ആന്റി ക്രൈസ്റ്റ്.
തോമസ് തോന്നയ്ക്കല്‍
കുരിശുമല കയറി പുരുഷാരം പ്രാര്‍ത്ഥനാ കൂടാരത്തിലേയ്ക്കൊഴുകി. ആഘോഷ നിറവിലായിരുന്നു ജനം.
നഗരപ്രാന്തത്തിലെ പഴയ നരിമല എസ്റ്റേറ്റാണ് ഇപ്പോഴത്തെ കുരിശുമല. എസ്റ്റേറ്റിലെ റബ്ബര്‍ മരങ്ങള്‍ വെട്ടിവെളുപ്പിച്ച് ജെസീബി കൊണ്ട് കുന്നിടിച്ച് നിരപ്പാക്കിയ സ്ഥലത്ത് തകരഷീറ്റിട്ട വലിയ പന്തലാണ് പ്രാര്‍ത്ഥനാ കൂടാരം. കുന്നുകയറി വരുമ്പോഴേ കൂടാരത്തിന് മുന്നിലെ ബോര്‍ഡ് വായിക്കാം: ”കുരിശുമല പ്രാര്‍ത്ഥനാ കൂടാരം.” ബോര്‍ഡിന് മുന്നില്‍ കറുത്തൊരു കല്‍ക്കുരിശ് കഴുത്തുനീട്ടി നിന്നു.
കൂടാരത്തില്‍ ആരാധനയുടെ ഗംഭീര ധ്വനി മുഴങ്ങി. ബ്രദര്‍ തമ്പാന് വേദിയില്‍ പ്രത്യക്ഷനായി, സിംഹാസന കസേരയില്‍ ചാഞ്ഞിരുന്നു. തൂവെള്ള നിറത്തിലെ ജുബ്ബായും പൈജാമയുമാണ് വേഷം. വെട്ടിയൊതുക്കിയ ധാടിയും നീണ്ടമുടിയും ബ്രദര്‍ തമ്പാന് സാത്വികഭാവം നല്കി. മുടിയിഴകള്‍ തഴുകി ചിന്താമഗ്നനായിരുന്ന വെളുപ്പന് തമ്പാനെ ആള്‍ക്കൂട്ടത്തിലിരുന്ന അമ്മിണി സാകൂതം നോക്കി. അവള് അടുത്തിരുന്ന മേരിയെ തോണ്ടിക്കൊണ്ട് പറഞ്ഞു.
”നോക്കെടീ.. എന്തോരു ചന്തം. ജീസസിനെ പോലുണ്ട്…”
”എടീടി.. സോസ്ത്രം പറഞ്ഞുകൊണ്ടിരിക്ക്. നിന്റെ കെട്ടിയോന്റെ കള്ളുകുടി മാറട്ടെ.”
മേരി അമ്മിണിയെ ഉപദേശിച്ചു.
ജനത്തെ എഴുന്നേറ്റുനിന്ന് കൂടെ പാടാനും ആടാനും ക്വയര്‍ ആഹ്വാനം ചെയ്തപ്പോള്‍ എല്ലാ വരും എഴുന്നേറ്റ് കരങ്ങള്‍ ഉയര്‍ത്തി ആരാധിച്ചു. മേരിയും എഴുന്നേറ്റ് കരങ്ങള്‍ ഉയര്‍ത്തി വീശി. ഇടയ്ക്ക് കണ്ണുതുറന്ന് അമ്മിണിയെ നോക്കി. അവള് കോട്ടുവായിട്ട് നിര്വ്വിചാരിയായി എന്തോ ആലോചിച്ചിരുന്നു.
”എഴുന്നേല്‍ക്കെടി. എഴുന്നേറ്റ് പാടി സ്തുതിക്ക്”
മേരി ശാന്തസ്വരത്തില്‍ പറഞ്ഞു.
”നീ ചാടിക്കോ.. എനിക്കു വയ്യ”
ഇതുംപറഞ്ഞ് അമ്മിണി കസേരയില്‍ ചാഞ്ഞിരുന്നു.
മേരി മുഖം വീര്‍പ്പിച്ച് എന്തൊക്കെയോ പറഞ്ഞു സ്തുതിച്ചു.
