നമുക്ക് സമയത്തിന്റെ യജമാനന്മാരാകാം
ഒരു മനുഷ്യന്റെ ശരാശരി ആയുസ് 657000 മണിക്കൂറാണ്. ജീവിതത്തിലെ എത്രയെത്ര മണിക്കൂറുകളാണ് നാം വെറുതെ പാഴാക്കിക്കളയുന്നത്. സമയം വിദഗ്ദ്ധമായി ഉപയോഗിക്കുന്നവര്ക്കേ ജീവിതത്തില്‍ ആനന്ദവും നേട്ടങ്ങളും കൈവരിക്കാനാവൂ. സമയാസൂത്രണം ഇതിന് അത്യാവശ്യമാണ്. സമയം പണം പോലെയാണ്. അത് ധൂര്‍ത്ത് അടിക്കാനുള്ളതല്ല. കാര്യക്ഷമതയോടെ സമയത്തെ ഉപയോഗിക്കാന്‍ ശീലിക്കണം.
ദിവസവും നമുക്ക് ലഭിക്കുന്ന മണിക്കൂറുകള്‍ കണക്കാക്കി നമ്മുടെ കര്‍മ്മങ്ങള്‍ ആസൂത്രണം ചെയ്യണം. എന്ത് എപ്പോള്‍ എത്ര സമയം കൊണ്ട് ചെയ്യാം എന്ന് നിശ്ചയിക്കുന്ന ഒരു പദ്ധതി ഉണ്ടാവണം. ഒരു ദിവസം എന്തു ചെയ്യും ഒരു മാസത്തില്‍ എന്തെല്ലാം ചെയ്യാം ഈ ഒരു വര്‍ഷംകൊണ്ട് എന്തെല്ലാം പൂര്‍ത്തീകരിക്കാം എന്നിങ്ങനെ ചിന്തിച്ച് വേണം ആസൂത്രണം ചെയ്യേണ്ടത്. നാളെ ചെയ്യേണ്ടതെന്താണെന്ന് ഇന്നുതന്നെ നിശ്ചയിക്കണം
ഒരേ ജോലി ഓരോരുത്തരും പലരീതിയില്‍ സമയമെടുത്താണ് ചെയ്യുന്നത്. ചെയ്യാനുള്ള ജോലി ചെയ്തു തീര്‍ക്കാനുള്ള ഈ സമയ വ്യത്യാസം ഓരോരുത്തരുടേയും വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കുന്നു.
ഓരോ ദിവസവും ചെയ്യേണ്ട പ്രവര്‍ത്തികളുടെ ലിസ്റ്റ് ഉണ്ടാക്കണം. പ്രാധാന്യം അനുസരിച്ച് പ്രധാനപ്പെട്ട ജോലികള്‍ക്ക് മുന്‍ഗണന നല്‍കണം. ഏതു ജോലി ചെയ്യുമ്പോഴും സമയത്തിനുമേല്‍ നല്ല നിയന്ത്രണം ഉണ്ടായിരിക്കണം. നാളെ നാളെ എന്ന മാറ്റിവെയ്ക്കല്‍ ശീലമുള്ളയാള്ക്ക് സമയാസൂത്രണം സാധ്യമാകില്ല.
മറ്റുള്ളവര്‍ നമ്മുടെ സമയം അപഹരിക്കാതെ നോക്കുക. സമയമില്ലെങ്കില്‍ ഇപ്പോള്‍ സമയമില്ല, സാധിക്കില്ലയെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയണം. കഴിഞ്ഞകാല നഷ്ടം ഓര്‍ത്ത് വിഷമിക്കുകയോ ഇനി എന്തു ചെയ്യുമെന്ന് ഭാവിയെനോക്കി അമ്പരക്കുകയോ ചെയ്തു സമയം നഷ്ടപ്പെടുത്തരുത്.
സ്വന്തം കുടുംബാംഗങ്ങള്‍ക്കുവേണ്ടി സമയം കണ്ടെത്തേണ്ടത് പക്വതയുള്ള ഒരു മനുഷ്യന്റെ കടമയാണ്. അനിവാര്യസാഹചര്യങ്ങളില്‍ ഏതെങ്കിലും കാര്യങ്ങള്‍ക്കായി ദീര്‍ഘനേരം കാത്തിരിക്കുമ്പോള്‍ പാഴാകുന്നസമയം വായിക്കുകയോ ഇനിയുള്ള ജോലി ആസൂത്രണം ചെയ്യാനോ ഉപയോഗിക്കണം.
പ്രത്യേകം ഓര്‍ക്കുക
സമയം ഇല്ലെന്ന് വേവലാതിപ്പെടാതിരിക്കുക.
സമയത്തിന്മേല് നിയന്ത്രണം ഏര്‍പ്പെടുത്തുക.
രാവിലെ ഉണര്‍ന്നാലുടന്‍ പ്രധാനപ്പെട്ട ഏതെങ്കിലും ജോലി ചെയ്യുക.
സമയം ചിട്ടപ്പെടുത്തുന്ന ഒരു ടൈം ടേബിള്‍ ചിട്ടപ്പെടുത്തിവെയ്ക്കുക.
വീട്ടിലെ കാര്യങ്ങള്‍ വീട്ടിലും ജോലി സ്ഥലത്തെ കാര്യങ്ങള്‍ അവിടെയും ചെയ്യുക.
മറ്റുള്ളവരുടെ സമയം അപഹരിക്കാതിരിക്കുക.
നിങ്ങളുടെ സമയം അപഹരിക്കാന്‍ വരുന്നവരെ അകറ്റുക.
സമയമില്ലായ്മയുടെ പേരില്‍ ഉത്തരവാദിത്വങ്ങളും സ്വന്തം കാര്യങ്ങളും നിര്രവേറ്റാതിരിക്കുക.
മാറ്റിവെയ്ക്കുന്ന ശീലം വിട്ട് അന്നന്ന് ചെയ്യേണ്ടത് അപ്പപ്പോള്‍ ചെയ്യുക.
സമയം നമ്മെ നിയന്ത്രിക്കാതെ നാം സമയത്തെ നിയന്ത്രിക്കുക.
നമുക്ക് സമയത്തിന്റെ യജമാനന്മാരാകാം