തിന്നു തീര്‍ക്കുന്ന തീ

ശസ്ത്രക്രിയ എന്നു കേട്ടാല്‍ മരിക്കുന്നതാണ് നല്ലത് എന്ന് അഥവാ ഇനി ആത്മഹത്യയാണ് അടുത്തപടി എന്ന് ചിന്തിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു 1846 വരെ ഏറ്റവും ചെറിയ ശസ്ത്രക്രിയക്ക് വരെ രോഗിയെ ബന്ധിക്കുന്നതിന് പുറമേ പത്തില്‍ അധികമാളുകള്‍ ബലമായി പിടിച്ചിരുന്നു വേദന മൂലമുള്ള അലര്‍ച്ച അവസാനിപ്പിച്ചിരുന്നത് രോഗി ക്ഷീണിച്ച് ബോധരഹിതനായതിന് ശേഷമോ മരണാവസ്ഥയില്‍ എത്തിയതിന് ശേഷമോ ആയിരിക്കും ഈ വേദനാ ജനകമായ അനുഭവത്തിന് അന്ത്യം കുറിച്ചത് ‘അനസ്‌തേഷ്യയുടെ’ കണ്ടുപുടിത്തത്തോടെയാണ്.
അനസ്‌തേഷ്യയുടെ പ്രയോഗത്തിന്റെ പരസ്യപ്രഖ്യാപനം ആദ്യമായി നടത്തിയത് അമേരിക്കന്‍ ദന്തരോഗ വിദഗ്ധനായ ഹൊറേസ് വെല്‍സാണ്, നൈട്രസ് ഓക്‌സൈഡ് വാതകം ശ്വസിക്കവേ തന്റെ കാലില്‍ ഒരു മുറിവ് വരുത്തുവാന്‍ താന്‍ ആവശ്യപ്പെട്ടു. താന്‍ വേദന അറിയുന്നില്ല എന്ന് വിളിച്ചു പറഞ്ഞെങ്കിലും രക്തം ഒഴുകുന്നതു കണ്ട ആളുകള്‍ അത് വിശ്വസിക്കുവാന്‍ തയ്യാര്‍ ആയില്ല. വെല്‍സണില്‍ നിന്ന് ലഭിച്ച ആശയത്തില്‍ സഹപ്രവര്‍ത്തകന്‍ വില്യം മോര്‍ട്ടന്‍ ഈഥര്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ വിജകരമാക്കാം എന്ന് കണ്ടുപിടിക്കുകയും പേറ്റന്റ് കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ വെല്‍സ് അടങ്ങിയിരിക്കാന്‍ തയ്യാറായില്ല. ഈഥറിനേക്കാള്‍ മികച്ചത് താന്‍ കണ്ടുപിടിച്ച നൈട്രസ് ഓക്‌സൈഡാണ് എന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം അംഗീകാരയോഗ്യമായില്ല. അദ്ദേഹം സുഹൃത്തിന്റെ ഉയര്‍ച്ചയില്‍ അസംത്യപ്തനായി പിന്നീട് ക്ലോറോഫാം വികസിപ്പിച്ചെടുക്കുകയും താന്‍ അതിന് അടിമയാകുകയും സ്വയംബോധം നഷ്ടപ്പെട്ട് 1848 – ല്‍ കാലിലെ ഞരമ്പ് മുറിച്ച് ആത്മഹത്യചെയ്തു. വില്യം മോര്‍ട്ടന്‍, ഹോറേസ് വെല്‍സ് എന്നിവരുടെ സുഹൃത്ത് വലയത്തില്‍പ്പെട്ട ചാള്‍സ് ജാക്‌സണ്‍ അനസ്‌തേഷ്യയ്ക്ക് ഈഥര്‍ ഉപയോഗിക്കാമെന്ന് മോര്‍ട്ടന് താനാണ് പറഞ്ഞു കൊടുത്തതെന്ന വാദവുമായി രംഗത്ത് വന്നു. വില്യം മോര്‍ട്ടന്‍ ജാക്‌സണുമായുള്ള തര്‍ക്കപോരാട്ടത്തില്‍ നിരാശനായി ന്യൂയോര്‍ക്കില്‍ വച്ച് ഒരു തടാകത്തില്‍ ചാടി മരിച്ചു. ജാക്‌സണ്‍ മാനസിക നില തെറ്റി ബോസ്റ്റണിലെ മാനസിക രോഗാശുപത്രിയില്‍ ഏഴു വര്‍ഷം ചികിത്സയില്‍ ആയിരുന്ന ശേഷം മരിച്ചു. ലോകത്താകമാനം ഉള്ള ജീവിതങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന അനസ്‌തേഷ്യയുടെ ഉപജ്ഞാതാക്കളുടെ ദാരുണ അന്ത്യത്തിന് കാരണം സഹ പ്രവര്‍ത്തകരുടെ ഉയര്‍ച്ചയില്‍ ഉള്ള അസംത്യപ്തിയില്‍ ഉളവായ അസൂയയാണ്.
