അനുഭവസാക്ഷ്യം
ഡോക്ടറുടെ വിധിയെ മാറ്റിയെഴുതിയവനായ ദൈവം.
സകല ഭക്തന്മാരുമായുള്ളോരേ വന്നു കേള്‍ക്കുവിന്‍. അവന് എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാന്‍ വിവരിക്കാം (സങ്കീര്‍ത്തനം: 66:16)
എന്റെ പേര് ലീലാമ്മ സാമുവേല്‍. ഒരു ക്രിസ്തീയ കുടുംബത്തില്‍ എട്ട് സഹോദരങ്ങളോടൊപ്പം ജനിച്ച് വളര്‍ത്തപ്പെട്ടവളായിരുന്നു ഞാന്‍. സാധാരണ ഒരു ക്രിസ്തീയ ഭവനത്തില്‍ ജനിച്ചു വളര്‍ത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് കിട്ടേണ്ടതായ ദൈവീക പരിശീലനം എന്റെ ഭവനത്തില്‍ നിന്നും എനിക്ക് കിട്ടിയിരുന്നു. 12-ാം വയസ്സില്‍ എന്റെ യേശുവിനെ സ്വന്തം കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ചു.
നല്ല സാമ്പത്തിക ശേഷിയുള്ള ഒരു മര്‍ത്തോമ കുടുംബത്തില്‍ ജനിച്ചുവളര്ത്തപ്പെട്ടു എങ്കിലും എന്തോ നഷ്ടപ്പെട്ട പ്രതീതി, ശൂന്യത എന്നില്‍ അനുഭവപ്പെട്ടുകൊണ്ടിരുന്നു. ചെറുപ്രായത്തിലെ വചനം വായിക്കുക, ഉപവസിക്കുക, പ്രാര്‍ത്ഥിക്കുക ഒക്കെ എന്റെ ശീലമായിരുന്നു. ഈ ലോകപ്രകാരമുള്ള സുഖസൗകര്യങ്ങളെക്കാള്‍ ഏറെ ദൈവീകമായ സമാധാനവും സന്തോഷവുമാണ് വിലപ്പെട്ടതെന്ന് മനസ്സിലാക്കി അതിനു അനുസരണമായ ഒരു കുടുംബത്തിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു മര്ത്തോമ്മകാരനെ തന്നെ വിവാഹം കഴിക്കുവാനായിരുന്നു ആഗ്രഹം. എന്നാല്‍ യെശയ്യാവ് 55:8 ല്‍ പറഞ്ഞിരിക്കുന്നത് പോലെ എന്റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങള്‍ അല്ല, നിങ്ങളുടെ വഴികള്‍ എന്റെ വഴികളുമല്ല. അവന്റെ വഴികളും വിചാരങ്ങളും എന്നെക്കാള്‍ ഉന്നതമായിരുന്നു. ആയതിനാല്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.
എന്റെ നഴ്സിംഗ് വിദ്യാഭ്യാസം കഴിഞ്ഞ് 1986-ല്‍ ഒരു ദൈവദാസന് എന്റെ ഭര്‍ത്താവാകുവാന്‍ ഇടയായി. വചനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിനു മുമ്പെ ഞാന്‍ നിന്നെ അറിഞ്ഞു. നീ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തു വന്നതിനു മുമ്പെ ഞാന്നിന്നെ വിശദീകരിച്ചു. ജാതികള്‍ക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു(യിരെമ്യാവ്:1:5)1993 -ല്‍ ഡാളസ്സില്‍ വച്ച് ദൈവകല്പനയായ ജലസ്നാനം എടുക്കുവാന്‍ ദൈവം എനിക്ക് ഇടയാക്കി. നാശകരമായ കുഴിയിലും കുഴഞ്ഞ ചേറ്റിലും കിടന്നിരുന്ന എന്നെ തേടിവന്ന് ക്രിസ്തുവാകുന്ന പാറയില്‍ എന്നെ ഉറപ്പിച്ച് നിര്‍ത്തുന്നതിനു എന്റെ സര്‍വ്വശക്തനായ ദൈവത്തിനു പ്രസാദം തോന്നിയതിനു ഞാന്‍ നന്ദി കരേറ്റുന്നു. എന്റെ ദൈവം കൂടുതല്‍ എന്നെ സ്നേഹിക്കുന്നുവെന്നും എന്റെ വിളിയിലും തിരഞ്ഞെടുപ്പിലും ദൈവത്തിനു പ്രത്യേക ഉദ്ദേശമുണ്ടെന്നും ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ആയതുകൊണ്ടാണ് എട്ട് സഹോദരങ്ങളില്‍ എന്നെ മാത്രം തിരഞ്ഞെടുത്തത്. ദൈവം നാലു കുഞ്ഞുങ്ങളെ ദാനമായി തന്നു. കുടുംബമായി ഞങ്ങള്‍ ദൈവവേലയില്‍ ആയിരിക്കുന്നു.
