ഷെമീര്‍ കൊല്ലം എന്ന് പറഞ്ഞാല്‍ പെന്തക്കോസ്ത് മേഖലയില്‍ ഇന്ന് പലര്‍ക്കും പരിചിതനാണ്. ഇദ്ദേഹത്തിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. അനുഭവസാക്ഷ്യമായി വേദി കേറിയ വ്യക്തി പിന്നീട് കണ്‍വന്‍ഷനുകളില്‍ സ്ഥിരസാന്നിധ്യമായി മാറി. സുവിശേഷക പ്രസംഗകന് പിന്നീട് ദുരുപദേശക്കാര്ക്ക് മുന്പില് ധീരപോരാളിയായി. അവിടെ നിന്ന് സഭാ തിന്മകള് തന്റെ പ്രസംഗ വിഷയമാക്കി അരങ്ങുതകര്‍ത്തു. ഇവിടെ ഇരുഅഭിപ്രായക്കാര് ഉണ്ടായി. സുവിശേഷം ദേശത്ത് അറിയിക്കുവാന്‍ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ സഭയുടെ കുറ്റങ്ങള്‍ പറയേണ്ടതുണ്ടോ? ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്നപ്പോള്‍ കൊല്ലം ഷെമീര്‍ പ്രസംഗിച്ചുകൊണ്ടിരുന്നു. അകത്തളത്തിലെ ഗ്രൂപ്പുകള്‍ക്കെതിരെ പ്രസംഗിച്ചു കത്തിക്കയറുമ്പോഴും നവമാധ്യങ്ങളില്‍ ഷമീര്‍ ഗ്രൂപ്പ് ലീഡര്‍ ആയി. ഈ ഗ്രൂപ്പ് സൗഹൃദം തകര്‍ന്നു തട്ടിന്‍പുറത്ത് ആയി. പിന്നീട് തമ്മില്‍ പോരാട്ടം ആയി ആശയങ്ങളില്‍ തുടങ്ങിയ പോരാട്ടം വ്യക്തിപരമായി. ഇതിനോടകം പല ഗുരുതര ആരോപണങ്ങളും ഉയര്‍ന്നു വന്നു. ഇതൊക്കെ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും വലിയ കൂട്ടം ആയിരുന്നു. അമേരിക്കന്‍ യാത്ര തന്റെ സാമ്പത്തിക മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി. ക്രിസ്തു വിശ്വാസിയായി പെന്തക്കോസ്ത് മാര്‍ഗത്തില്‍ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് ശരിയായ ഒരു ഉത്തരം എഴുതിയാല്‍ കര്‍ത്താവും പെന്തക്കോസ്ത് മാര്‍ഗ്ഗവും ഇതിലെ വിശ്വാസികളും തനിക്കു ദോഷമൊന്നും ചെയ്തിട്ടില്ല എന്ന് വ്യക്തമാണ്. പിന്നെ എവിടെയാണ് തെറ്റ് പറ്റിയത്. ഷെമീര്‍ കൊല്ലത്തിന് വേദി തിരിച്ചറിഞ്ഞ് പ്രസംഗിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പൊതുജന സംസാരം. പൊതു യോഗങ്ങളില്‍ അരമന രഹസ്യമായിരിക്കേണ്ടത് അങ്ങാടിയില്‍ പാട്ടാക്കുന്നത് ആരോഗ്യപരമല്ല എന്നതാണ് ജന പക്ഷം. സഭാതല നേതൃത്വത്തെ അവരുടെ ഇലക്ഷന് സമ്പ്രദായങ്ങളിലും ജനം മനം മടുത്തിരിക്കുമ്പോള്‍ പ്രസംഗങ്ങളില്‍ നേതൃത്വവിരുദ്ധ നിലപാട് പ്രസംഗകന് ജനങ്ങളുടെ ഇടയില്‍ മതിപ്പുളവാക്കുന്നു എന്നത് വലിയ സത്യമാണ്. ഈ മന ശാസ്ത്ര പരമായ സമീപനം ഇന്ന് പല പ്രസംഗകരും സ്വീകരിച്ച് വരുന്നു. ചുവര് തകര്‍ത്തു ചിത്രം വരക്കരുതേ എന്നെ പറയാനുള്ളൂ. സഭ എന്നത് നേതൃത്വത്തിലെ ചില വ്യക്തികള്‍ അല്ല. ആയിരക്കണക്കിന് ശുശ്രൂഷകന്മാരും വിശ്വാസികളും ഉള്‍പ്പെട്ടതാണ് സഭാ പ്രസ്ഥാനം. വ്യക്തിപരമായ വിയോജിപ്പ് മൂലം വേദികളിലൂടെയും പരസ്യ യോഗങ്ങളിലൂടെയും പ്രതികരണ ശേഷിയോടെ ആഞ്ഞടിക്കും എന്ന് പറയുമ്പോള്‍ തകര്‍ക്കപ്പെടുന്നത് സമൂഹത്തിന്റെ മുന്പില് സഭയാണ്.
ഐ.പി.സി പാസ്റ്റര്‍ ഷെമീറിന് എതിരല്ല.
