ജുവാങ് ഭാഷയിൽ പുതിയനിയമം പ്രസിദ്ധികരിച്ചു

ജുവാങ് ഭാഷയിൽ പുതിയനിയമം പ്രസിദ്ധികരിച്ചു

ഒഡിഷാ: വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജൂൺ 5 ന് ഒഡിഷയിലെ കിയോജ്ഞറിൽ വെച്ച് ജുവാങ് ഭാഷയിലെ പുതിയനിയമത്തിൻറെ സമർപ്പണശുശ്രൂഷ നടന്നു. വിക്ലിഫ് ഇന്ത്യാ എമിരിറ്റസ് ചെയർമാൻ റവ. ഡോ. ജേക്കബ് ജോർജും ഒറീസ്സ ചർച്ച് ഓഫ് ഗോഡ് ലീഡർ റവ. അസിം ദാസും ചേർന്ന് സമർപ്പണശുശ്രൂഷ നിർവഹിച്ചു. ഐഇഎം, എഫ്എംപിബി, എൻഐഇഎ, ക്യാംപസ് ക്രൂസേഡ്, ഒഡിഷാ ചർച്ച് ഓഫ് ഗോഡ് തുടങ്ങിയ സംഘടനകളിലെ പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു.
1996 ലാണ് തിരുവല്ല സ്വദേശികളായ അലക്സ്-സ്വപ്ന ജുവാങ്ഗോത്രക്കാരുടെയിടയിൽ ബൈബിൾ പരിഭാഷയ്ക്കായി ചെന്നത്. ദീർഘനാൾ അവരുടെ ഗ്രാമത്തിൽ താമസിച്ച് ജുവാങ് ഭാഷ പഠിക്കുകയും ആ ഭാഷയിൽ ആദ്യമായി അക്ഷരമാലയും വ്യാകരണവും തയ്യാറാക്കുകയും പ്രൈമറി വിദ്യാർത്ഥികൾക്ക് സാക്ഷരതാപുസ്തകങ്ങളും മുതിർന്നവർക്ക് ആരോഗ്യബോധവൽക്കരണപുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. ജുവാങിൻറെ തനതായ സംഗീതശൈലി നിലനിറുത്തി ക്രിസ്തീയപാട്ടുകളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ഒഡിഷയിലെ ഏറ്റവും പുരാതനമായ ഗോത്രവർഗ്ഗങ്ങളിലൊന്നായ ജുവാങ് സമൂഹം കിയോജ്ഞർ, അങ്കുൽ, ദെൻകനാൽ ജില്ലകളിൽ കൂടുതലായി കാണപ്പെടുന്നു. ഏകദ്ദേശം അമ്പതിനായിരത്തിനടുത്ത് ജനസംഖ്യയുള്ള ഇവർ ഒറ്റപ്പെട്ട വനങ്ങളിലെ സമതലപ്രദേശത്തും മലകളുടെ താഴ്വ രകളിലും വസിക്കുന്നു. വനദേവതയെ ആരാധിക്കുന്ന ഇവർ വളരെ ദരിദ്രാവസ്ഥയിൽ കഴിയുന്നു. ‘ഇല ധാരികൾ’ എന്നർത്ഥമുള്ള ‘പറ്റ്വ’ എന്നറിയപ്പെടുന്ന ഇവർ ആദികാലങ്ങളിൽ നഗ്നത മറയ്ക്കുവാൻ ഇലകൾ ധരിച്ചിരുന്നു.
യേശുവും ക്രിസ്ത്യാനിയുമെല്ലാം ജുവാങ്ജനതയ്ക്ക് അപരിചതമായ വാക്കുകളും അനുഭവങ്ങളുമായിരുന്നു. മാതൃഭാഷയിൽ തിരുവചനം ലഭ്യമാകത്തതിനാൽ വചനത്തിൻറെ അർത്ഥം ഗ്രഹിക്കുവാൻ അവർക്ക് വർഷങ്ങളോം കഴിഞ്ഞിരുന്നില്ല. ജുവാങിൽ 1980-വരെ സുവിശേഷപ്രവർത്തനത്തിൻറെ യാതൊരു ഉദ്യമങ്ങളും എത്തിയിട്ടില്ലായിരുന്നു. 