കായിക മുന്നേറ്റമോ? ആത്മീക മുന്നേറ്റമോ? പാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ്.

വിവാദങ്ങള്‍ പി.വൈ.പി.എ യ്ക്ക് ഒരു പുത്തരിയല്ല എത്രയെത്ര വിവാദങ്ങള്‍ ആളിക്കത്തി അതുപോലെ കെട്ടടങ്ങി. പിന്നെയാ ഇപ്പോള്‍ ഭരണ സമിതിയുടെ കാലാവധി തീരാറായ ഈ സമയത്ത് ഒരു പുതിയ വിവാദം. സംസ്ഥാന പി.വൈ.പി.എ യുടെ താക്കോല്‍ സ്ഥാനി കൂടിയായ ജെസ്റ്റിന്‍ നെടുവേലിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇതൊന്നും ഞങ്ങള്‍ മൈന്റ് ചെയ്യുന്നില്ല. വിവാദങ്ങള്‍ വിവേകങ്ങള്‍ക്ക് ഇടവരുത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ ചില കളിയിലെ കാര്യമായ കാര്യങ്ങള്‍.
കളിയിലെ കാര്യം.
കായിക പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എറെ ഉയര്‍ന്ന് കേട്ട വാക്യം ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാന്‍ എഴുന്നേറ്റു(പുറ 32:6) ഈ വാക്യം ഉദ്ധരിച്ചു കൊണ്ട് കളിക്കുന്നത് തെറ്റാണ് എന്ന് സമര്‍ത്ഥിക്കുന്ന രസകരമായ വ്യാഖ്യാനങ്ങള്‍ കേട്ടു. സ്‌പോര്‍ട്‌സ്(കളി) അത്ര വലിയ പാപമാണോ? അല്ല, അത് പാപം എന്ന് വിശുദ്ധ വേദപുസ്തകം വിവക്ഷിക്കുന്നില്ല. കളിപ്പാന്‍ എഴുന്നേറ്റു എന്ന് പറയുന്നതിന്റെ യഥാര്‍ത്ഥ വ്യാഖ്യാനം പരസംഗം ചെയ്തു എന്നതാണ്. അതായത് ദൈവത്തെ അറിഞ്ഞിട്ട് ദൈവികതയെ തള്ളിക്കളഞ്ഞ് ജാതീയ ദേവപ്രീതിയ്ക്കായി നടത്തുന്ന പരസംഗത്തില്‍ പങ്കെടുക്കുന്നത് ആണ് ഇവിടെ പ്രതിപാദിക്കുന്ന വിഷയം. അക്കാലത്ത് ദേവപ്രീതിയ്ക്കായി ദേവസ്ത്രീകളെ ആക്കിയിരുന്നു എന്നത് ചരിത്രം പഠിച്ചാല്‍ മനസ്സിലാകും. സംഖ്യ 25:1-3 വരെയുള്ള ഭാഗത്തില്‍ സമാനമായ സംഭവം വിവരിച്ചിട്ടുണ്ട്. ഇതെ വാക്യം പൗലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത്(1കൊരി 10:7) പരിശോധിച്ചാല്‍ മേഘത്തിന്‍ കീഴില്‍ നടന്നവര്‍ സമുദ്രത്തിലൂടെ നടന്നവര്‍ ആത്മീയ ആഹാരം തിന്നവര്‍ ആത്മീക പാറയില്‍ നിന്ന് പാനീയം കുടിച്ചവര്‍(കുറച്ചും കൂടെ വ്യക്തമായി പറയുന്നു ആ പാറ ക്രിസ്തു ആയിരുന്നു…) എന്നിട്ടും അവരില്‍ ദൈവം പ്രസാദിച്ചില്ല കാര്യം അവര്‍ ദുര്‍മോഹികളായി. എന്തിനായിട്ട് മോഹിച്ചു? ജഡത്തിനായി മോഹിച്ചു. അവര്‍ എന്ത് ചെയ്തു? വിഗ്രഹാരാധികളായി പരസംഗം ചെയ്തു, ഇത് പൗലോസ് വ്യക്തമായി തന്നെ പറയുന്നു. നിസാര കായിക കാര്യത്തെക്കുറിച്ച് പറയുന്നു എന്ന നിലയില്‍ പറഞ്ഞ് ഈ വചനത്തിന്റെ പ്രാധാന്യം കെടുത്തരുത്. കളിക്കുന്നത് തെറ്റല്ല കായികമായ കളികള്‍ തെറ്റാണ് എന്ന് വചനം പറയുന്നില്ല. മുറി വാക്യങ്ങള്‍ എടുത്ത് അത് അര്‍ഹിക്കാത്ത വ്യാഖ്യാനം കല്‍പ്പിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്.
