തെരുവോരം മുരുകന്‍ തെരുവിന്റെ വെളിച്ചം.

മിഴ്‌നാട് സ്വദേശികളായ ഷണ്‍മുഖത്തിന്റെയും വള്ളിയുടെയും മകനായി ഇടുക്കിയിലെ പീരുമേട്ടിലാണ് മുരുകന്റെ ജനനം. 2-ാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ പീരുമേട് ബസ്റ്റാന്റില്‍ വച്ച് മകന്‍ വീട്ടിലേക്ക് പൊയ്‌ക്കോ അച്ഛന്‍ വന്നോളാം എന്ന് പറഞ്ഞ് പോയ അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ച് പോവുകയാണെന്ന് പിന്നീടാണ് മുരുകന് മനസ്സിലായത്. 4 വര്‍ഷത്തിന് ശേഷം തിരികെ വന്ന അച്ഛന്‍ ഷണ്‍മുഖന്‍ കുടുംബത്തെ എറണാകുളത്തേയ്ക്ക് തന്റെ കൂടെ കൊണ്ട് പോയി. അങ്ങനെയാണ് ദുര്‍ഗന്ധം വമിക്കുന്ന അന്ധകാരകോളനിയെന്ന് അറിയപ്പെടുന്ന താമസക്കാരനായത്. കുപ്പ പെറുക്കി നടന്ന ബാല്യം തന്നെ തെരുവിന്‍രെ ദുരിതം പഠിപ്പിച്ചു. 8-ാം വയസ്സില്‍ പള്ളുരുത്തിയിലെ ഡോണ്‍ബോസ്‌കോ സ്‌നേഹഭവന്‍ അനാഥാലയത്തിലെത്തി അവിടെ നിന്നാണ് അക്ഷരാഭ്യാസവും തൊഴില്‍ പരിശീലനവും ലഭിച്ചത്. പകല്‍ മുഴുവന്‍ തെരുവോര സംഘടനയിലൂടെ ആശ്രയമില്ലാത്തവര്‍ക്ക് തണലാകുന്ന മുരുകന്‍ രാത്രി മുഴുവന്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തും.ഫെയ്ത്ത് ട്രാക്ക് റിപ്പോര്‍ട്ടര്‍ ബ്ലസന്‍ ചെറുവക്കല്‍ തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം.
1.ഈ മേഖലയിലേക്ക് തിരിയാനുള്ള കാരണം?
ജീവിതത്തില്‍ ഒന്നും നേടാന്‍ വേണ്ടി തുടങ്ങിയതല്ല ഇത്. ഇതില്‍ എത്ര മാത്രം ചെയ്തു എന്ന് വിലയിരുത്തേണ്ടത് ഞാനല്ല സമൂഹമാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവില്‍ അലഞ്ഞു തിരിഞ്ഞ വ്യക്തിയാണ് ഞാന്‍ എന്റെ ചെറുപ്പകാലത്തില്‍ വണ്ടിപ്പെരിയാറില്‍ നിന്നും കൊച്ചിയുടെ തെരുവിലേക്ക് കുടിയേറിപ്പാര്‍ത്തു. അവിടെ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അലഞ്ഞ സമയങ്ങളായിരുന്നു. മറൈന്‍ ഡ്രൈവിലെ ചില ബേക്കറികളില്‍ കയറി പലരും ഭക്ഷണം കഴിക്കുമ്പോള്‍ ദൈവമേ…..