ഐ.പി.സി സംസ്ഥാന സെക്രട്ടറിയുടെ കത്ത് ഇത്ര വിവാദമാക്കേണ്ട കാര്യമുണ്ട് എന്ന് തോന്നുന്നില്ല. ഷെമീര്‍ കൊല്ലം ഐ.പി.സി യുമായുള്ള ബന്ധം അന്വേഷിക്കുവാന്‍ പ്രസ്ഥാനത്തെ സമീപിച്ചവര്‍ക്ക് അവര്‍ ചോദിച്ച ചോദ്യത്തിന്റെ മറുപടി മാത്രമായി ഈ കത്ത്. ഷെമീര്‍ കൊല്ലത്തിനെതിരെ ഐ.പി.സി ഒരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ല. ആ കത്തില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യവും ഷെമീര്‍ നിഷേധിച്ചിട്ടുമില്ല. പാസ്റ്റര്‍ ഷെമീര്‍ ഐ.പി.സി അംഗമല്ല എന്ന് പറയേണ്ടത് കൊല്ലം പെരിനാട് സെന്ററിലെ നാന്തിരിക്കല്‍ ഐ.പി.സി ചര്‍ച്ചാണ്. ആ സഭയ്ക്ക് താങ്കളെ ക്കുറിച്ച് പരാതി ഒന്നും തന്നെയില്ല. സെന്റര്‍ ശുശ്രൂഷകന് പാസ്റ്റര്‍ എഫ്.രാജന് താങ്കളുടെ ശുശ്രൂഷയില്‍ സഭാ നേതൃത്വത്തിന് എതിരെ ഒന്നും തന്നെ പറയരുത് എന്ന് സ്നേഹത്തോടെ ഉപദേശിച്ചിട്ടുണ്ട് എന്നാണ് അറിവ്. ഇവിടെ കത്ത് ഏറ്റു വാങ്ങിയ ചോദ്യ കര്‍ത്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് പ്രശ്നമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ടും കൊടുത്തും മുന്നോട്ട് പോകുന്ന താങ്കള്‍ ഇത് വല്യകാര്യമാക്കെണ്ടതുണ്ടോ? പാസ്റ്റര്‍ കെ.സി ജോണിനെതിരെ പരസ്യ പ്രതികരണം നടത്തിയതിന് സഭാ നേതൃത്വം താങ്കള്‍ക്കെതിരെ നടപടി കൈകൊണ്ടു എന്ന് പ്രചരിപ്പിക്കുമ്പോള്‍ ലഭിക്കാവുന്ന സഹാനുഭൂതിയാണ് ലക്ഷ്യം എന്ന് ചിലര്‍ പറയുന്നതില്‍ സത്യമുണ്ടോ? നടപടി കൈകൊള്ളുവാന്‍ കൌണ്‍സിലിലേക്ക് ഈ വിഷയം കൊണ്ടു വരുവാന്‍ ഈ നടന്ന ചര്‍ച്ചകള്‍ മാത്രം മതിയെന്ന സ്ഥിതിയിലായി. സെക്രട്ടറിയുമായി സംസാരിച്ച ഫോണ്‍ സംഭാഷണം അദ്ധേഹത്തിന്റെ അറിവ് കൂടാതെ രഹസ്യമായി അത് റിക്കോര്‍ഡ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് തെറ്റല്ലേ? ഈ വിഷയങ്ങളില്‍ യാതൊരു വിധ ബന്ധവും ഇല്ലാത്ത പാസ്റ്റര്‍ രാജു പൂവക്കലയ്ക്കെതിരെ ആരോപണം ഉന്നയിച്ചതും തെറ്റല്ലേ? നേതൃത്വങ്ങള്‍ക്കെതിരെയും പൊതു വേദികളിലും അതു ലഭിച്ചില്ലെങ്കില്‍ പരസ്യ യോഗങ്ങളിലും പ്രതികരിക്കും എന്ന് പറഞ്ഞത് യോഗ്യമാണെന്ന് തോന്നുന്നുവോ?
ഇതെല്ലാം തനിക്കു താന്‍ തന്നെ കുഴികുഴിക്കുന്നു എന്ന പോലെയാണ്… ഐ.പി.സി യിലെ നിയമപരമായ നിയമനം മൂലം ലഭിക്കുന്ന പാസ്റ്റര്‍ പദവി താങ്കള്‍ക്ക് ഇല്ലയെന്നുള്ളത് സുവിശേഷ പ്രസംഗകന്റെ അയോഗ്യത അല്ല. ഐ.പി.സി യുടെ ഐഡി കാര്‍ഡു താങ്കള്‍ ഒരിക്കല്‍ ആവശ്യപ്പെട്ടിരുന്നു അതിന്റെ അര്‍ത്ഥം ഇതിന് പ്രാധാന്യം ഉണ്ടെന്ന് അന്ന് തോന്നിയിരുന്നില്ലേ? വിഷയങ്ങളെ പര്‍വ്വത വല്ക്കരിക്കുന്നവര് ഷമീര്‍ കൊല്ലത്തിന് ഉപകാരം ചെയ്യുന്നു എന്ന രൂപേണ അദ്ധേഹത്തിന്റെ ശുശ്രൂഷകള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ്.
ഷെമീര്‍ എന്ന പച്ച മനുഷ്യനും ഐ.പി.സി എന്ന മഹാപ്രസ്ഥാനവും.
