ക്രിസ്തു കുരിശില്‍ സഭ സിംഹാസനത്തില്‍ പി.ഐ എബ്രഹാം (കാനംഅച്ചന്‍)

ശരീരത്തില്‍ മര്‍മ്മങ്ങള്‍ ഉള്ളതുപോലെ ആത്മീയത്തിലും മര്‍മ്മങ്ങള്‍ ഉണ്ട്. മര്‍മ്മങ്ങള്‍ക്ക് ക്ഷതം പറ്റിയാല്‍ നാശം ആസന്നമാണ്. ദൈവീക മര്‍മ്മങ്ങളെക്കുറിച്ച് ബൈബിളില്‍ വളരെയുണ്ട്. പ്രസ്തുത വിഷയത്തില്‍ അഗാധ ദര്‍ശനം പ്രാപിച്ച ഒരു വ്യക്തിയാണ് വിശുദ്ധ പൗലോസ്, എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ആത്മീയത്തിന്റെ ഉമിയും തവിടും ചുമന്നുകൊണ്ട് ബഹുജനം നടക്കുമ്പോള്‍ അതിന്റെ അന്തസത്ത അറിഞ്ഞ് അനുഭവിച്ചവനാണ് താന്‍. കൂടാതെ വേറെയും ചിലരുണ്ട്. ഇസ്രയേല്‍ ജനം കടല്‍ക്കരയിലെ മണല്‍ പോലെ ആധികമാണെങ്കിലും ദൈവത്തിന്റെ അരിപ്പയില്‍ വേര്‍തിരക്കപ്പെട്ട് അക്കരയെത്തുന്നവര്‍ ചുരുക്കം. വീണ്ടും പറയട്ടെ. സഭയെന്ന് നാം വിശേഷിപ്പിക്കുന്ന ബഹുജനം എല്ലാം സഭയല്ല. അതില്‍ ഭൂരിപക്ഷവും സമുദായമാണ്.
അടുത്തസമയം സുന്ദര്‍സിഗിന്റെ ഒരു നല്ലചരിത്രം എനിക്ക് കിട്ടി. തന്റെ ജീവിതത്തില്‍ ഗാന്ധിയോടും ടാഗോറിനോടും താന്‍ സംഭാഷിച്ച അനുഭവങ്ങള്‍ വായിച്ചു. ഗാന്ധി സത്യത്തിന്റെ പാതയില്‍ എങ്ങും എത്തിയിട്ടില്ലെന്ന് തന്റെ ആത്മകഥയില് എഴുതിയിട്ടുണ്ട്. വിശ്വകവിയായ ടാഗോര്‍ ക്രിസ്തുവാന്റെ സ്‌നേഹത്തെ നന്നായി അറിഞ്ഞു ആസ്വദിച്ചവനെങ്കിലും പൊതുജന ഭയം നിമിത്തം ഉള്ള ചുറ്റുപാടില്‍ ഒതുങ്ങി നിന്ന് ഭാവഗീതങ്ങള്‍ പാടി അവസാനിക്കുകയാണ് ചെയ്തത്. എന്നാല്‍ സുന്ദര്‍സിംങ് ലഭിച്ച ദര്‍ശന വെളിച്ചത്തില്‍ ദൈവത്തേക്കാള്‍ അധികം ആരേയും ഭയപ്പെടാതെയും അതോടൊപ്പം ദൈവത്തേക്കാള്‍ അധികമായി ആരേയും സ്‌നേഹിക്കാതെയും മുമ്പോട്ടു പോയതിനാല്‍ അല്പജീവതം കൊണ്ട് ലക്ഷ്യം നേടി ഭാഗ്യവാനായി കടന്നുപോയി. ആരസുവിശേഷം പറയുന്ന ആയിരം മിഷണറിമാരേക്കാള്‍ ആ വിശുദ്ധന്‍ ദൈവത്തിന്റെയും മനുഷ്യരുടേയും മുന്നില്‍ പ്രകാശിച്ച് നില്ക്കുന്നു. ആഡംബരവസ്ത്രം ധരിച്ച് പൊന്‍ കുരിശുകളുടെ നടുവില്‍ പരിചയിച്ച പാട്ടുകള്‍ പാടി വിശേഷാല്‍ യാതൊരു അനുഭവം ഇല്ലാതെ ഇന്നത്തെ ക്രൈസ്തവ സമൂഹം വെറും സമുദായമായി നിലകൊള്ളുമ്പോള്‍ ഭാരതം ആനാചാരങ്ങളുടെ കേളിരംഗമായി മേല്ക്കുമേല്‍ അധഃപതിക്കുന്നു.