അവര്‍ പകുDSC_0213തി ഭക്ഷണമേ കഴിക്കാവൂ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. കാരണം അവര്‍ ഭക്ഷണം ബാക്കി വച്ചാല്‍ മാത്രമേ എനിക്ക് അത് കിട്ടുകയുള്ളൂ. വൈകിട്ട് കട അടക്കുമ്പോള്‍ വേയ്സ്റ്റ് എടുക്കാന്‍ ഞാന്‍ചെല്ലും. എന്നെപ്പോലെ ഒരുപാട് പേര്‍ ഇതും കാത്ത് അവിടെ നില്‍ക്കും എല്ലാവരെയും തള്ളിമാറ്റി ഞാന്‍ ആ ഭക്ഷണ അവശിഷ്ടം കൈക്കലാക്കും. അതില്‍ പ്ലാസ്റ്റിക്ക് കാണും പെപ്‌സി,കൊക്കോകോള തുടങ്ങിയവയുടെ അലൂമിനിയം ഷീറ്റുകള്‍ കാണും ഇതെല്ലാം എടുത്തുമാറ്റി ഭക്ഷണം കഴിക്കും. മാര്‍ക്കറ്റില്‍ എലിയെ പിടിച്ച് കൊടുത്ത് പൈസയുണ്ടാക്കി ജീവിച്ചയാളാണ് ഞാന്‍. പിന്നെ 10 വര്‍ഷത്തോളം അനാഥാലയത്തില്‍ കഴിഞ്ഞയാളാണ്. ഇതൊക്കെ തന്നെയാണ് ഇത്തരം മനുഷ്യ സ്‌നേഹം മനസ്സില്‍ വരുവാനുണ്ടായ സാഹചര്യം. പിന്നെ ദൈവീക പാതയില്‍ പിന്തുടരുക എന്നതും എന്റെ ഒരു താല്പര്യമാണ്. മദര്‍തെരേസയാണ് എന്റെ റോള്‍മോഡല്‍. തെരേസയുടെ പാദങ്ങള്‍ പിന്തുടര്‍ന്നാണ് എന്റെ യാത്ര.
2.ലഭിച്ച അവാര്‍ഡുകളും പ്രോത്സാഹനങ്ങളും?
പൊതുജനങ്ങളില്‍ നിന്നുള്ള അംഗീകാരമാണ് എന്റെ ഏറ്റവും വലിയ പ്രോത്സാഹനം. അതുകൊണ്ടാണല്ലോ തെരുവോരം മുരുകന്‍ ഒരു തെരുവില്‍ ചെന്നിട്ട് ഒരാളെ എടുത്തുകൊണ്ട് വരുമ്പോള്‍ താന്‍എന്തിനാണ് ഇത് ചെയ്യുന്നത്? താന്‍ അവരുടെ കിഡ്‌നി എടുക്കാനല്ലേ? എന്നൊന്നും ആരു ചോദിക്കാത്തത്. നമ്മള്‍ ചെയ്യുന്നത് സുതാര്യമാണ്. യാഥാര്‍ത്ഥ്യം ഉണ്ടെന്ന് മനസ്സിലാക്കിയിട്ടാണല്ലോ ജനങ്ങള്‍ എന്റെ കൂടെ നില്‍ക്കുന്നത്.
പിന്നെ അവാഡ് എന്ന് പറയുന്നതൊക്കെ ദൈവത്തിന്റെ ദാനമാണ്. അവാര്‍ഡിനുവേണ്ടിയല്ലഞാന്‍ പ്രവര്‍ത്തിക്കുന്നത്. അവാര്‍ഡ് കിട്ടുമ്പോള്‍ നാം അഹങ്കരിക്കരുത്. അവാര്‍ഡ് എന്നു പറയുന്നത് നാം ആഗ്രഹിക്കേണ്ട കാര്യമല്ല. അവാര്‍ഡ്, അംഗീകാരം ഇതൊക്കെ മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ നന്മയുണ്ടെങ്കില്‍ നമ്മെ തേടി എത്തും. ടൈംനൗ ചാനലിന്റെ അമൈസിങ്ങ് ഇന്ത്യന്‍ പുരസ്‌കാരം, രാഷ്ട്രപതിയുടെ വനിതാ-ശിശു മന്ത്രാലയ അവാര്‍ഡ്, ക്ഷേമാ പുരസ്‌കാരം, എ.പി.അസ്ലാം അവാര്‍ഡ് അങ്ങനെ നിരവധി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. എങ്കിലും എനിക്ക് അതിലുപരി ദൈവത്തിന്റെ അവാര്‍ഡിനോടാണ് താല്പര്യം.
