തസ്‌കരന്മാരായ താരങ്ങള്‍;പാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ്

കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വാര്‍ത്ത !!! അഭിനയം എന്ന കലയിലൂടെ ജനപ്രിയനായ ദിലീപ് എന്ന നടന്‍ സഹപ്രവര്‍ത്തകയെ ഉള്ളില്‍ കരുതിയ പകതീര്‍ക്കാന്‍ കാട്ടാള കശ്മലന്‍ന്മാര്‍ക് ക്വൊട്ടേഷന്‍ കൊടുത്ത് പോലീസ് പിടിയിലായി. വെള്ളിത്തിരയില്‍ വിളങ്ങിയ ജനപ്രിയനായ നടന്റെ ഉള്ളിലെ കാട്ടാളത്വമാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു കാര്യം മറക്കരുത് ദൃശ്യമാധ്യമത്തില്‍ കാണുന്ന താരത്തെയും വേഷത്തെയും അനുകരിക്കുമ്പോള്‍ ഇതൊന്നുമല്ല യാഥാര്‍ത്ഥ്യം. പൊയ്മുഖങ്ങളുടെ മുഖം മൂടി അഴിഞ്ഞ് വീഴും.
നവഫ്രഞ്ച് സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ഫ്രാന്‍സോ ത്രൂഫോ ഹിച്ച് കോക്കൂ മനുഷ്യ മനസിനെ ഭയാകുലനാക്കുന്ന കൊലപാതക ആവിഷ്‌ക്കാരത്തെക്കുറിച്ച് താന്‍ മരിക്കുന്നതിന് 8 വര്‍ഷം മുന്‍പ് നടത്തിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങളുടെ മലയാള പരിഭാഷ ഭാഷാപോഷിണിയില്‍(ആഗസ്റ്റ് 2013) പ്രസിദ്ധീകരിച്ച് വന്നതില്‍ പറയുന്നു കൊലപാതകം ഒരു കലയാണെന്ന്. യഥാര്‍ത്ഥത്തില്‍ ആ വീക്ഷണം തെറ്റല്ലേ കൊലപാതകം ഒരു കലയല്ല. മറിച്ച് മുഴു ലോകത്തെക്കാളും വിലയുള്ള ഒരു മനുഷ്യന്റെ ജീവനെ ലോകത്തില്‍ നിന്ന് തന്നെ തുടച്ച് മാറ്റുന്ന ഹീനകൃത്യമാണ് കൊലപാതകം. അതിനെ കലയായി കലാകാരന്‍ കണ്ടാലും കാട്ടാളത്തമായി മാത്രമേ സമൂഹത്തിന് കാണാന്‍ കഴിയൂ. കല വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാല്‍ വ്യവസായം മാത്രം ലക്ഷ്യമാക്കുമ്പോള്‍ സമൂഹത്തിന് നന്മയേക്കാള്‍ തിന്മ മാത്രമേ ലഭിക്കുകയുള്ളൂ.
സിനിമയില്‍ കാണിക്കുന്ന വേഷവിധാനങ്ങള്‍ മുതല്‍ ചേഷ്ടകളും അക്രമ രംഗങ്ങളും പകര്‍ത്തുകയാണ് പുതുതലമുറ അവരെ കൊലപാതകം തികച്ചും ഒരു കലയാണെന്ന് പഠിപ്പിച്ചാല്‍ അത് സാമൂഹിക വിപത്തിലേക്കാണ് വഴിതെളിക്കുന്നത്. കലാകാരന് കല ഒരു ഉപജീവനമാര്‍ഗം മാത്രം ലക്ഷ്യമാക്കി കഥയിലും വെള്ളിത്തിരയിലും ഒര്‍ജിനാലിറ്റി വരുത്തുവാന്‍ ശ്രമിക്കുമ്പോള്‍ പുതുതലമുറയുടെ മുഖമൊന്ന് ഓര്‍ക്കുക. നാം കാണുന്നതൊന്നും യാഥാര്‍ത്ഥ്യമല്ലെന്നും യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കലാണെന്നും പുതുതലമുറ മറക്കരുത്. സിനിമായിലെ പ്രണയവും മരംചുറ്റി പാട്ടും ഒരു യഥാര്‍ത്ഥജീവിതത്തിന്റെ നേര്‍ കാഴ്ചയല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ ആരെങ്കിലും അത് അനുകരിച്ചാല്‍ മാനസികാസ്വാസ്ഥ്യം ഉള്ളവരെന്ന് മുദ്രണം ചെയ്യപ്പെടും. കലാകാരന്‍ കലയെ കലയായി കണ്ടാല്‍ മറ്റൊരു കൂട്ടര്‍ അതിനെ തൊഴിലാക്കി കണ്ട് തുടങ്ങി എന്ന് കൂടി ഓര്‍ക്കണം.ഭയം കലാകാരന് മുഖത്ത് വരുന്ന രസമാണെങ്കില്‍ അനുഭവിക്കുന്നവന് ഉള്ളിലെ തീയാണ്. വികാരം കൊണ്ട് ഒരുവന്‍ കാട്ടാളന്‍ മാറുമ്പോള്‍ അവനില്‍ ഇല്ലാതെ പോകുന്നത് വീണ്ടുവിചാരമാണ്. തെറ്റുകള്‍ ഒരിക്കലും പേരുമാറ്റി പറഞ്ഞാലോ വ്യാഖ്യാനിച്ച് അതിന് പുതിയമാനം കണ്ടെത്തിയാലോ തെറ്റ് തെറ്റല്ലാതാകുന്നില്ല. സമൂഹത്തില്‍ കുറ്റവാസന ഏറുന്നു എന്നതിന്റെ തെളിവാണ് വാര്‍ത്താമാധ്യമങ്ങള്‍ കുറ്റകൃത്യങ്ങളെ വാര്‍ത്തയാക്കി പ്രത്യേകം അവതരിപ്പിക്കുന്നത്.