മനുഷ്യന്‍ പല കാര്യങ്ങളിലും ഏറ്റകുറച്ചില്‍ ഉള്ളവനായി ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരു വന്റെ ഉയര്‍ച്ചയില്‍ സന്തോഷിക്കാന്‍ കഴിയാത്തവരാണ് മനുഷ്യരില്‍ മിക്കവരും പേരറിയില്ലായിരുന്നെങ്കിലും ഈ ഭ്രാന്തന്‍ ചിന്താഗതി ആദ്യകാലം മുതലേ ദര്‍ശിക്കാന്‍ കഴിയും അസൂയ മുളനാമ്പ് നീട്ടിയത് പിശാചിലാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള സംസര്‍ഗ്ഗം കണ്ട പിശാച് അതില്ലാതാക്കുവാന്‍ ശ്രമിക്കുകയും താന്‍ അതില്‍ വിജയിക്കുകയും ചെയ്തു. ദൈവീക സംസര്‍ഗ്ഗത്തില്‍ നില്ക്കുന്നതില്‍ പരാജിതനായ പിശാച് മനുഷ്യന്‍ ദൈവീക വിഷയത്തില്‍ വിജയിക്കുന്നതില്‍ അസൂയാലുവായി മനുഷ്യനെ പരാജയപ്പെടുത്തി അതൊരു തനിയാവര്‍ത്തനം ആക്കി. ആദ്യത്തെ കുലപാതകത്തിനു കാരണം ആരാധനയില്‍ ഉളവായ അസൂയയാണ് (കയീന്‍ ഹാബേലിനെ കൊന്നു). ലോക മഹായുദ്ധത്തിനു വഴിതെളിച്ച ഹൃദയസ്പന്ദനത്തിന് അസൂയ എന്ന പേര്‍ വിളിക്കാം. എല്ലാ അനൈക്യതയ്ക്കും പിന്നില്‍ അസൂയയാണ് നായകന്‍. തിരുവചനത്തിലെ അസൂയയ്ക്ക് ഉദാഹരണമായ താരം ശൌല്‍ തന്നെയാണ്. എന്തുകൊണ്ട് ശൗലിന്റെ ഹൃദയത്തില്‍ അസൂയ അംഗുരിച്ചു. വരും വരായ്കകള്‍ ചിന്തിക്കാത്ത യിസ്രായേല്യ സ്ത്രീകള്‍ അതില്‍ മുഖ്യ ഉത്തരവാദികളാണ്. രാജഭരണം നടത്തുന്ന രാജാവിനെ താഴ്ത്തി മറ്റൊരുവരെ ഉയര്‍ത്തി പറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ചിന്തിക്കാവുന്നതേ ഉള്ളു. സ്ഥലകാലബോധം കൂടാതെ പറയുന്ന ലഭിച്ച സ്ഥാനത്തെക്കുറിച്ചും മാനത്തെക്കുറിച്ചും പദവിയെക്കുറിച്ചുമുള്ള പ്രശംസാ വാക്കും, ഗര്‍വ്വരീതിയിലെ സംസാരവും നമ്മുടെ സഹപ്രവര്‍ത്തകരില്‍, സഹവിശ്വാസികളില്‍ കൂട്ടുകാരില്‍, അസൂയ ഉളവാക്കും.