അമേരിക്കയിലെ 25 വര്‍ഷത്തെ ജീവിതത്തിനു ശേഷം എനിക്ക് ഒരു ബയോപ്സിയിലൂടെ കടന്നുപോകേണ്ടി വന്നു. 2011 ഫെബ്രുവരി 8 ന് ഞാന്‍ ഒരു കാന്‍സര്‍ രോഗിയാണെന്ന് അമേരിക്കന്ഡോക്ടര്മാര് വിധിയെഴുതി. ഡോക്ടര്‍മാരുടെ വിധിയെ തിരുത്തിയെഴുതുവാന്‍ കഴിവുള്ള ദൈവത്തെയാണ് ഞാന്‍ വിളിച്ചപേക്ഷിക്കുന്നത്. ആ ദൈവത്തിന് ഏത് വിധിയെയും മാറ്റിയെഴുതുവാന്‍ കഴിയും എന്ന് ഉറച്ച് വിശ്വസിച്ചു. ആദ്യം എന്റെ വന്‍കുടലിലാണ് ക്യാന്‍സര്‍ എന്ന് കണ്ട് പിടിച്ചു. CT സ്കാന്‍ ചെയ്തപ്പോള്‍ അത് ലിവറില്‍ ബാധിച്ചിട്ടുണ്ടോ എന്ന് സംശയം ഉണ്ടായിരുന്നു. അത് ശരിയാണോ എന്നറിയുന്നതിന് പെറ്റ്സ്കാന് എന്ന ഒരു ടെസ്റ്റ് കൂടി ചെയ്തു. ലിവറില്‍ ബാധിച്ചിട്ടില്ല എന്ന റിസള്‍ട്ട് വന്നപ്പോള്‍ ദൈവത്തെ മഹത്വപ്പെടുത്തി.
സങ്കീര്‍ത്തനം 17:2 ല്‍ പറഞ്ഞിരിക്കുന്നത് പോലെ എനിക്കുള്ള വിധി നിന്റെ സന്നിധിയില്‍ നിന്നു പുറപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെ പ്രശ്നങ്ങളെ വകവയ്ക്കാതെ രോഗത്തെക്കുറിച്ച് വ്യാകുലപ്പെടാതെ എന്റെ യേശുവിന്റെ മുഖത്തേയ്ക്ക് നോക്കി വിശ്വാസത്തോടെ കാത്തിരുന്നു.
അഗ്നി ശോധനയിലൂടെ കടന്ന് പോയ ആ ദിനങ്ങളില്‍ ദൈവം പുറപ്പാട് 15: 26 ല്‍ കൂടി സ്വപ്നത്തില്‍ എന്നോട് സംസാരിച്ചു.ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവയാകുന്നു.അതിനുശേഷം എനിക്ക് പ്രത്യാശയും ഉറപ്പും ധൈര്യവും ഉണ്ടായിരുന്നു. ആ വാഗ്ദാനത്തെ മുറുകെ പിടിച്ചുകൊണ്ട് ഉപവാസത്തോടും പ്രാര്‍ത്ഥയോടും മഴയ്ക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഞാന്‍ എന്റെ യേശുവിന്റെ മുഖത്തേയ്ക്ക് നോക്കി കാത്തിരുന്നു. അനേക ദൈവമക്കളുടെ പ്രാര്‍ത്ഥനയും ഉപവാസവും എനിക്ക് ആശ്വാസവും വിടുതലും കോട്ടയുമായിരുന്നു. ഒരു കോഴ്സ് കീമോയ്ക്കും റേഡിയേഷനും ശേഷം ഒരു മേജര്‍ സര്‍ജറിയും അതോടൊപ്പം Permanent colostomy യും ആവശ്യമാണെന്ന് എന്റെ ഡോക്ടര്‍ എന്നോട് പറഞ്ഞു. കീമോ തുടങ്ങിയതോടെ അതിന്റെ കോംപ്ലിക്കേഷന് ആയിട്ട് എന്റെ കാലിലെയും പാദത്തിലെയും തൊലി മുഴുവനും ഇളകിപ്പോകാന്‍ തുടങ്ങി. വായ് മുഴുവന്‍ പഴുത്തത് കൊണ്ട് ആഹാരം കഴിക്കുവാന്‍ കഴിയാതെ ശരീരം വളരെ ക്ഷീണിച്ചു. കീമോ ടോളറേറ്റ് ചെയ്യാതെ വന്നപ്പോള്‍ അവര്‍ കുറഞ്ഞ ഡോസില്‍ കീമോ തന്നു കൊണ്ടിരുന്നു. എന്റെ Platelet count,WBC count I കുറഞ്ഞു. ഏത് സമയത്തും എനിക്ക് ഇന്‍ഫക്ഷനും ബ്ലീഡിംഗും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി. ഈ സമയത്ത് ഒക്കെയും ഞാന്‍ ജോലിക്ക് പോകുമായിരുന്നു. രാത്രി ജോലിയും രാവിലെ നാലു മണിക്കൂര്‍ കീമോയ്ക്കും ശേഷമാണ് ഞാന്‍ വീട്ടില്‍ തിരിച്ചത്തുന്നത്. അവധി ദിവസങ്ങളില്‍ മാത്രമായിരുന്നു അല്പം വിശ്രമം ലഭിച്ചിരുന്നത്. കാന്‍സര്‍ രോഗികളുടെ ശരീരത്തില്‍ പ്രതിരോധ ശേഷി പൊതുവെ കുറവായിരിക്കുമല്ലോ.എങ്കിലും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കിയതുപോലെ ഇന്‍ഫക്ഷനോ ബ്ലീഡിംഗോ വരാതെ ദൈവം എന്നെ കാത്തു.