കളിക്കാനുള്ള പ്രായമുണ്ട്. നഗരവീഥികളില്‍ വൃദ്ധന്മാരും വൃദ്ധമാരും വാര്‍ദ്ധ്യക്യം നിമിത്തം ഓരോരുത്തന്‍ വടിപിടിച്ചും ഇരിക്കും. പക്ഷെ അപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വീഥികളില്‍ കളിച്ച് കൊണ്ടിരിക്കും (സെഖ8:4,5) അപ്പോള്‍ കളികള്‍ക്ക് ഒരു പ്രായമുണ്ട് സ്ഥലമുണ്ട് സ്ഥാനമുണ്ട് മറക്കരുത്…. യുവത്വം വിട്ടവര്‍ക്ക് യുവാക്കളോടും അവരുടെ പ്രവര്‍ത്തിയോടും തോന്നുന്ന ഒരു പ്രത്യേക വികാരം ഉണ്ട് അത് പോലെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഈ വിഷയത്തില്‍ സ്ഥാനമില്ല. എന്നാല്‍ കളിക്കാം അതിന്റെ പ്രായത്തില്‍ കളിക്കാം അതിന്റെ സ്ഥാനത്ത് കളിക്കാം അതിന്റെ സ്ഥലത്ത് കളിക്കാം.
കളിയല്ല കാര്യം
ഗൗരവമുള്ള കാര്യങ്ങളെ കളിയായി കാണുന്നത് അപക്വമായ മനസ്സിന്റെ പ്രശ്‌നമാണ്. ഒത്തു കൂടുകയും കളിക്കുകയും ചെയ്തു കൊള്‍ക പക്ഷെ അതെ ഒരു ആത്മീക പ്രസ്ഥാനത്തിന്റെ അകത്ത് ആകുന്നത് ഭൂഷണമല്ല. സേവനത്തിനായി രക്ഷിക്കപ്പെട്ടു എന്ന ആപ്ത വാക്യം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു മഹത് സംഘടനയില്‍ ഇന്നലെ പാനല്‍ രാഷ്ട്രീയത്തിലൂടെ മാത്രം കയറി കൂടിയവര്‍ എന്തും കാട്ടിക്കൂട്ടാം എന്ന നിലയില്‍ പുറംപോക്ക് ആക്കരുത് പ്രസ്ഥാനത്തെ എന്ന് കഴിഞ്ഞ കാലങ്ങളുടെ സ്മരണയിലൂടെ തന്നെ വേദനയോടെ പറയട്ടെ. അജ്ഞതയും അനാത്മീകതയെ അല്‍പ്പാല്‍പ്പമായി വിട്ട് സമുദായിക സഭകള്‍ പെന്തക്കോസ്ത് രീതിയെ മാത്യകയാക്കി മുന്നേറുമ്പോള്‍ പെന്തക്കോസ്തിന്റെ ഈ നേതൃത്വം ഏത് ആത്മീക ലക്ഷ്യത്തോടെയാണ് പ്രസ്ഥാനത്തെ നയിക്കുന്നത്. ദൈവം ഏല്‍പ്പിച്ച ആത്മീക പ്രസ്ഥാനത്തിന്റെ നേതൃത്വസ്ഥാനം വ്യവസ്ഥയോടെ നടത്തിയില്ലെങ്കില്‍ പെട്ടകം തൊട്ടതോടെ തട്ടിപ്പോയ ഊസ്സയെ ഒന്നോര്‍ത്ത് വയ്ക്കുക പ്രയോജനപ്പെടും. വ്യവസ്ഥയോടെയല്ലാതെ പെട്ടകം എടുത്ത് രണാങ്കണത്തില്‍ അടരാടാന്‍ ഇറങ്ങരുത് ഏലിയുടെ മക്കളെക്കുറിച്ച് വീട്ടുകാര്‍ കേട്ട വാര്‍ത്ത ഒന്ന് മനസ്സിരുത്തി വായിച്ച് മനസ്സില്‍ സൂക്ഷിക്കുക. ചിലപ്പോള്‍ മനസ്സ് മാറിയാലോ…..!!