ഗാനശുശ്രൂഷ കഴിഞ്ഞപ്പോള്‍ തമ്പാന് മുന്നോട്ട് വന്ന് കരങ്ങള്‍ വീശി ഹല്ലേലൂയ്യാ പറഞ്ഞു. ജനവും അതേറ്റുചൊല്ലി. വീണ്ടും വീണ്ടും തമ്പാന് ഹല്ലേലൂയ്യാ പറഞ്ഞു. അവിടെ ആവേശം തിരയടിച്ചു.
”ദിസ് ഈസ് ദ ഡേ ഓഫ് മിറാക്കിള്‍!” ഇത് അത്ഭുതത്തിന്റെ മഹാദിനമാണ്.
പഴയ പ്രീഡിഗ്രിക്കാരന് തമ്പാന് ഉറക്കെ വിളിച്ചുപറഞ്ഞു.
ചിട്ടിപ്പിരിവും പാട്ടവുമായി നടന്ന തമ്പാന് പ്രസംഗത്തിനിടെ ഇംഗ്ലീഷ് വാക്കുകളും വാചകങ്ങളും തിരുകിക്കയറ്റുക പതിവാണ്.
വലിയ അത്ഭുതങ്ങള്‍ നടക്കാന്‍ പോവുകയാണെന്ന് തമ്പാന് പറഞ്ഞപ്പോള്‍ ജനം ആര്‍ത്തു.
”ഇന്ന് രാത്രികാലം ചില അത്ഭുതങ്ങള്‍ നടക്കും. ഇന്നു രാത്രി ചില രോഗികള്‍ സൗഖ്യമാകും. ഭൂതങ്ങള്‍ വിട്ടുപോകും.”
തമ്പാന്റെ സെക്രട്ടറിയും കുരിശുമലയിലെ രണ്ടാമനുമായ ജോസുകുട്ടി ബ്രദര്‍ വേഗം നടന്നുചെന്ന് തമ്പാന്റെ ചെവിയില്‍ പറഞ്ഞു:
”അച്ചാ.. ഇത് പകലാ. രാത്രീന്ന് പറയാതെ..”
”ഓക്കെ.. ഓക്കെ… പകലെങ്കി പകല്‍.” തമ്പാന് പറഞ്ഞു.
ജോസുകുട്ടി അടക്കമാണ് പറഞ്ഞതെങ്കിലും ജനം ഉച്ചഭാഷിണിയിലൂടെ എല്ലാം കേട്ടു. ആള്‍ക്കൂട്ടത്തില്‍ ഒരു ചിരി പടര്‍ന്നു.
”എല്ലാവരും ഉറക്കെ ഒരു ഹല്ലേലൂയ്യാ പറഞ്ഞാട്ടെ” ജാള്യത മാറ്റാന്‍ തമ്പാന് ശ്രമിച്ചു.
”ആമേന്‍, ആമേന്‍…
കാല്‍വറി ലോര്‍ഡ്
കാല്‍വറി ലോര്‍ഡ്’
തമ്പാന് ഉറക്കെ പറഞ്ഞപ്പോള്‍ ജനവും ആമേനും കാല്‍വറി ലോര്‍ഡും പറഞ്ഞു ആര്‍ത്തു.
ഒടുവില്‍ തമ്പാന് വചനശുശ്രൂഷയിലേക്ക് കടന്നു. യോഹന്നാന്റെ മൂന്നാം ലേഖനം രണ്ടാം വാക്യം വായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരാള്‍ ഉറക്കെ വായിച്ചു.
”പ്രിയനെ, നിന്റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ, നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”
വചനഭാഗം തമ്പാന് ഉറക്കെ ആവര്‍ത്തിച്ചു.
”സകലത്തിലും ശുഭമായും സുഖമായും…”
തമ്പാന് വചനം ജനത്തെക്കൊണ്ട് ഏറ്റുചൊല്ലിച്ചു.
