അധികാര മോഹികളുടെ സുവിശേഷം.

അധികാര മോഹികളുടെ സുവിശേഷം.

അധികാര കൊതിയന്‍ പട്ടണവാതില്‍ക്കല്‍ കാത്തിരുന്നു കാര്യം ബോധിപ്പിക്കാന്‍ വന്നവരുടെ കാതില്‍ ഓതി കസേരയിലേക്കുള്ള വഴിവെട്ടിയ അബ്ശാലോമിന്‍റെ ആത്മാവുമായി പലരും നിര്‍മ്മല സുവിശേഷം പ്രസംഗിക്കുന്നു. ഈ കാലഘട്ടത്തിന്‍റെ സുവിശേഷ വിരോധികള്‍ പുറത്തെ പ്രകാര വാസികളല്ല അകത്തളത്തില്‍ ആത്മാവിലാണ് എന്ന് അഭിമാനിക്കുന്ന അധികാര കൊതിയന്മാരുമാണ്. അരങ്ങില്‍ ആടിതിമിര്‍ക്കുന്നതല്ല ആത്മീകം. ഉച്ചഭാഷിണിയുടെ ഉച്ചത്തില്‍ ആര്‍ക്കും മനസ്സിലാകാത്ത അന്യഭാഷ കര്‍ണ്ണഘടോരമായി ഘോഷിക്കുന്നതല്ല ആത്മീകം. സ്നാപകയോഹന്നാനെപ്പോലെ ഞാന്‍ കുറഞ്ഞാലും ക്രിസ്തു വളരേണം എന്ന് ഉറപ്പിച്ചു ക്രൂശിന്‍റെ മറവില്‍ മറഞ്ഞ് ഉയര്‍പ്പിന്‍ കര്‍ത്താവിനെ ഉയര്‍ത്തുന്നതാണ് യഥാര്‍ത്ഥ ആത്മീകം.

വേദിയില്‍ നിന്ന് ഒഴിവാക്കൂ….

അധികാരത്തില്‍ കയറുവാന്‍ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളെ എല്ലാം കാറ്റില്‍പറത്തിനടത്തുന്ന പേകൂത്തിനെ വച്ച് പൊറുപ്പിക്കരുത്. പ്രസംഗിക്കുന്നവന്‍ പ്രസംഗിക്കട്ടെ….അധികാരി അത് ചെയ്യട്ടെ.ദൈവത്തിനും ദൈവീക പ്രമാണങ്ങള്‍ക്കും നിരക്കാത്തത് ചെയ്യുന്നവനെകൊണ്ട് ആത്മീക ശുശ്രൂഷ ചെയ്യിക്കരുത്. കര്‍ത്താവ്‌ നല്‍കുന്ന ആയുസ്സ് മുഴുവന്‍ ഉത്തമ കുടുംബ ജീവിതം നയിക്കുവാന്‍ ഉള്ള തലമുറയുടെ വിവാഹ ശുശ്രൂഷ ചെയ്യേണ്ടത് ആര്? രാഷ്ട്രീയ ജീവിതം ശീലമാക്കി കുതികാല്‍ വെട്ടും പാരവെയ്പ്പ് കോടതിയും കേസുമായി നടന്നു ദൈവീക പ്രമാണങ്ങളെ ലംഘിക്കുന്നവരാണോ? വായനക്കാരുടെ ചിന്തയ്ക്ക് വിടുന്നു… ജീവിതത്തിലെ സ്വപ്നമായ വീട് പണിപൂര്‍ത്തീകരിച്ച് കയറി താമസിക്കുവാന്‍ പ്രാര്‍ത്ഥിച്ച് പ്രതിഷ്ടിക്കേണ്ടത് ആര്? കുടുംബ ജീവിതത്തിന്‍റെ പവിത്രതയെ കാറ്റില്‍ പറത്തി പരിപാവനമായ സുവിശേഷം വില്‍പ്പനചരക്കാക്കി പണം കൊയ്ത് ആ പണം കൊടുത്ത് വോട്ട് വാങ്ങി കസേര കയ്യേറിയവരെയോ? ചിന്തിച്ച് നോക്കുക….. ജീവിതത്തില്‍ ആത്മീകമായി കരുതുന്ന ഏത്‌ ശുശ്രൂഷയായാലും അത് ആത്മപൂര്‍ണ്ണരായി ചെയ്യുന്നവരെ കണ്ടെത്തൂ…ഇങ്ങനെ അധികാരവും അതിലൂടെ ശുശ്രൂഷവേദിയും കയ്യേറുന്നവരെ തിരിച്ചറിഞ്ഞു ഒഴിവാക്കൂ..