എന്റെ ചിന്തചുരുക്കട്ടെ ക്രിസ്തുവിന്റെ മാര്‍ഗ്ഗം ഭൗതീക ത്യാഗത്തിന്റെയും ആത്മീയ അനുഭവത്തിന്റെയും ഒരു സമാഹാരം എന്നു പറയാം. എത്രയും ഹീനമായ ഗോശാലയാണ് അതിന്റെ തുടക്കം. ആരും ഒന്നും ഇല്ലാത്തവനെപോലെ പരദേശിയായി പാര്‍ത്തവനാണ് അതിന്റെ സ്ഥാപകന്‍. അനുഭവിക്കാവുന്നതിലധികം ത്യാഗങ്ങളും വേദനകളും താന്‍ സഹിച്ചു. ഗത്‌സമന തോട്ടം മുതല്‍ കാല്‍വറി മരണം വരെ ഏറ്റെടുത്ത വ്യഥകള്‍ ആയിരം നാവുകള്‍ക്ക് വര്‍ണ്ണിക്കാവുന്നതില്‍ അധികമാണ്. ആ കഥന കഥകളുടെ ഒരു മൂര്‍ത്ത രൂപമാണ് ക്രൂശ് എന്നു പറയാം.
ക്രിസ്തുവിന്റെ സ്വഭാവവും തന്റെ ദൗത്യവും പുലര്‍ത്തുകയാണ് തന്റെ ജനത്തിന്റെ അഥവാ സഭയുടെ ദൗത്യം തന്നെ. എന്നാല്‍ സാത്താന്‍ കൗശലങ്ങളുടെ രാജാവാണല്ലോ. അവന്‍ ചക്രവര്‍ത്തിയെ സഭയുടെ സംരക്ഷകനാക്കി. പ്രാര്‍ത്ഥന കൂട്ടങ്ങള്‍ ആലോചന സഭകളാകുന്ന സുന്നഹദോസുകള്‍ക്ക് വഴിമാറി. ദുഃഖവെള്ളിയാഴ്ച്ചയുടെ കഷ്ടപ്പാടുകള്‍ യേശുവിന് വിട്ടുകൊടുത്തിട്ട് മുള്‍മുടിയെ പൊന്‍ മുടിയും രക്തമണിഞ്ഞ വസ്ത്രത്തെ തങ്കഅങ്കിയും ഒക്കെ ആക്കി മാറ്റി. സി.വി. താരപ്പന്‍ എന്ന ഭക്ത ഗായകന്‍ ഗാനത്തിലൂടെ ഇങ്ങനെ ചോദിച്ചു. ”മുള്‍മുടിചൂടി നടന്നവന്‍ എന്നുടെ പ്രിയതമന്‍ എന്ന് ഓര്‍ക്കുമ്പോള്‍ പൊന്‍മുടി ചൂടി നടക്കുന്നവരെ തിരുമേനികളെന്ന് എണ്ണാമോ” കേള്‍വിക്കാര്‍ മറുപടി പറയട്ടെ.
നാലാം നൂറ്റാണ്ട് മുതല്‍ സാത്താന്‍ സഭയെ മറിച്ചിട്ടു. സത്യസഭ ന്യൂനപക്ഷവും സമുദായമാകുന്ന സഭ ഔദ്യോഗികവും ഭൂരിപക്ഷവുമായി മാറി. സാത്താന്‍ മതത്തെ സഭയ്ക്കുള്ളിലേക്ക് വലിച്ച് കയറ്റി. അമ്പലത്തിലെ ഉത്സവം കഴിഞ്ഞാല്‍ പെരുന്നാളിന്റെ റാസയ്ക്ക് അംമ്പടിയാണ്. ചെണ്ടാക്കാരും വാദ്യക്കാരും രണ്ട് മതങ്ങളിലും ഒരുപോലെ വിശ്വസിക്കുന്നു. ഞാന്‍ എന്തിന് അധികം വര്‍ണ്ണിക്കണം. അമ്പലത്തിന്റെ കൊടിമരം വാര്‍ത്തിരിക്കുന്ന അതേ ഭംഗിയിലും ശൈലിയിലുമാണ് പള്ളിയുടെ കൊടിമരവും. ഒരു വ്യത്യസം ഉണ്ടായിരുന്നു അതും കഴിഞ്ഞയിടെ ഇല്ലാതെയായി. സഭയ്ക്ക് ക്രിസ്തു ഏകരക്ഷകനായിരുന്നു. ഇപ്പോള്‍ ക്രിസ്തു ഒരു ഭഗവാന്‍ അഥവാ ഒരു അവതാരം എന്ന ആശയം ക്രൈസ്തവ സമൂഹം സ്വീകരിച്ച് കഴിഞ്ഞു. പേരല്ലാതെ മറ്റൊന്നുമില്ലാതെ ആയി.