തെങ്ങില്‍ നിന്നു വീണു മരിച്ച അച്ഛന്റെ ശേഷക്രിയയുടെ പായസം കൂട്ടുകാര്‍ കാണ്‍കെ ആര്‍ക്കും കൊടുക്കാതെ കഴിച്ച കുട്ടിയോട് അസൂയ പൂണ്ട മറ്റൊരു കുട്ടി ഇപ്രകാരം പറഞ്ഞു. ”എന്റെ അച്ഛനും തെങ്ങില്‍ നിന്നു വീഴും എന്റെ അച്ഛനും മരിക്കും ശേഷക്രീയയുടെ പായസം ഞങ്ങളും വയ്ക്കും ആര്‍ക്കും തരില്ല’. കാര്യത്തിന്റെ ഗൗരവം അറിയാന്‍ പ്രാപ്തിയില്ലാത്ത ഒരു മനസ്സാണ് അസൂയക്ക് കാരണം. അമ്മയോട് ചേര്‍ന്നു നില്‍ക്കുന്ന മൂത്ത കുഞ്ഞിനെ അകറ്റുവാന്‍ കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞില്‍ തുടങ്ങി അന്യവീട്ടില്‍ നിന്ന് മകന്റെ ഭാര്യപദവിയോടെ വീട്ടില്‍ വരുന്ന മരുമകളുടെ ചെയ്തികള്‍ ഒന്നും പിടിയ്ക്കാത്ത അമ്മായി അമ്മയുടെ ഉള്ളില്‍ വരെ അസൂയയുടെ അംശമാണ്.
ഉയര്‍ച്ചയുടെ പുറം ലോകത്തേയ്ക്ക് വരുന്നവന്റെ കുതികാല്‍ പിടിയ്ക്കുന്ന യാക്കോബ്മാരാണ് അധികവും. ഭുമിയുടെ ഉപരിതലത്തില്‍ നിന്ന് ഉയരത്തിലേക്ക് പറക്കുവാന്‍ ഉദ്ദേശിക്കുന്ന മിക്കവരും കോരഹിന്റെ കാലത്തെപ്പോലെ ഭുമി ഒരിക്കല്‍ കൂടി വായ് പിളര്‍ന്നാല്‍ അസൂയ എന്ന കാരണത്താല്‍ ഉയരത്തിലേക്ക് എന്നതിനു പകരം ഉള്ളിലേക്ക് എന്നതായിരിക്കും സ്ഥിതി. മിനക്കെട്ടു നടന്ന തൊഴിലാളികളെ കൂലി പറഞ്ഞ്‌തോട്ടത്തിലേക്ക് അയച്ചുശമ്പളം കൊടുത്തപ്പോള്‍ അവിടെ തുടങ്ങി പ്രശ്‌നം ഇവിടുത്തെ പ്രശ്‌നം വൈകിവന്നവനെയും നേരത്തേ വന്നവനേയും തുല്യരാക്കി എന്നതാണ്. തനിക്ക് അര്‍ഹതയുള്ളത് കിട്ടി എന്നാല്‍ അതല്ല പ്രശ്‌നം സഹപ്രവര്‍ത്തകനും തന്നെപ്പോലെ കിട്ടി എന്നതാണ് തന്നെപോലെ  മറ്റൊരാള്‍ പാടുന്നതും പ്രസംഗിക്കുന്നതും സഹിക്കാന്‍ കഴിയാത്ത വേദന ഉളവാക്കുന്നു എങ്കില്‍ അതിന് അസൂയ എന്ന പേര്‍ വിളിക്കാം. അവന്‍/അവള്‍ മിനഞ്ഞാന്ന് പെയ്ത മഴയില്‍ ഇന്നലെ മുളച്ച തകരയാണ് ഞാന്‍ അങ്ങനെ അല്ല. ഇത് പരീശന്‍മാരുടെ സ്വഭാവമാണ് ഈ ചിന്താഗതിക്കാരുടെ മുഖത്ത് തേനും മനസ്സില്‍ വിഷവുമാണ് സമീപനത്തില്‍ വെളിവാക്കാത്തത് പ്രവൃത്തിയില്‍ വെളിവാകും.
ഒരുവനിലെ ആത്മീക മനസ്സും നന്മയുടെ കണ്ണും തിന്നു തീര്‍ക്കുന്ന തീയാണ് അസൂയ.


ബോബന്‍ ക്ലീറ്റസ്

Related posts