3. ഈ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സഹായം എങ്ങനെയാണ്?
കേരളാ ഗവണ്‍മെന്റ് ഒരു ചെറിയ ഗ്രാന്റ് നല്കുന്നുണ്ട്. അതാണ് പ്രധാന സാമ്പത്തിക ശ്രോതസ്സ.് ഞാന്‍ ആരോടും ഇതിന്റെ സാമ്പത്തിക സഹായം ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ എനിക്ക് ഇതുവരെ ഒരു പേരോ, വിവരങ്ങളോ അറിയാത്ത വ്യക്തികള്‍ എനിക്ക് സഹായം ചെയ്യുന്നുണ്ട്. അതല്ലാതെ സ്ഥിരമായ യാതൊരു വരുമാനവും എനിക്കില്ല. എങ്കിലും ഇത്തരം സഹായങ്ങള്‍ ചെയ്യുന്നവരോടുള്ള നന്ദിയെ ഇപ്രകാരം രേഖപ്പെടുത്തുന്നു.
4.കുടുംബത്തെപ്പറ്റി?
ഭാര്യയുടെയും കുടുംബത്തിന്റെയും പൂര്‍ണ്ണ പിന്തുണ ഉണ്ടായതുകൊണ്ടാണ് ഇത്തരത്തില്‍ സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കയില്ല. എന്റെ പ്രവര്‍ത്തനത്തിലും, എന്റെ കൂടെയുള്ളവരിലും, ഞാന്‍ ഇഷ്ടപ്പെടുന്നവരിലും, എന്നെ സ്‌നേഹിക്കുന്നവരിലും എല്ലാം സത്യസന്ധതയിണ്ടായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. അങ്ങനെയുള്ളവര്‍ മാത്രമാണ് എന്റെ സൗഹൃദങ്ങളും എന്റെ സുഹൃത്തുക്കളും എന്റെ ബന്ധങ്ങളും അല്ലാത്ത ഒരാളുമായും എനിക്ക് സൗഹൃദമില്ല. എനിക്കൊരു കുട്ടിയുണ്ട് പേര് ആരിഷ രണ്ടേകാല്‍ വയസ്സ.്
5. തുടര്‍ കാഴ്ചപ്പാടുകള്‍?
തുടര്‍ കാഴ്ചപ്പാടുകള്‍ പ്രത്യേകിച്ച് ഒന്നും തന്നെയില്ല. ഇന്നത്തേക്കുള്ളതു നോക്കും. നാളത്തേക്കുള്ള അരിയും ഭക്ഷണവും കിട്ടുന്നുണ്ടോന്നല്ലാതെ പുതിയതായി പദ്ധതികളൊന്നുമില്ല. പിന്നെ തെരുവിലുള്ള ആളുകളെ രക്ഷപ്പെടുത്തണം അത്രമാത്രമേ ഉള്ളൂ. തെരുവില്‍ അലഞ്ഞ് തിരിയുന്നവര്‍ ആരും ഉണ്ടാകാന്‍ പാടില്ല. ഒരു പദ്ധതികളും ചെയ്യാന്‍ കഴിയുന്ന മേഖലയല്ലിത്. നമ്മള്‍ ആഗ്രഹിക്കുന്നത് തെരുവില്‍ ഒരാളുപോലും കിടക്കരുത് എന്നാണ്. പിന്നെ ഭാവിയില്‍ തെരുവിലുള്ള ആളുകള്‍ക്ക് ഒരു സ്ഥാപനം തുടങ്ങും എന്ന് പറയുന്നത് തന്നെ തെറ്റാണ്. തെരുവില്‍ ആളുകള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുമ്പോള്‍ ഒരു സ്ഥാപനം അല്ല നമുക്ക് വേണ്ടത്. തെരുവില്‍ ഒരാളുപോലും ഭിക്ഷയെടുക്കാനും , ഭക്ഷണപൊതിക്കുമായി കാത്തിരിക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. കാരണം ദാരിദ്ര്യം നമ്മുടെ സമൂഹത്തില്‍ നിന്ന് തുടച്ച്മാറ്റാന്‍ കഴിയണം. അത് ഒരാളുടെ മാത്രം ഉത്തരവാദിത്വം അല്ല. ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വം ആണ്. അത് ഈ സമൂഹം ഏറ്റെടുക്കണം. അതിനു വേണ്ടിയാണ് ഞാന്‍ ഈ സമൂഹത്തിലേക്ക് ഈ സന്ദേശം എത്തിക്കുന്നത്. ദാരിദ്ര്യം സമൂഹത്തില്‍ ഉണ്ടാകരുത്, ഭിക്ഷയെടുക്കാന്‍ ആളുകള്‍ ഉണ്ടാകരുത്, ഭക്ഷണപ്പൊതിയും കാത്ത് ആളുകള്‍ ഉണ്ടാകരുത്, കിടക്കാന്‍ സ്ഥലവും, പാര്‍പ്പിടവും, സംരക്ഷണവും, ചികിത്സയും, മരുന്നും കിട്ടുന്ന ഒരു സംവിധാനം നമ്മുടെ ഇന്ത്യയില്‍ ഉണ്ടാകണം. അതാണ് എന്റെ ആഗ്രഹം.
6. സമൂഹത്തോടുള്ള സന്ദേശം?
ഒരു മനുഷ്യന് നന്നാവണമെങ്കില്‍ അവന്‍ സ്വയം ചിന്തിക്കണം. അയല്‍വക്കത്തെ ആള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞിട്ട് നമുക്ക് എന്ത് പ്രയോജനം? സ്വയം ഒരാള്‍ നന്നാവാന്‍ തീരുമാനിച്ചെങ്കിലേ അയാള്‍ക്ക് നന്നാകാന്‍ പറ്റുകയുള്ളൂ. അപ്പുറത്തെ ചേട്ടന്റെ വീട് 3 നിലയാണ്, അതിനപ്പുറത്തെ വീട് 5 നിലയാണ്, അതിനപ്പുറത്തെവീട് 10 നിലയാണ് അങ്ങനെങ്കില്‍ എനിക്ക് 15 നിലവീട് വെയ്ക്കണം, ബെന്‍സ് കാറ് വാങ്ങണം എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് സമൂഹത്തില്‍ അധികം പേരും. മനസ്സിന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ പറ്റുന്നവര്‍ക്കെ ജീവിതത്തില്‍ ഉന്നത വിജയം നേടാന്‍ കഴിയുകയുള്ളൂ. മനസ്സിലെ എല്ലാ ആഗ്രഹങ്ങളും നടപ്പാക്കുകയല്ല ഉദ്ദേശം മനസ്സ് ഇപ്പോള്‍ പറയും നമുക്ക് അമേരിക്കയില്‍ പോകണം അല്ലെങ്കില്‍ ആകാശത്ത് കൂടെ പറക്കണം പറക്കാന്‍ പറ്റുമോ? മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്ന പക്വതയുള്ള ഒരു ജീവിതം ദൈവഭക്തിയില്‍, ദൈവകൃപയില്‍ പിന്തുടരണം. അതിന് മനസ്സിന്റെയുള്ളില്‍ നന്മയുണ്ടാകണം, കാരുണ്യം, സ്‌നേഹം ഇവയുണ്ടാകണം അതാണ് ഇന്ന് സമൂഹത്തില്‍ ഇല്ലാത്തത്. അതാണ് ഇന്ന് സമൂഹത്തില്‍ വേണ്ടതും.

 ഫെയ്ത്ത് ട്രാക്കിന് വേണ്ടി ബ്ലസന്‍ ചെറുവക്കല്‍

Related posts