ചിലര്‍ ഇങ്ങനെ പറയാറുണ്ട്. എല്ലാവരും കള്ളന്‍മാരാണെന്ന്. ആ വാദം എനിക്ക് സ്വീകാര്യമല്ല. ഒരിക്കല്‍ ഇങ്ങനെ പറഞ്ഞതായ ഒരു വ്യക്തിയോട് ഞാന്‍ തിരിച്ചു പറഞ്ഞു: അങ്ങനെയെങ്കില്‍ താങ്കളും കള്ളനാണല്ലോ? അയാള്‍ പതറി. ചിലരൊക്കെ ഉണ്ടായിരിക്കാം എന്നായി തന്റെ ഭാഷ. ഞാന്‍ പറഞ്ഞു: അങ്ങനെയാണ് വേണ്ടത് സത്യമുള്ളതുകൊണ്ടാണ് അസത്യത്തെ നാം കണ്ടെത്തുന്നത്. പക്ഷേ ദാവീദ് പാടിയതു പോലെ വിശ്വസ്തന്മാര്‍ എക്കാലവും ഭൂമിയില്‍ ചുരുക്കമാണ്. പാറക്കല്ലുകളേക്കാള്‍ രത്‌നകല്ലുകള്‍ ഒരിക്കലും എണ്ണത്തിലും വലിപ്പത്തിലും മുന്നിട്ട് നില്ക്കുകയില്ലല്ലോ? വായനക്കാരുടെ ആശ്വസത്തിനു വേണ്ടി ഞാന്‍ പറയട്ടെ. നാം ഭൂരിപക്ഷമായി കാണുന്ന ഈ ബഹുജന സമൂഹം അഥവാ ഔദ്യോഗിക പ്രസാഥാനം സഭയല്ല സമുദായമാണ്. വീട്ടമ്മമാരുടെ അടുക്കളയില്‍ നല്ല മേലെഴുത്തുള്ള ടിന്നുകള്‍ നിരത്തി വെച്ചിട്ടുണ്ട്. തുറന്ന് നോക്കിയപ്പോള്‍ ജീരകവും ഉലുവയും ഒക്കെയാണ്. വിഷമല്ല. പക്ഷേ വിലകുറഞ്ഞ കാര്യങ്ങളാണ്.
ലേബല്‍ മാറിയ ഈ സമൂഹമാണ് ക്രിസ്തുവിനെ അപമാനിക്കുന്നത്. സത്യോന്യോഷികളെ വഴി തെറ്റിക്കുന്നതും ഇവരെയൊക്കെ വിശ്വസിച്ച് പിന്‍പറ്റിയാല്‍ ബസ്പൂര്‍ക്കാനായിലും നരകത്തിലുമൊക്കെ ചെന്നെത്താമെന്നേയുള്ളൂ.
