം കൂട്ടി. ഡോ.സൈറസ് ഹാംലിന്‍ അവരോട് കാര്യം തിരക്കി അവര്‍ പറഞ്ഞത് അറബികളായ ഞങ്ങള്‍ ഒരിക്കലും ബാബിലോണില്‍ രാപാര്‍ക്കുകയില്ല.കാരണം നാശത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ഈ ബാബിലോണിന്റെ പെട്ടെന്നുള്ള വീഴ്ചയ്ക്ക് കാരണമായ ചില ശക്തികളുടെ കടന്നാക്രമണം ഞങ്ങള്‍ക്ക് ഉണ്ടാകും എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിശുദ്ധവേദപുസ്തകം ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് ബാബിലോണില്‍ ഒരു നാളും കുടിപാര്‍പ്പുണ്ടാകയില്ല.തലമുറതലമുറയോളം അതില്‍ ആരും വസിക്കയുമില്ല.അറബിക്കാരന്‍ അവിടെ കൂടാരം അടിക്കയില്ല.(യെശ:13;20) ദൈവത്തെ മറന്ന ബാബിലോണിന്റെ അധ:പതനം ചരിത്രം സാക്ഷിയായതാണ്. വീഴ്ചയ്ക്ക് മുന്‍പ് ഉന്നതഭാവം എന്ന തിരുവചനം പറയുന്നത് തന്നെത്താന്‍ ഉയര്‍ത്തുന്നവനെല്ലാം തന്നെത്താന്‍ താഴ്ത്തപ്പെടും. യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗല്‍ എല്ലാവരെക്കാളും തോളു മുതല്‍ പൊക്കമുള്ളവനായിരുന്നു. (1ശമു:10:23)ദൈവം അവനെ ഉയര്‍ത്തി എന്നാല്‍ ദൈവത്തെ മറന്ന് അഹങ്കാരിയായി തീര്‍ന്നപ്പോള്‍ തകര്‍ച്ച തുടങ്ങി. അതുപോലെ തന്നെ ദൈവം ഉയര്‍ത്തുന്നവനെ ആര്‍ക്കും താഴ്ത്തുവാന്‍ കഴിയില്ല. സ്വപ്നക്കാരനായ യോസേഫിനെ പൊട്ടക്കിണറിനോ അടിമച്ചന്തയ്‌ക്കോ പൊത്തീഫറിന്റെ വീടിനോ കാരാഗൃഹത്തിനോ ഒതുക്കുവാന്‍ കഴിഞ്ഞില്ല. ദൈവം ഉയര്‍ത്താന്‍ തീരുമാനിച്ചതിനെ താഴ്ത്തുവാന്‍ സാധ്യമല്ല.
സുവിശേഷ വേലയോടൊപ്പം ജോലി ചെയ്തു എന്ന കാരണം പറഞ്ഞും കണ്ണിന്റെ കാഴ്ച ശക്തി കുറവാണ് എന്ന കാരണത്താലും കാരാഗൃഹവാസം അനുഷ്ഠിച്ചു എന്നാരോപിച്ചും തന്റെ പ്രസംഗത്തിനിടയില്‍ ഒരാള്‍ ഉറങ്ങി താഴെ വീണു മരിച്ചു എന്നും അങ്ങനെ പലതും പറഞ്ഞു അപ്പോസ്തല പ്രമുഖനായ പൗലോസിനെപ്പോലും ഈ ലോകം അയോഗ്യനായി എണ്ണുമായിരുന്നു. അങ്ങനെ അക്കാലത്ത് ചിന്തിച്ച ചിലരോടാണ് പൗലോസ് ഞാന്‍ അപ്പോസ്തലന്‍മാരില്‍ ഒട്ടും കുറഞ്ഞവനല്ല എന്ന് പറഞ്ഞത്.
ദൈവഹിതമല്ലാത്തതും അര്‍ഹതയില്ലാത്തതുമായ സ്ഥാനത്തിനായി കഠിനാധ്വാനം ചെയ്യുന്നത് വൃഥാവാണ്.യോഹന്നാന്‍ സ്‌നാപകനോട് ജനങ്ങള്‍ ചോദിച്ചു നീ ക്രിസ്തുവാണോ? ഏലിയാവാണോ? ആ പ്രവാചകനാണോ? (യോഹ:19:23) ആ ചോദ്യങ്ങള്‍ ഉന്നയിച്ച പേരില്‍ ആരെങ്കിലും ആണ് പറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ഉള്ളതിലും മാന്യതയും അംഗീകാരവും ലഭ്യമാകുമായിരുന്നു. എന്നാല്‍ യോഹന്നാന്‍ പറഞ്ഞു ഞാന്‍ ഇതൊന്നുമല്ല.ഞാന്‍ യഥാര്‍ത്ഥമായവന്റെ ശബ്ദം മാത്രമാകുന്നു.
ദൈവം ഒരുവനെ ഉയര്‍ത്തുന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ് ഞാന്‍ ഒന്നും അല്ല ഏതുമല്ല എന്ന് ചിന്തിക്കുമ്പോള്‍ മനസിലാക്കുക ദൈവം മനുഷ്യന്റെ പുറമേയുള്ളത് നോക്കുന്നില്ല. പാവപ്പെട്ട ഖനിത്തൊഴിലാളിയായ മാര്‍ട്ടിന്‍ ലൂഥറിനെയാണ് നവോത്ഥാനത്തിന്റെ തിരികൊളുത്തുവാന്‍ ദൈവം ഉപയോഗിച്ചത്. സഞ്ചി തുടങ്ങി കുടില്‍ വ്യവസായിയുടെ കൊച്ചുമകനായിരുന്നു മറ്റൊരു നവോത്ഥാന നായകന്‍ കാല്‍വിന്‍ സ്‌കോട്ട്‌ലന്റെിലെ ഒരു സാധാരണ സര്‍ക്കാര്‍ ജോലിക്കാരനായിരുന്ന ഉണര്‍വ്വിന്റെ തിരികത്തിച്ച ജോണ്‍ നോക്‌സ്.തെരുവീഥികളില്‍ മദ്യലഹരിയില്‍ ഉറങ്ങിയ മനുഷ്യനായിരുന്നു പിന്നീട് സുവിശേഷപ്രസംഗങ്ങളിലൂടെ യൂറോപ്പിനേയും അമേരിക്കയേയും പിടിച്ച് കുലുക്കിയ ജോണ്‍ പി ഗഫ്. ഇന്ത്യയെ സുവിശേഷ ആത്മാവില്‍ നേടിയ വില്യം കേറി ഇംഗ്ലണ്ടിലെ ഒരു ചെരുപ്പു കുത്തിയായിരുന്നു.പൗലോസിന്റെ പിന്‍ഗാമി എന്നറിയപ്പെടുന്ന ഡി.എല്‍ മൂഡി ഒരു കടയില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു.ഇന്നും ദൈവം തന്റെ ഭക്തന്മാരെ ഉയര്‍ത്തുന്നു. ഉയര്‍ത്തപ്പെടുവാന്‍ നാം ചെയ്യേണ്ടത് തന്നെത്താന്‍ താഴ്ത്തുക.(1ശമു2:10,1പത്രോ5:6,ഇയ്യോ 36:22,സദൃശ്യ14:29).

Related posts