അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം
ഫെയ്ത്ത് മോന്‍

ഒടുവില്‍, മാരക്കാനയിലെ പുല്‍ത്തകിടിയില്‍ അവന്‍ മുട്ടുകുത്തി നിന്നു. കൈകള്‍ വിരിച്ച് അത്യുന്നതങ്ങളിലേക്കു നോക്കിയ കണ്ണുകളില്‍ കടലിരുമ്പുന്നുണ്ടായിരുന്നു. പത്തു കിലോമീറ്റര്‍ അപ്പുറത്ത്, കൊര്‍വൊക്കാഡോ മലയുടെ മുകളില്‍ ക്രിസ്തു അപ്പോഴും കൈകള്‍ വിരിച്ചു നിന്നു. അവിടെനിന്നൊരു നോട്ടത്തില്‍, പച്ച പുതച്ച പശ്ചാത്തലത്തില്‍, വാന്‍ഗോഗിന്റെ സൂര്യകാന്തിയെപ്പോലെ, ലോക പ്രശസ്തമായ ആ മഞ്ഞക്കുപ്പായം ജ്വലിച്ചു നിന്നിരിക്കും…. 100% ജീസസ് എന്നെഴുതിയ ബാന്‍ഡ് നെറ്റിയിലണിഞ്ഞപ്പോള്‍ സ്‌റ്റേഡിയം ഒന്നാകെ പാടി അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം.cqwduezweaadjd4