കൊലപാതകികളെ വാര്‍ത്തെടുക്കരുത് ആളുമാറിയാലും ഇല്ലെങ്കിലും കത്തി ആഴ്ന്നിറങ്ങും കുറ്റക്കാരനാണോ കോടീശ്വരനാണോ എന്ന് കത്തി നോക്കാറില്ല. കുത്തിയവനേയും കുത്തേറ്റവന്റെ കുടുംബത്തേയും കുത്ത്പാളയെടുപ്പിക്കും വാളെടുക്കുന്നവന്‍ വാളാല്‍ എന്ന സന്ദേശം ആരും മറക്കരുത്. ഉള്ളില്‍ കരുതിയ പകതീര്‍ക്കാന്‍ ഒരുവനെ ക്വൊട്ടേഷന്‍ കൊടുത്തോ കുത്തിയോ വെട്ടിയോ കൊന്നാല്‍ മതി എന്ന നിലയിലേക്ക് സാംസ്‌ക്കാര സമ്പന്നമായ ജനസമൂഹം തരം താഴുന്നത് കഷ്ടം തന്നെ. ഒരു മൃഗം അധ: പതിച്ചാല്‍ എത്രത്തോളം? മൃഗത്തോളം മാത്രമെന്നാല്‍ അത് മനുഷ്യനാണെങ്കില്‍ മൃഗത്തെക്കാളും അധ: പതിക്കും എന്നതിന്റെ ശക്തമായ തെളിവുകളാണ് നമ്മുടെ ചുറ്റും നടക്കുന്നത്. കൊലചെയ്യപ്പെടുന്നവനെക്കാള്‍ കൊലപാതകിയെ ലോകം അറിയുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ അനുകൂലിച്ചും പ്രതികൂലിച്ചും കൂടെ ചേരുന്നു. അവര്‍ വരുന്നതും ഇറങ്ങുന്നതും ചിരിക്കുന്നതും ഇരിക്കുന്നതും അങ്ങനെ പലപല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ച് ഹീറോകളാക്കുന്നു. മറ്റൊരു കൂട്ടര്‍ തൂവാലകൊണ്ട് മുഖം മറക്കുന്നു ലജ്ജ ഉള്ളവര്‍ക്ക് കുറ്റകൃത്യം ചെയ്യാതിരുന്നൂടെ.
സത്യം അന്വേക്ഷിച്ചാല്‍ മാത്രം കാണത്തക്ക വിധം മറഞ്ഞാണ് കിടക്കുന്നത് അതിനെ അന്വഷിക്കുന്നതിന് പകരം ഏതിനെയും എന്തിനേയും രാഷ്ട്രീയ വല്‍ക്കരിച്ച് തമ്മിലടിക്കുന്നത് നാടിന്റെ നന്മയ്ക്ക് ചേര്‍ന്നതല്ല.അനീതിക്കെതിരെ പോരാടണം നിശബ്ദരാകാതെ ജനസമൂഹത്തെ പ്രത്യകാല്‍ യുവതലമുറയെ ബോധവല്‍ക്കരിക്കണം. അക്രമികളെ ഒറ്റപ്പെടുത്താനും നാം തയാറാകണം ഇത് അത്യാവശ്യം മാത്രമല്ല ഓരോരുത്തന്റെയും കടമ കൂടിയാണ്.