കാലം ഇത് അന്ത്യമാണ് തിന്മ വര്‍ദ്ധിക്കുന്നു. ദുഷ്ടന്മാര്‍ പെരുകുന്നു. സാത്താന്‍ വിളയാടുന്നു. വെളിപാട് പുസ്തകത്തില്‍ യോഹന്നാന്‍ വായിച്ച ഏഴ് സഭാദൂദുകള്‍ വായനക്കാര്‍ അവധിയെടുത്തെങ്കിലും വായിക്കണം. എഫേസ്യ യുഗം കഴിഞ്ഞു. അന്ന് വീടുകളില്‍ ആരാധന, ലളിതവേഷം, തുറന്ന സ്‌നേഹം, എളിമയുടെ ഭാവം ഇവയൊക്കെ ആയിരുന്നു. യുഗങ്ങള്‍ മാറി ലവോദിക്യ യുഗത്തിലായി. നേതാവ് സിംഹാസനത്തിലിരിക്കുകയാണ്. കണ്ണിന് കാഴ്ച്ചയില്ല. തനി ഭ്രന്താണ്. കാരണം വസ്ത്രം ഉരിഞ്ഞ് കളഞ്ഞ വിവരം ഇവന്‍ അറിഞ്ഞില്ല. തലയ്ക്ക് തുമ്പ് ഇല്ലെന്ന് ചുരുക്കം. എന്നിട്ടും പറച്ഛിലിന് ഒരു കുറവുമില്ല. എല്ലാം ഉണ്ടെന്നാണ്. ആരോ പറഞ്ഞതുപോലെ വേണ്ടതില്ല. അത്രമാത്രം. ഈ അവസ്ഥയില്‍ ക്രിസ്തു സമൂഹം അധഃപതിച്ചു. ഇവരെ രക്ഷിക്കാന്‍ ഇനിയും ക്രിസ്തുവിന് പോലും പദ്ധതിയില്ല. അരവണ പായസവും കുര്‍ബാന അപ്പവും ഒരു പോലെ നുണഞ്ഞ് ഇറക്കുന്ന വന്ദ്യതിരുമേനിമാരാണ് രുദ്രാക്ഷമാലയുടെ അറ്റത്ത് കുരിശു തൂക്കി അരങ്ങ് വാഴുന്നത്. എഫെസ്യ യുഗത്തില്‍ സഭയാകുന്ന നിലവിളക്കുകളുടെ നടുവില്‍ കേന്ദ്രബിന്ദുവായി വിളങ്ങിയ ക്രിസ്തു ഇന്ന് അടച്ചവാതിലിന് വെലിയിലാണ്. തനിക്ക് അകത്ത് കടക്കണമെന്നുണ്ട്. പക്ഷേ സഭയ്ക്ക് സുബോധമില്ലാത്തതുകൊണ്ട് തുറക്കാന്‍ മനസ്സുമില്ല. താക്കോല്‍ ദ്വാരവും വ്യക്തമല്ല. വെറുതേ ഒരു ഭ്രാന്താലയം മാത്രം ഉള്ളില്‍ കേള്‍ക്കുന്നത് കുര്‍ബാന, കുമ്പസാരം ഉപവാസപ്രാര്‍ത്ഥന, കണ്‍വന്‍ഷന്‍ പ്രസംഗം, കൗണ്ടര്‍ പെറ്റിഷന്‍, അന്യഭാഷ, വോട്ടെണ്ണല്‍, പോലീസ് ഇടപെടല്‍, കോടതി, അങ്ങനെ ചേരാത്തതെല്ലാം ചേര്‍ത്തുകൊണ്ടുള്ള ഒരു സമ്മിശ്ര പരിപാടി. പരിശുദ്ധാത്മാവ് പണ്ടേ സ്ഥലം വിട്ടു. ദുരാത്മാക്കളുടെ തനി വിളയാട്ടമാണ്. ഇനിയും ക്രിസ്തുവിന് ഒന്നേ ചെയ്യാനുള്ളൂ ഈ പാളയത്തില്‍ പടയില്‍ നിന്ന് തന്റെ വിശുദ്ധന്മാരെ എത്രയും വേഗം മാറ്റുക. വായനക്കാര്‍ അതിനൊരുങ്ങിയാല്‍ മാത്രം മതി. ഫെയ്ത്ത്ട്രാക്ക് വിശാസ പാത അതിനുള്ള വെളിച്ചം നിങ്ങള്‍ക്ക് നല്കും. കാലിടറാതെ നടന്നുകൊള്ളുക. ഭൂരിപക്ഷത്തെ നോക്കരുത്. ഇലക്ഷന്‍ പിശാചിന്റെ വകയാണ്. കര്‍ത്താവിന്റെത് സെലക്ഷനാണ്. അത് പൂര്‍ത്തിയായി കഴിഞ്ഞു. ഇല്ല ഇനിയും താമസമില്ല!

പി.ഐ എബ്രഹാം (കാനംഅച്ചന്‍)

Related posts

Leave a Comment