”പ്രിയ മകനേ, മകളേ.. ഇത് നിനക്ക് സകലവും ശുഭം വരുന്ന രാത്രികാലമാണ്. അല്ല പകല്‍ക്കാലമാണ്. നിന്റെ കച്ചവടവും ബിസിനസ്സും കുടുംബവും തലമുറയും അവരുടെ പഠിത്തവും നിന്റെ എല്ലാ കൃഷിയും ആടുമാടുകളും അവയുടെ പേറു പിറപ്പും, നിന്റെ വീടുപണി, വസ്തുക്കച്ചവടം, വണ്ടിക്കച്ചവടം എല്ലാം ശുഭമാകും. ക്യാന്‍സര്‍രോഗം, ഡയബറ്റിക്, ഉദരരോഗം, അള്‍സര്‍, ഹൃദ്രോഗം, കരള്‍രോഗം, കാല്‍മുട്ടു വേദന, തലവേദന, നെഞ്ചുവേദന, പനി, പിടപിടപ്പ്, ചങ്കിടിപ്പ് എല്ലാം ഇപ്പോള്‍ത്തന്നെ സുഖമാകും… ശുഭമാകും.. ഇത് നിന്റെ അവസ്ഥ മാറുന്ന പകല്‍ക്കാലമാണ്. നിന്റെ സാമ്പത്തികസ്ഥിതി മാറും. കടം മാറും. ഡോളറും ദിനാറും നിന്റെ അക്കൗണ്ടില്‍ നിറയും. ഫോറിന് കറന്‍സികള്‍ പറപറന്നെത്തും. ചിട്ടിയും പാട്ടവും നിന്നെത്തേടിയെത്തും. നീ ഇനി ദരിദ്രനല്ല, കടക്കാരനല്ല. നിന്റെ മേലും നിന്റെ കുടുംബത്തിലും ബിസിനസ്സിലും കവിഞ്ഞൊഴുകുന്ന അനുഗ്രഹം പാഞ്ഞെത്തും… നീ അത് പിടിച്ചോ… ചാടിപ്പിടിച്ചോ… ഓടിപ്പിടിച്ചോ… എങ്ങനാണേലും പിടിച്ചോ…
റിസീവ്… റിസീവ്…
ഇന്നാ പിടിച്ചോ സൗഖ്യം…
ഇന്നാ പിടിച്ചോ അനുഗ്രഹം …
റിസീവ്.. റിസീവ്…
ഹും… ഹും.. ഹ… ഹ…”
തമ്പാന് അലറി. പിന്നെ ഉറക്കെ പ്രാര്‍ത്ഥിച്ചു.
”ഡിയര്‍ ഹെവന്‍ലി കാല്‍വറി ലോര്‍ഡ്..”
(മിക്കപ്പോഴും തമ്പാന് ഇങ്ങനെയാണ് പ്രാര്‍ത്ഥിച്ചു തുടങ്ങുക. കേള്‍ക്കുന്നവര്‍ക്കു തോന്നും മുഴുവനും ഇംഗ്ലീഷിലങ്ങ് പ്രാര്‍ത്ഥിച്ചു തീര്‍ക്കുമെന്ന്. പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ പ്രാര്ത്ഥിക്കാനറിയാത്ത തമ്പാന് ബാക്കി മുഴുവനും മലയാളത്തിലാകും പ്രാര്‍ത്ഥിച്ചു തീര്‍ക്കുക.)
”ഇന്ന് ഈ ജനത്തെ അനുഗ്രഹിക്കണമേ… സൗഖ്യമാക്കണമേ… അത്ഭുതങ്ങള്‍ കാണാന്‍ ഈ ജനത്തിന്റെ കണ്ണുകള്‍ തുറക്കേണമേ….”
തമ്പാന്റെ മാസ്മരികത നിറഞ്ഞ വാക്കുകളില്‍ ജനം ആമഗ്നരായി. സാമ്പത്തികമായി തകര്‍ന്നവരും പലവിധ രോഗങ്ങളാല്‍ വലഞ്ഞവരും പ്രതീക്ഷയോടെ തമ്പാന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
എളുപ്പം സമ്പന്നരാകാനും, വലിയ വീടും വലിയ കാറും വാങ്ങാനും, ബിസിനസ്സില്‍ അഭിവൃദ്ധി ഉണ്ടാകാനും ആഗ്രഹിച്ചവര്‍ തമ്പാന്റെ പ്രസംഗത്തിന് ഉറക്കെ ആമേന്‍ പറഞ്ഞു.