പലരും കൂടെകൂടെ കായിക പരിപാടിയെ പ്രോത്സാഹിപ്പിക്കുവാന്‍ പറഞ്ഞവാക്യമാണ് ശരീരാഭ്യാസം അല്പ പ്രയോജനമുള്ളതത്രെ.(1തിമോ 4:7) ഈ വാക്യം ഉദ്ധരിച്ച് കൊണ്ട് കായിക കാര്യങ്ങള്‍ വേണം എന്ന് സമര്‍ത്ഥിക്കുന്നത് അതിലും രസകരമായി തോന്നുന്നു. ആ വചനം ശ്രദ്ധയോടെ പഠിച്ചാല്‍, പലതിനെയും ഒഴിച്ച് ദൈവഭക്തിയ്ക്ക് തക്കവണ്ണം അഭ്യാസം ചെയ്യുക എന്ന് പറഞ്ഞനന്തരമാണ് ശരീരാഭ്യാസം ചെയ്യുന്ന കാര്യം പറയുന്നത്. ശരീരാഭ്യാസം അല്‍പ്പം പ്രയോജനമുള്ളതാണ് എന്നാല്‍ ദൈവഭക്തിയ്ക്ക് തക്കവണ്ണമുള്ള അഭ്യാസം നിത്യത വരെ പ്രയോജനം എന്നാണ് പൗലോസ് പറയുന്നത്. മനസ്സിലാക്കി പഠിച്ചാല്‍ കായിക പരിപാടികള്‍ അല്‍പ്പപ്രയോജനം എന്നാല്‍ ദൈവീക ഭക്തിയ്ക്ക് തക്കവണ്ണമുള്ള അഭ്യാസം നിത്യതയ്ക്ക് ഉതകുന്നതാണ്. ഇനി പറ…. ഒരു ആത്മീക പ്രസ്ഥാനം അതിലെ അംഗങ്ങളെ അല്‍പ്പ പ്രയോജനത്തിനായി നടത്തുകയാണോ വേണ്ടത് അതോ നിത്യത നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ പ്രാപ്തരാക്കുകയാണോ വേണ്ടത് അല്‍പ്പം ആത്മീക ജീവന്‍ അവശേഷിക്കുന്നു എങ്കില്‍ ചിന്തിക്കുക.
അല്‍പ്പം നല്ലതായിട്ടുള്ള അനവധി കാര്യങ്ങള്‍ ഉലകത്തില്‍ ഉണ്ട്. അതെ പുസ്തകത്തില്‍ 5:23 ല്‍ പറയുന്ന അജീര്‍ണ്ണതയും ക്ഷീണതയും നിമിത്തം അല്‍പ്പം വീഞ്ഞ് സേവിച്ച് കൊള്‍ക എന്ന്, ഇനി നാളുകള്‍ നീളുമ്പോള്‍ അല്‍പ്പം വീഞ്ഞും (മദ്യം) ആകാം എന്ന് വരുമോ എന്ന് ഭയപ്പെടുന്നു.
പ്രിയ യുവജനപ്രവര്‍ത്തകരെ….എന്റെ സ്‌നേഹിതരെ….നിങ്ങള്‍ കര്‍ത്താവിന്റെ വേലക്കാര്‍ എന്ന നിലയില്‍ അറിയപ്പെടാനും ഈ ആത്മീക സമൂഹത്തിന്റെ അന്തസ്സായി തീരുവാനും ഇടവരുവാന്‍ തിമോഥിയോസ് എന്ന യൗവ്വനക്കാരനോട് അപ്പോസ്തലനായ പൗലോസ് പറയുന്നത് ശ്രദ്ധിക്കുക. അല്‍പ്പ പ്രയോജനത്തിനല്ല വരുംകാല നിത്യതയ്ക്ക് പ്രയോജനമുള്ളത് ചെയ്യുക. ആരും നിങ്ങളുടെ യൗവ്വനം തുച്ഛീകരിക്കരുത്. ഉപദേശം എന്നിവയില്‍ ശ്രദ്ധിക്കുക. (1തിമോ4:6 -16) മുതിര്‍ന്നവരെ…അനുഭവ സമ്പത്ത് ഉള്ളവരെയും ബഹുമാനിക്കുക. നിങ്ങളുടെ സമിതിയില്‍ പ്രസ്ഥാനത്തിലെ സീനിയറും ആത്മീക പക്വതയുള്ളവരെ ഉപദേശകസമിതിയായി നിയമിക്കുക. ക്രിയാത്മക വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക. നല്ല പ്രവര്‍ത്തികള്‍ക്ക് എല്ലാവിധ പിന്‍തുണയും അര്‍പ്പിക്കുന്നു.

Related posts