“വിശ്വസ്ഥയായ രൂത്ത്”.രൂത്ത് എന്ന പേരിന്റെ അര്‍ത്ഥം സ്‌നേഹിത എന്നാണ്.സിസ്റ്റര്‍ ഒമേഗ സുനില്‍

വിശ്വസ്ഥയായ രൂത്ത്.
രൂത്ത് എന്ന പേരിന്റെ അര്‍ത്ഥം സ്‌നേഹിത എന്നാണ്. ന്യായാധിപന്മാരുടെ കാലത്ത് അഭയാര്‍ത്ഥികളായി മോഖാബ് ദേശത്തുപോയി താമസിച്ച എലീമലേക്കിന്റെയും നവോമിയുടെയും മൂത്തമകനായ മഹ്ലോന്റെ ഭാര്യയാണ് രൂത്ത്. ന്യായാധിപ ഭരണകാലത്തിന്റെ ഇരുളടഞ്ഞ പശ്ചാത്തലത്തില്‍ നിര്‍വ്യാജ സ്‌നേഹത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് രൂത്ത്.
പാലസ്തീന്‍ നാടിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന യെഹൂദയില്‍ നിന്നുള്ളവരാണ് ഈ കുടുംബം. ബെത്‌ലഹേമില്‍ നിന്നും യാത്ര തിരിച്ച് യിസ്രായേലിന്റെ ഒരു അയല്‍ രാജ്യമായ മോവാബില്‍ എത്തി. മെഡിറ്ററേനിയന്‍ സമനിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തിലാണ് മോവാബ് സമഭൂമി സ്ഥിതി ചെയ്യുന്നത്. ബേത്‌ലഹേമില്‍ ക്ഷാമം ഉണ്ടായപ്പോള്‍ എലീമേലക്കും കുടുംബവും സമൃദ്ധമായ മോവാബിലേക്ക് കുടിയേറി പാര്‍ക്കാന്‍ പോയി. എന്നാല്‍ അത് അവര്‍ക്ക് നഷ്ടത്തിന് കാരണമായി. ദൈവഹിതപ്രകാരമല്ലാത്ത എല്ലാ യാത്രകളും നേട്ടങ്ങളുമെല്ലാം തീരാ നഷ്ടത്തില്‍ കലാളിക്കുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പുറം ജാതിക്കാര്‍ എന്നുവിളിച്ച് അകറ്റി നിര്‍ത്തപ്പെട്ട പശ്ചാത്തലത്തിലുള്ള ഒരു സ്ത്രീ യേശുവിന്റെ വംശാവലിയില്‍ കയറി കൂടിയ വിജയ കഥയാണ് രൂത്തിന് പറയാനുള്ളത്.
1. വ്യക്തി ജീവിതത്തില്‍ വിശ്വസ്ഥയായിരുന്നു.
മോവാബിലെത്തിയ എലീമേലക്കും കുടുംബവും ബേത്‌ലഹേമിലെ ക്ഷാമത്തിന്റെ ക്ഷീണം മാറിയവരായി പുഷ്ടി പ്രാപിച്ചു. മക്കളായ മഹ്ലോനും കില്യോനും മോവാബ്യരായ രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചു. എല്ലാം കൊണ്ടും അനുഗ്രഹിക്കപ്പെട്ട സ്ഥലത്താണ് എത്തിയത് എന്ന് ചിന്തിച്ചു. എന്നാല്‍ ചില്ലുകൊട്ടാരം പോലെ അവരുടെ എല്ലാപ്രതീക്ഷകളും തകരുകയായിരുന്നു. അപ്രതീക്ഷിതമായി കുടുംബനാഥനായ എലീമേലക്ക് മരിച്ചു. അതിന്റെ ആഘാതത്തില്‍ നിന്നും മോചിക്കപ്പെടുന്നതിന് മുന്‍പ് മക്കളായ മഹ്ലോനും കില്യോനും മരിച്ചു. അമ്മയായ നവോമിയും മരുമക്കളായ ഓര്‍പ്പയും രൂത്തും മാത്രം അവശേഷിച്ചു. ഓര്‍പ്പയോടും രൂത്തിനോടും അവരവരുടെ വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ നവോമി ആവശ്യപ്പെട്ടു. ഓര്‍പ്പ അമ്മായിഅമ്മയെ കെട്ടിപ്പിടിച്ച് ചുംബിച്ച് പിരിഞ്ഞു. എന്നാല്‍ രൂത്ത് അമ്മായിഅമ്മയെ പിരിയുവാന്‍ തയ്യാറായില്ല. (രൂത്ത്:1: 16,17) രൂത്ത് നവോമിയോടൊപ്പം പോകുവാന്‍ പ്രേരിപ്പിച്ച ഒത്തിരി കാര്യങ്ങള്‍ കാണാം. എന്നാല്‍ പ്രധാനപ്പെട്ടതായി എനിക്ക് ബോധ്യപ്പെട്ടത് വ്യക്തി ജീവിതത്തിലെ അവളുടെ വിശ്വസ്ഥതയാണ്. കൂടെയുള്ളവര്‍ അവിശ്വസ്തരായി പിരിഞ്ഞപ്പോള്‍ രൂത്തിനെ നിലനിര്‍ത്തിയത് അവളുടെ വിശ്വസ്ഥതയായിരുന്നു. വിശ്വസ്ഥതയില്ലാത്തവര്‍ സാഹചര്യത്തിന് അനുസരിച്ച് മാറികൊണ്ടിരിക്കും. രൂത്തിന്റെ അതേ അനുഭവവും സാഹചര്യവും ഉള്ള ഓര്‍പ്പ പിരിഞ്ഞുപോയി. എന്നാല്‍ രൂത്തിന്റെ വിശ്വസ്ഥത അവളെ നിലനിര്‍ത്തി. കൂടെ ആരാധിക്കുന്നവരും കൂടെ പാര്‍ക്കുന്നവരുമൊക്കെ അവിശ്വസ്തരായി മാറിയേക്കാം. എന്നാല്‍ ഇത് നമ്മുടെ വ്യക്തിപരമായി നമ്മളിലുള്ള വിശ്വസ്ഥതയെ ബാധിക്കരുത്.