വിശ്വസിച്ചുകൊണ്ട് എല്ലാവരും വചനം ഉച്ചരിച്ച് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞപ്പോള്‍ മേരി ഉറക്കെ പ്രാര്‍ത്ഥിച്ചു.
”കര്‍ത്താവേ, എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ. പകുതി കിടക്കുന്ന വീടുപണി പൂര്‍ത്തിയാക്കാന്‍ സഹായിക്കേണം. അയലത്തെ ഗ്രേസിയുടെ വീട്ടുമുറ്റത്തു കിടക്കുന്ന പോലത്തെ വലിയ ഇന്നോവ കാറ് ഞങ്ങള്‍ക്കും തരേണം. നഴ്സിംഗ് കഴിഞ്ഞ മോള്‍ക്ക് യു.കെ.യില്‍ ജോലി കിട്ടേണം, എഞ്ചിനീയറിംഗ് പഠിച്ച മോനെ അമേരിക്കയിലയയ്ക്കേണം. എന്റെ ഭര്‍ത്താവിന്റെ ഷുഗര്‍ മാറണം, അനിയത്തി അമ്മിണിയുടെ ഭര്‍ത്താവിന്റെ മദ്യപാനം മാറേണം, വാടക വീട്ടില്‍ താമസിക്കുന്ന അവര്‍ക്ക് സ്വന്തം വീട് നല്കേണം…”
”കര്‍ത്താവേ, ഞാനീ ചോദിച്ചത് കൂടിപ്പോയോ? കര്‍ത്താവേ തമ്പാന് ബ്രദര്‍ പറയുന്നത് സകലവും ശുഭമാകും, കര്‍ത്താവിനോട് എന്തു ചോദിച്ചാലും സകലവും തരുമെന്നാണല്ലോ… അതുകൊണ്ടാണ് എന്റെ മനസ്സിലുള്ളത് ചോദിച്ചത്…”
”ആമേന്‍, സോസ്ത്രം…” മേരി പ്രാര്‍ത്ഥിച്ചു നിറുത്തി.
പാവം ജനം! ഇടയനില്ലാത്ത ആടുകളെപ്പോലെ ചിന്നിയവരും ചിതറിയവരുമായ അവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ കര്ത്താവിന് കേള്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ചിലരുടെ രോഗങ്ങള്‍ മാറുകയും ചിലര്‍ക്ക് വിടുതലുകള്‍ സംഭവിക്കുകയും ചെയ്തു.
വിടുതല്‍ ലഭിച്ചവര്‍ മുന്നോട്ടു വരാന്‍ പറഞ്ഞപ്പോള്‍ സ്ത്രീപുരുഷന്മാരുടെ വലിയൊരു കൂട്ടം സ്റ്റേജിലേയ്ക്ക് തള്ളിക്കയറി. അവര്‍ കരഞ്ഞും നെഞ്ചത്തടിച്ചും സാക്ഷ്യം പറഞ്ഞു. ക്യാമറകള്‍ സാക്ഷ്യങ്ങള്‍ മുഴുവനും പകര്‍ത്തിക്കൊണ്ടിരുന്നു.
തൈലക്കാരന് തങ്കച്ചന് രംഗമൊക്കെ വീക്ഷിച്ച് ആള്ക്കൂട്ടത്തിലിരിക്കുകയായിരുന്നു. പട്ടണത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ തങ്കച്ചന് നടുവേദനയ്ക്കും മുട്ടുവേദനയ്ക്കും ശമനം നല്കുന്ന തൈലം വിറ്റ് ഉപജീവിച്ച് വരുമ്പോള്‍ ബൈക്കില്‍ നിന്നു വീണ് കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു. പ്ലാസ്റ്ററെടുത്ത ശേഷം കാലൂന്നി നടക്കാറായ അവസ്ഥയിലാണ് ഭാര്യയ്ക്കൊപ്പം തങ്കച്ചന് കുരിശുമല കയറിയത്.