കസേര സൂക്ഷിപ്പുകാരന്‍.

വിട്ട് തരില്ല…..വിട്ട് തരില്ല എനിക്കുള്ളതെല്ലാം എനിക്ക് മാത്രം എന്ന ആപ്തവാക്യവുമായി കസേരയില്‍ അള്ളിപിടിച്ചിരിക്കുന്നവര്‍. ഭാര്യയും മക്കളും എന്തിനേറെ കര്‍ത്താവും പ്രാണവായുവും ഇതൊന്നും ഇല്ലേലും ജീവിക്കും എന്നാല്‍ കസേരയില്ലെങ്കില്‍ പലര്‍ക്കും ജീവിക്കാന്‍ വയ്യ. ഇവര്‍ ഇല്ലെങ്കില്‍ ഇതൊന്നും പിന്നില്ല എന്ന ചിന്തയിലുള്ള നടപ്പും ഇപ്പോള്‍ കര്‍ത്താവല്ല ഇവരുടെ രക്തംകൊടുത്ത് കൊണ്ടാണ് സഭ നില്‍ക്കുന്നത് എന്നാ തരത്തിലെ അവകാശം കലര്‍ന്ന ഇലക്ഷന്‍ പ്രഖ്യാപനങ്ങള്‍. ഇതൊക്കെ വായിച്ചാല്‍ കര്‍ത്താവ്‌ ഒന്നും തന്നെയില്ല!!!
ഇവിടെ വിശുദ്ധിയും വേര്‍പാടും പ്രസംഗിച്ചു കേള്‍വിക്കാരുടെ കൈയ്യടി വാങ്ങുന്നതല്ലാതെ ജീവിതത്തില്‍ ഇതൊന്നും ചെയ്യാന്‍ ഇരുകൂട്ടര്‍ക്കും ബാധ്യതയില്ലേ. കര്‍ത്താവിനെ പ്രസംഗിച്ച് സ്വന്തം കാര്യം നോക്കുന്നവന്‍ കര്‍ത്താവ്‌ പറഞ്ഞത് പാടെ മറക്കുന്നു. സുവിശേഷ സത്യങ്ങളെയും ഉപദേശങ്ങളെയും ധാര്‍മ്മിക മൂല്യങ്ങളെയും കാറ്റില്‍പ്പറത്തി കസേര സൂക്ഷിപ്പ്കാരായി മാറുന്ന “സുവിശേഷ പേരാളികള്‍” “(പോരാളികള്‍ അല്ല) പേരില്‍ മാത്രം കാര്യം ഉള്ളവര്‍” ഈ കൂട്ടര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും സ്വന്തം പേരിനും പെരുമയ്ക്കും വേണ്ടി കശക്കിയെറിയുന്ന ഈ സുവിശേഷം ഇവിടെയൊന്ന് സ്ഥാപിക്കുവാന്‍ അനേകര്‍ ഒഴുക്കിയ രക്തത്തിനും ഏറ്റപ്രതിക്കൂലങ്ങളാക്കും അനുഭവിച്ച കഷ്ടതയ്ക്ക് കയ്യും കണക്കും ഇല്ല. മറക്കരുത് കണക്ക് പറയേണ്ടിവരും.

Related posts

Leave a Comment