2011 മെയ് ആദ്യ ആഴ്ചയില്‍ ലാപ്പറോസ്കോപ്പിക് സര്‍ജറിയ്ക്ക് ഞാന്‍ വിധേയയായി. Permnent colostomy വേണമെന്ന് പറഞ്ഞ സ്ഥാനത്ത് Temporary colostomy ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് മുറിവില്‍ സഹിക്കാന്‍ കഴിയാത്ത വേദനയുമായി ഞാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. മെയ് 27-ാം തീയതി ഏഴുമണിക്കൂറോളം നീണ്ട ഒരു മേജര്‍ സര്‍ജറി എനിക്ക് വേണ്ടി വന്നു. ബ്ലീഗിംഗ് കലശലായപ്പോള്‍ എനിക്ക് രക്തം സ്വീകരിക്കേണ്ടി വന്നു. അപ്പോള്‍ എടുത്തതായ ബയോപ്സിയുടെ റിസള്‍ട്ടില്‍ കാന്‍സര്‍ സെല്ലുകള്‍ ഇല്ല എന്നറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ എന്റെ ദൈവത്തെ വാഴ്ത്തി. ഡോക്ടര്‍മാരുടെ വിധിയെ മാറ്റിയെഴുതികൊണ്ട് ദൈവത്തിന്റെ കരം അവിടെ വെളിപ്പെട്ടു. മുറിവ് കരിഞ്ഞതോടെ Temporary colostomy നീക്കം ചെയ്തു. ഡോക്ടേഴ്സിന് അത്ഭുതം ഉളവാക്കും വിധം ആഴമേറിയ മുറിവ് വേഗത്തില്‍ കരിഞ്ഞു. ഞാന്‍ പരിപൂര്‍ണ്ണ ആരോഗ്യവതിയായി ജോലിക്ക് പോകുവാന്‍ തുടങ്ങിയപ്പോള്‍ ഒരു രാത്രിയില്‍ അതിഭയങ്കരമായ വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായി കുറവില്ലാതെ വന്നപ്പോള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. Illeus (കുടലുകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥ) ആയി ഡയഗ്നോസ് ചെയ്തു. കുറവ് ഇല്ല എങ്കില്‍ വീണ്ടും സര്‍ജറി വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എങ്കിലും ഞാന്‍ എന്റെ ദൈവത്തിന്റെ സന്നിധിയില്‍ മുട്ട് മടക്കിയതിനാല് രണ്ടുദിവസത്തിനകം എനിക്ക് പരിപൂര്‍ണ്ണ സൗഖ്യം ലഭിച്ചു. അതിനുശേഷം ഇക്കാരണത്താല്‍ എനിക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല. ഈ സമയത്ത് ഒക്കെയും എന്റെ പ്രിയപ്പെട്ടവന് സുവിശേഷവുമായ് നേര്‍ത്ത് ഇന്ത്യയുടെ പ്രദേശങ്ങളില്‍ ആയിരുന്നു. എന്റെ ബന്ധുക്കളോ സ്വന്തക്കാരോ ആരും എന്റെ അടുക്കല്‍ ഇല്ലായിരുന്ന സമയത്ത് എന്റെ സഭയിലെ പ്രിയപ്പെട്ടവരുടെയും കൂട്ടുകാരുടെയും അകമഴിഞ്ഞ ദൈവസ്നേഹം ഞാന്‍ അനുഭവിച്ചറിഞ്ഞു. അവരെയെല്ലാം ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. പെറ്റമ്മയെക്കാള്‍ ഉറ്റുസ്നേഹിക്കുന്ന എന്റെ സ്വര്‍ഗ്ഗത്തിലെ അപ്പന്റെ കരം എന്റെ കൂടെയുണ്ട് എന്ന് ഓരോ ദിവസവും വചനത്തിലൂടെ എന്നെ ബലപ്പെടുത്തികൊണ്ടിരുന്നു. മത്തായി 12-ന്റെ 19 ല്‍ പരഞ്ഞിരിക്കുന്നതു പോലെ ചതഞ്ഞ ഓട ഒടിച്ചുകളയാത്തവനും പുകയുന്ന തിരി കെടുത്താത്തവനുമായ അരുമനാഥന്റെ കരങ്ങളില്‍ ആയിരുന്നു ഞാന്‍. ഉടഞ്ഞ കളിമണ്‍ പാത്രമായിരുന്ന എന്നെ കുശവനായ കര്‍ത്താവിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചപ്പോള്‍ ഒരു മാന പാത്രമായി നിലനിര്ത്തിയിരിക്കുന്നതോര്ത്ത് ഞാന്‍ കര്‍ത്താവിനെ സ്തുതിക്കുന്നു.
ലീലാമ്മ സാമുവല്‍, ഡാളസ്.