2.കുടുംബ ജീവിതത്തില്‍ വിശ്വസ്ഥയായിരുന്നു.
വ്യക്തി ജീവിതത്തിലെ വിശ്വസ്ഥത കുടുംബ ജീവിതത്തിലേക്കും കൂടി വ്യാപിക്കുകയാണ്. നവോമിയോടൊപ്പം രൂത്ത് ബേത്‌ലഹേമിലെത്തി. അവിടെ എത്തിയ രൂത്ത് അമ്മാവിയമ്മയായ നവോമിയുടെ അനുവാദത്തോടെ വയലില്‍ കതിര്‍പെറുക്കുവാന്‍ പോയി(രൂത്ത്:2:2,3) അന്യനാട്ടില്‍ ആദ്യമായി വന്നതാണ്. പരിചിതര്‍ ആരുമില്ല ഭര്‍ത്താവ് മരിച്ചുപോയ ചെറുപ്പക്കാരിയാണ് ഇങ്ങനെയുള്ള പരിമിതികള്‍ ഒന്നും വകവയ്ക്കാതെ അവള്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജോലിക്കിറങ്ങി. ഇതിനു കാരണം കുടുംബജീവിതത്തില്‍ അവള്‍ വിശ്വസ്ഥയായിരുന്നതുകൊണ്ടാണ്.
വിശ്വസ്ഥത പുലര്‍ത്താന്‍ ഭര്‍ത്താവ് ഇല്ലെങ്കിലും അവള്‍ അവളെ സൂക്ഷിക്കാന്‍ തീരുമാനിച്ചു. രൂത്ത് 3:10 ല്‍ ബോവസ് രൂത്തിനോട് പറയുകയാണ്. ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്‍തുടരാതിരുന്നതുകൊണ്ട് ആദ്യത്തേതിനേക്കാള്‍ അധികം ദയ ഒടുവില്‍ കാണിച്ചിരിക്കുന്നു. അവിടെ അവളെ സൂക്ഷിക്കാന്‍ ആരുമില്ല. ബാല്യക്കാരുടെ പിന്നാലെ പോകുവാനുള്ള സാഹചര്യം ഉണ്ട്. എന്നാല്‍ വിശ്വസ്ഥത അവളെ നിലനിര്‍ത്തി. നമ്മെ സൂക്ഷിക്കുവാനോ സംരക്ഷിക്കുവാനോ ആരുമില്ലെങ്കിലും നാം വിശ്വസ്ഥരാണെങ്കില്‍ അത് എല്ലാ മേഖലയിലും പ്രകടമാകും. ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ രൂത്ത് നമുക്ക് ഒരു മാതൃകയായിരിക്കട്ടെ.
3. ഔദ്യോഗിക ജീവിതത്തില്‍ വിശ്വസ്ഥയായിരുന്നു.
വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും മാത്രമല്ല ഔദ്യോഗിക ജീവിതത്തിലും രൂത്ത് വിശ്വസ്ഥയായിരുന്നു. വയലില്‍ പുതുതായി കാലാപെറുക്കുവാന്‍ വന്ന രൂത്തിനെ കണ്ട ബോവസ് കൊയ്ത്തുകാരുടെ മേലാളായ ഭൃത്യനോട് ഇവളെപ്പറ്റി അന്വേഷിച്ചു. ഭ്യത്യന്‍ പറഞ്ഞു. ഇവള്‍ നവോമിയോടൊപ്പം വന്നതാണ്. കാലത്ത് വന്നപ്പോള്‍ മുതല്‍ ഇതുവരെ പെറുക്കികൊണ്ടിരിക്കയാണ് വീട്ടില്‍ അല്പനേരമേ താമസിച്ചുള്ളൂ. രൂത്തിനെപ്പറ്റി ഒരു നല്ല സാക്ഷ്യം ഭ്യത്യന് പറയുവാനുണ്ടായിരുന്നു. അവള്‍ അലസയാണെന്നല്ല മറിച്ച് ഉല്‍സാഹവും ഊര്‍ജ്ജസ്വലതയും കൃത്യനിഷ്ഠയും ഉള്ളവള്‍ എന്നാണ് ഭ്യത്യന്‍ രൂത്തിനെപ്പറ്റി ബോവസിനോട് പറഞ്ഞത്.
നമ്മുടെ ഔദ്യോഗിക ജീവിതത്തില്‍ നാം എത്രമാത്രം വിശ്വസ്ഥരെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഒരു പക്ഷെ ചെറുതോ വലുതോ ആയ ജോലി മേഖലയില്‍ ആകാം. എന്തുമാകട്ടെ എത്രമാത്രം ഉല്‍സാഹത്തോടെ പ്രവര്‍ത്തിക്കുവാന്‍ നമുക്ക് സാധിക്കുന്നുണ്ട്. ഔദ്യോഗിക ജീവിതത്തില്‍ നാം വിശ്വസ്ഥരാണോ? വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വിശ്വസ്ഥരായവര്‍ക്ക് എല്ലാ നിലയിലും ഉയര്‍ച്ചയുടെ പടികള്‍ ചവിട്ടി കയറുവാന്‍ സാധിക്കും എന്നത് രൂത്തിന്റെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാം.
സിസ്റ്റര്‍ ഒമേഗ സുനില്‍

Related posts

Leave a Comment