റിയോ ഡി ജനീറോയുടെയും ബ്രസീലിന്റെയാകെയും പ്രതീകമാണ് ക്രൈസ്റ്റ് ദ റെഡീമര്‍. ടിജൂക്ക കാടിനു നടുവിലെ മല മുകളില്‍ കൈകള്‍ വിരിച്ച്, 125 അടി പൊക്കത്തിലങ്ങനെ നില്‍ക്കുന്ന ലോക പ്രശസ്തമായ ശില്‍പ്പം. എന്നാല്‍, റിയൊയില്‍ നടന്ന ഈ ഒളംപിക്‌സിനെ ബ്രസീല്‍ ഇനിയോര്‍ക്കുക മൈതാനത്തു മുട്ടുകുത്തി കൈകള്‍ വിരിച്ച് കണ്ണൊരൊഴുക്കിയ നെയ്മറുടെ ചിത്രത്തിലൂടെയാകും. ഫുട്‌ബോളും പെലെയുമില്ലാത്ത ഉദ്ഘാടനച്ചടങ്ങ് വല്ലാതെ അപൂര്‍ണമായിപ്പോയിരുന്നു ബ്രസീലുകാര്‍ക്ക്. ലോകമെങ്ങും പടര്‍ന്നു കിടക്കുന്ന ആരാധകരുടെ എണ്ണത്തിലും നേടിയെടുത്ത ലോക കിരീടങ്ങളുടെ എണ്ണത്തിലും അടുത്തൊരു എതിരാളി പോലുമില്ലാത്ത ടീമിന് ഇന്നു വരെ ഒരു ഒളിംപിക് സ്വര്‍ണം സ്വന്തമായിട്ടില്ലെന്ന കുറവ് അവര്‍ക്കു താങ്ങാനാവാത്തൊരു പാപബോധവുമായിരുന്നു. എല്ലാത്തിനും പരിഹാരമായിരിക്കുന്നു, നെയ്മര്‍ എന്ന രക്ഷകനിലൂടെ.
രക്ഷകന്‍ എന്ന പേര് അവനു ചേരും. മാരക്കാനയിലെ പഴയ മഹാദുരന്ത സ്മൃതികളുടെ നിഴല്‍ ചിത്രങ്ങള്‍ക്കു മുകളിലേക്ക്, ഏറ്റവും മനോജ്ഞമായ വിജയത്തിന്റെ വര്‍ണശബളിമയാണ് അവന്‍ വാരിത്തൂവിയത്. ലോകകപ്പ് സെമി ഫൈനലില്‍ തന്റെ കൂട്ടുകാര്‍ 1-7നു മരണം വരിക്കുന്നത് കരയ്ക്കിരുന്നു കണ്ടു കരയേണ്ടി വന്നവന്‍. ഇപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയ കണ്ണുനീര്‍ മാരക്കാനയുടെയും മഞ്ഞക്കുപ്പായത്തിന്റെയും പാപഭാരത്തെയാകെ കഴുകിക്കളഞ്ഞിരിക്കുന്നു.
പ്രതിഷേധത്തിന്റെ തീക്കടല്‍ കടന്നും ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ബ്രസീലുകാര്‍ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തിയിരുന്നു. ഒളിംപിക് വേദിക്കു ചുറ്റും നടന്ന പ്രക്ഷോഭങ്ങളുടെ സ്വഭാവത്തിലും വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ബ്രസീലുകാര്‍ അവയോടു പ്രതികരിച്ചത് ലോകകപ്പിനോടെന്ന പോലെയായിരുന്നില്ല. ആളൊഴിഞ്ഞ ഉദ്ഘാടന വേദി ആരും കാണാതിരിക്കാന്‍ വെളിച്ചമണച്ചിടേണ്ട ഗതികേടു വന്നു സംഘാടകര്‍ക്ക്. ഒടുവില്‍ സകല നാണക്കേടും മായ്ച്ചു കളയാന്‍ ബ്രസീലിന്റെ ജീവവായുവായ ഫുട്‌ബോള്‍ തന്നെ വേണ്ടിവന്നു.
മോഷണവും അക്രമവും ഉത്തേജക മരുന്നും മലിന ജലവും, ഒരുക്കങ്ങള്‍ ഇനിയും ബാക്കികിടക്കുന്ന സ്റ്റേഡിയങ്ങളും വിജനമായ ഗ്യലറികളും കാലുകുത്താനിടമില്ലാത്ത നിരത്തുകളും… ബ്രസീലുകാര്‍ ഇനിയതൊന്നുമോര്‍ക്കില്ല, കൈകള്‍ വിരിച്ചു കണ്ണീരണിഞ്ഞ് 100% ജീസസ് എന്ന ബാന്‍ഡും അണിഞ്ഞ് മൈതാനത്ത് മുട്ടുകുത്തിയ നെയ്മറായിരിക്കും യുഗങ്ങളോളം ഇനിയവരുടെ മനസ് നിറയെ.
പെനല്‍റ്റി നഷ്ടപ്പെടുത്തിയ മഹാന്‍മാരായ പിന്‍ഗാമിയുടെയോ മഹാരഥനായ സമകാലികന്റെയോ വിധിയല്ല മാരക്കാനയില്‍ നെയ്മറെ കാത്തിരുന്നത്. ചരിത്രത്തോടു പ്രതികാരം ചെയ്യാനും ജര്‍മനിയോടു പകവീട്ടാനുമുള്ള നിയോഗമാണ് അവന്റെ സുവര്‍ണ പാദുകങ്ങളില്‍ വിധി നിയോഗമായി എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നത്. മാരക്കാനയുടെ മഹാ ഗ്യാലറിയില്‍ തിങ്ങിക്കൂടിയ 85,000 വരുന്ന ആരാധക സമുദ്രത്തെ നിരാശപ്പെടുത്തിയില്ല ബ്രസീലിയന്‍ രാവിന്റെ ആ ശുഭ മുഹൂര്‍ത്തം. ഫ്രീ കിക്കില്‍ തുടങ്ങിവച്ചത് നെയ്മര്‍ സ്‌പോട്ട് കിക്കില്‍ പൂര്‍ത്തിയാക്കുമ്പോള്‍ അതൊരു ജനതയുടെ മാത്രമല്ല, ഒരു സംസ്‌കാരത്തിന്റെയാകെ വിജയമായിരുന്നു, ഫുട്‌ബോള്‍ എന്ന സംസ്‌കാരത്തിന്റെ.

Related posts

Leave a Comment