കോപം എന്നത് ഒരു അലങ്കാരമല്ല അഹങ്കാര നിബിഡമായ ഒരു മനസിന്റെ വൈകല്യമാണ്. കോപം പാപത്തിന്റെ മുന്നോടിയാണ്. കോപിക്കുന്നവരുടെ മാനസികവും ശാരീരികവുമായ ഇടപെടല്‍ ക്രൂരവും പൈശാചികവുമായിരിക്കും. ആത്മ സംയമനത്താല്‍ കോപത്തെ നിയന്ത്രിക്കുന്നവനെ സമൂഹത്തില്‍ നന്മ നല്കുവാനും നല്ലവനായും ജീവിക്കാനും കഴിയൂ. ഒരുവന്റെ കോപക്കൂത്ത് മറ്റൊരുവന്റെ ജീവന് വില പറഞ്ഞു കൊണ്ടാകരുത്.ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ ഉള്ളതിന്റെ അഹങ്കാരത്തില്‍ ചെയ്യുന്നതിന്റെ തിക്തഫലത്താല്‍ കരയേണ്ടി വരും അപ്പോള്‍ ഒറ്റയ്‌ക്കേ കാണൂ എന്ന് മറക്കേണ്ട. നിയന്ത്രണം ഇല്ലാത്ത കോപം മനുഷ്യനെ വിരൂപനും മൃഗതുല്യനുമാക്കുന്നു. എന്നൊരു ചിന്തകന്‍ പറഞ്ഞിട്ടുണ്ട്.
പരസ്പരം ക്ഷമിക്കുവാന്‍ കഴിയാത്തവര്‍ ജീവിതത്തില്‍ സന്തോഷം ആഗ്രഹിക്കാത്തവരാണ്. പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ എന്ന യേശുവിന്റെ വാക്കുകള്‍ ക്ഷമയ്ക്ക് ഉത്തമ ഉദാഹരണമാണ്. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ മര്‍ദ്ധിച്ചവരെക്കുറിച്ചോ അവരുടെ പേര് വിവരങ്ങളെക്കുറിച്ചോ ലോകത്തിന് വലിയ അറിവൊന്നുലില്ല. എന്നാല്‍ അവരോട് ക്ഷമിച്ച മഹാത്മാഗാന്ധിയെ ലോകത്തിന് ശ്രേഷ്ഠമായ നിലയില്‍ അറിയാം. മുക്കിലും മൂലയിലും പെട്ടിക്കടയിലും സൂപ്പര്‍ സിറ്റികളിലും സിനിമാലോകത്തിലെ നായക വീരന്‍മാരുടെ ആരാധന സംഘടനക്കാരുടെ പരസ്യബോഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. അനുകരിക്കാന്‍ തയാറാകുന്ന പുത്തന്‍ തലമുറയ്ക്ക് അവര്‍ കാണിച്ച് കൊടുക്കുന്നത് വൈരാഗ്യം മനസില്‍ പതഞ്ഞ് പൊങ്ങി ക്ലൈമാക്‌സില്‍ വില്ലനെ തല്ലികൊന്ന് ധീരനായി മുന്നേറുന്ന പുത്തന്‍ ശൈലികളാണ്. നായകന്‍മാരെ………. നിങ്ങള്‍ക്കുമില്ലേ ഈ നാടിന്റെ അധ:പതനത്തില്‍ ഒരു പങ്ക്? അനുകരിക്കാന്‍ തയാറായി നിലകൊള്ളുന്ന പുത്തന്‍ തലമുറയേ നിങ്ങളുടെ വീര നായകന്‍മാരുടെ ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കൂ. അവര്‍ അവരുടെ കുടുംബത്തിനായി ജീവിക്കുന്നു.
നാളെയുടെ വാഗ്ദാനമായ തലമുറയേ…….. എവിടേക്കാണീ യാത്ര? വാളിന്റെ വായ്ത്തലയാല്‍ രാജ്യങ്ങള്‍ കീഴടക്കിയ നെപ്പോളിയന്‍ പറഞ്ഞത് ഞങ്ങള്‍ വാളിന്റെ വായ്ത്തലയാല്‍ രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു. എന്നാല്‍ ഒരുവന്‍ ലോകം മുഴുവന്‍ ആയുധം കൂടാതെ സ്‌നേഹവും ക്ഷമയും കൊണ്ട് കീഴടക്കി. നെപ്പോളിയന്റെ വാക്കില്‍ നിറഞ്ഞു നില്‍ക്കുന്നത് പിഴും പോറലും ഏല്‍ക്കാത്ത ആര്‍ക്കും അനുകരിക്കാന്‍ സാധിക്കുന്ന നായകന്‍ ക്രിസ്തുവത്രേ.സ്വന്ത ജീവനേയും മറ്റുള്ള ജീവനേയും നശിപ്പിക്കരുത്. ഒരാത്മാവ് മുഴുലോകത്തെക്കാള്‍ വിലയുള്ളതാണ്.


പാസ്റ്റര്‍. ബോബന്‍ ക്ലീറ്റസ്

Related posts