തങ്കച്ചന് എഴുന്നേറ്റ് വേദിയിലേയ്ക്ക് നടന്നു. ആള്‍ക്കൂട്ടത്തെ വകഞ്ഞ് സ്റ്റേജിലെത്തി. ദേഹത്ത് ചൂടുവെള്ളം വീണപോലെ തങ്കച്ചന് ഞെരിപിരികൊണ്ടു. വിറച്ചുകൊണ്ട് ഉറക്കെ ഹല്ലേലൂയ്യാ പറഞ്ഞു നില്ക്കുന്ന തങ്കച്ചനെ ഒരു വോളണ്ടിയര്‍ ശ്രദ്ധിച്ചു. അയാള്‍ തങ്കച്ചനെ തമ്പാന്റെ അടുക്കലെത്തിച്ചു.
”എന്താണ് സംഭവിച്ചത്?” തമ്പാന് ചോദിച്ചു.
”അത്… അത്.. വലിയ.. ഒരു….”
തങ്കച്ചന് ബാക്കി പറഞ്ഞില്ല.
”പറയൂ….” തമ്പാന് നിര്‍ബന്ധിച്ചു.
അവിടെ ഒരു നിശബ്ദത പരന്നു. തങ്കച്ചന് പറയുന്നതു കേള്‍ക്കാന്‍ ജനം കാതോര്‍ത്തു.
”എനിക്ക് വിടുതലായി… എനിക്ക് വിടുതലായി..”
”എന്തു വിടുതല്‍…?” തമ്പാന് ചോദിച്ചു.
”ആക്സിഡന്റില്‍ ഒടിഞ്ഞ എന്റെ കാലിന് സൗഖ്യം വന്നു… ബ്രദര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഒരു വലിയ ചൂടുകാറ്റ് എന്റെ മേലടിച്ചു. കാലിലെ വേദന പമ്പകടന്നു.” തങ്കച്ചന് വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
”വലിയ ചൂടു കാറ്റടിച്ചോ?” തമ്പാന് ആവര്‍ത്തിച്ചു ചോദിച്ചു.
”അതേയതേ.. ചൂട് കാറ്റടിച്ചു.’ തങ്കച്ചന് ഉറക്കെപ്പറഞ്ഞു.
തങ്കച്ചന് പറഞ്ഞത് പാട്ടുരൂപത്തില്‍ തമ്പാന് നീട്ടിപ്പാടി.
”കാറ്റടിച്ചു… ചൂട് കാറ്റടിച്ചു…
തങ്കച്ചന്റെ മേലിലങ്ങ്
കാറ്റടിച്ചു…”
ജനം ഏറ്റുപാടി;
”കാറ്റടിച്ചു…
ചൂട് കാറ്റടിച്ചു…”
ക്വയര്‍ പാട്ട് ഏറ്റെടുത്തു. അവര്‍ ആവര്‍ത്തിച്ചു പാടി. ജനവും ഏറ്റുപാടി. ഇലക്ട്രിക് ഗിറ്റാറിന്റെയും കീബോര്‍ഡിന്റെയും അകമ്പടിയില്‍ ക്വയര്‍ പുത്തന്‍ പാട്ട് ആവര്‍ത്തിച്ചു. പാട്ടും നൃത്തവും കൊണ്ട് തമ്പാനും കൂട്ടരും ആടിത്തിമിര്‍ത്തപ്പോള്‍ ജനവും പാടിയും ആടിയും ആര്‍ത്തലച്ചു. കൂടാര മേലാപ്പിലെ തകര ഷീറ്റില്‍ നിന്നും താഴേയ്ക്കു കുമിഞ്ഞിറങ്ങിയ ചൂട് കാറ്റിനെ തടയാന്‍ ഫാനുകള്‍ കൂട്ടത്തോടെ കറങ്ങിയെങ്കിലും ജനം വിയര്‍ത്തൊലിച്ചു.
കാര്യങ്ങള്‍ ഇത്രത്തോളം പോകുമെന്ന് തങ്കച്ചന് ഒരിക്കലും ചിന്തിച്ചില്ല. ജനത്തോടൊപ്പം ചാടാന്‍ ശ്രമിച്ചപ്പോള്‍ കാലിനു വേദനതോന്നി. പിന്നെ ചാടിയില്ല. ഒടുവില്‍ എല്ലാവരുടെയും ചാട്ടം തീരുംവരെ തങ്കച്ചന് കയ്യടിച്ചും ശരീരം വിറപ്പിച്ചും നിന്നു.(തുടരും)