1982-ൽ കട്ടക്കിലെ ഒറീസ ചർച്ച് ഓഫ് ഗോഡിൻറെ നേതൃത്വത്തിൽ അയച്ച ഒറിയ സംസാരിക്കുന്ന ഒരു വ്യക്തിയായിരുന്നു ജുവാങിൽ വന്ന ആദ്യത്തെ മിഷണറി. സംസ്ഥാന ഭാഷയായ ഒറിയയിലെ സുവിശേഷഭാഗങ്ങൾ ജുവാങ് ജനതയ്ക്ക് മനസ്സിലാകുന്നില്ലയെന്ന് ആ സുവിശേഷകൻ മനസ്സിലാക്കുകയും ഗ്രാമത്തിൽ താമസിച്ച് ജുവാങ് ഭാഷപഠിച്ച് അവർക്കിടയിൽ സുവിശേഷം അറിയിക്കുകയും ചെയ്തു. ഭാഷാപഠിച്ചുവെങ്കിലും തിരുവചനസത്യങ്ങൾ ശരിയായ നിലയിൽ ജുവാങ് ഭാഷയിൽ പഠിപ്പിക്കുവാൻ അദ്ദേഹം പ്രയാസപ്പെട്ടു. ജുവാങിൽ ബൈബിൾ ലഭ്യമാകുവാൻ അന്നുമുതൽ അദ്ദേഹം പ്രാർത്ഥനതുടങ്ങി. അലക്സും സ്വപ്നയും ബൈബിൾ പരിഭാഷയ്ക്കായി 1996-ൽ എത്തിയപ്പോൾ ദീർഘനാളെത്തെ അദ്ദേഹത്തിൻറെ പ്രാർത്ഥനയ്ക്ക് മറുപടിയായി. പാതയ്ക്കരികിലും പാറസ്ഥലത്തും വീണ വചനംപോലെ സുവിശേഷത്തിൻറെ ഊഷരഭൂമിയായ ജുവാങിൻറെ മണ്ണിൽ സുവിശേഷപ്രവർത്തനം വേണ്ടതുപോലെ വളർന്നുവന്നില്ല. ജുവാങിലെ ആചാരനുഷ്ഠാനങ്ങൾ ചിട്ടയോടെ അനുസരിക്കുവാൻ സമ്മർദമുള്ളമുള്ളതിനാൽ പലരും ക്രിസ്ത്യാനിയാകുകയെന്നതിൽനിന്ന് പിൻവാങ്ങിയിരുന്നു. ഒരു വ്യക്തി ക്രിസ്ത്യാനിയയാൽ കടുത്ത എതിർപ്പാണ് ജുവാങ് സമൂഹം വച്ചുപുലർത്തുന്നത്. ഊരുവിലക്കിയും ഭീഷണിപ്പെടുത്തിയും അവരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തുന്നു. വർഷങ്ങളായി പല സംഘടനങ്ങളും ഇവർക്കിടയിൽ പ്രവർത്തിച്ചിട്ട് ഫലം കാണാതെ തിരിച്ചുപോയി. എന്നാൽ 2010 മുതൽ മാതൃഭാഷയിൽ ലഭ്യമായി തുടങ്ങിയ തിരുവചനഭാഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ചതിൻറെ ഫലമായി എഫ്എംപിബി-യുടെ നേതൃത്വത്തിൽ നല്ല ഒരു കൂടിവരവ് ഇന്നിവിടെയുണ്ട്. ജുവാങിലേക്ക് പരിഭാഷപ്പെടുത്തിയ മർക്കോസ് അടക്കമുള്ള അഞ്ചുപുസ്തകങ്ങൾ ഓഡിയോ രൂപത്തിലാക്കി 2010-ൽ ജുവാങ് ഗ്രാമങ്ങളിൽ വിതരണം ചെയ്തത് ഏറെ പ്രയോജനം ചെയ്തു. ഓഡിയോ ശ്രവിച്ച് ക്ഷയരോഗത്തിൽ നിന്ന് അത്ഭുതരോഗസൌഖ്യം ലഭിച്ച സുക്ര എന്ന മനുഷ്യൻറെ ജീവിതം ഗ്രാമവാസികളെ കൂടുതൽ തിരുവചനത്തിലേക്ക് അടുപ്പിച്ചു. ഹൃദയഭാഷയിൽ ലഭിച്ച തിരുവചനഭാഗങ്ങൾ വായിച്ചും ശ്രവിച്ചും അനേകർ അവരുടെ ദുഃശീലങ്ങൾ ഉപേക്ഷിച്ച് വചനാനുസരണമായി ജീവിക്കുവാൻ തുടങ്ങി. ഇപ്പോൾ ലഭ്യമായ പുതിയനിയമം ആവേശത്തോടെയാണ് ജുവാങിലെ സഭ സ്വീകരിച്ചിരിക്കുന്നത്. ജീസസ്ഫിലിം ജുവാങ് ഭാഷയിലേക്ക് ശബ്ദലേഖനം ചെയ്യുന്ന തിരക്കിലാണ് ബൈബിൾ പരിഭാഷകരായ അലക്സ്-സ്വപ്ന ദമ്പതികൾ. അതുല്യ, ആദർശ് എന്നിവരാണ് മക്കൾ.
തിരുവചനം ഹൃദയഭാഷയിൽ സംസാരിച്ചു കേൾക്കുന്നത് ഒരു ദിവ്യാനുഭവമാണ്. പാപത്തെക്കുറിച്ചും നീതിക്കുറിച്ചും സംസാരിക്കുന്ന തിരുവചനം ജുവാങ് ജനതയുടെ കാതുകളിൽ കൂടുതൽ മുഴങ്ങട്ടെ. കൂടുതൽ വിവരങ്ങൾക്ക്: [email protected]


സാം കൊണ്ടാഴി (അസ്സോസിയേറ്റ് ഡയറക്ടർ, വിക്ലിഫ് ഇന്ത്യാ)

Related posts

Leave a Comment