സംഗീത പ്രമാണിക്ക്…..

സംഗീത പ്രമാണിക്ക്…..

10173665_860510800704931_7929557066274775637_n

പാസ്റ്റര്‍ രതീഷ് ഏലപ്പാറയും പാസ്റ്റര്‍ രാജേഷ് ഏലപ്പാറയും

തയ്യാറാക്കിയത്: രതീഷ് ഏലപ്പാറ.
ഈ തലമുറയുടെ ദൈവസഭയില്‍ ഏറെ അത്മപ്രചോദനമായ ദൈവസ്നേഹം തുളുമ്പി നില്‍ക്കുന്ന എന്‍ പ്രേമഗീതമാം.. എന്ന ഗാനത്തിന്‍റെ രചയിതാവും പ്രശസ്ത സുവിശേഷകനുമായ പാസ്റ്റര്‍ രാജേഷ് ഏലപ്പാറ ഫെയ്ത്ത് ട്രാക്കിനു നല്‍കിയ അഭിമുഖം.
ചോദ്യം: കര്‍തൃശുശ്രൂഷയില്‍ എത്രനാള്‍ ആയി?
ഉത്തരം: കര്‍ത്താവിന്‍റെ വേലയില്‍ 18 വര്‍ഷം ആയി.
ചോദ്യം: താങ്കള്‍ എത്രത്തോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്? എത്ര സി.ഡി പുറത്തു വന്നു?
ഉത്തരം: 100 ല്‍ അധികം ഗാനങ്ങള്‍ എഴുതി. 38 ഗാനങ്ങള്‍ എന്‍റെ സ്വന്തം സി.ഡി പുറത്തിറങ്ങി.
ചോദ്യം: പുതിയ ഗാനങ്ങള്‍ ഉടന്‍ പുറത്തിറങ്ങുന്നുണ്ടോ?
ഉത്തരം: “ദിനവും യേശുവിന്‍ കൂടെ” എന്ന ഗാനം ഉടനെ പുറത്തിറങ്ങുന്ന സി.ഡി യില്‍ ഉണ്ടാകും.
ചോദ്യം: എന്താണ് ദിനവും യേശുവിന്‍റെ കൂടെ എന്ന ഗാനം നല്‍കുന്ന സന്ദേശം?
ഉത്തരം: യേശുവുമായി വിട്ടുപിരിയാത്ത ബന്ധമാണ് ക്രിസ്തീയ ജീവിതം. എന്നെ പിരിഞ്ഞ് നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ല.(യോഹ:15) എന്ന ദൈവവചനത്തിന്‍റെ വെളിപ്പാട് ലഭിച്ചപ്പോള്‍ ആത്മാവ് ആരാധിക്കുവാന്‍ നല്‍കിയ ഗാനമാണ്. ഇതിനോട് ചേര്‍ന്ന് അങ്ങേക്കാള്‍ വേറെ ഒന്നിനെയും സ്നേഹിക്കില്ല ഞാന്‍ യേശുവേ എന്ന ഗാനം പുറത്തിറക്കുന്നു. യോഹ:21 ല്‍ പത്രോസിനോട് ചോദിച്ച ചോദ്യം എന്നോട് പരിശുദ്ധാത്മാവ് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് ഈ ഗാനം ഇത് വേഗത്തില്‍ അടുത്ത ആല്‍ബത്തില്‍ പുറത്തിറങ്ങും. അതിന്‍റെ തിരക്കിലാണ് ഏവരുടെയും പ്രാര്‍ത്ഥനയെ ചോദിക്കുന്നു.
ചോദ്യം: താങ്കളുടെ പ്രശസ്തമായ ആരാധന എന്ന ഗാനത്തെക്കുറിച്ച്?
ഉത്തരം: ഏലപ്പാറയില്‍ നിന്ന് 7 കി.മീ അകലെയുള്ള ഹെലിബറിയ എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് എന്‍റെ ജനനം.1940- കളില്‍ എന്‍റെ പിതാവിന്‍റെ മാതാപിതാക്കള്‍ ആ ദേശത്ത് കുടിയേറി പാര്‍ത്തു. ആ കാലത്ത് പെന്തക്കോസ്തിനു വേരോട്ടം ഇല്ലാത്ത സ്ഥലമായിരുന്നു. അന്നത്തെക്കാലത്ത് അവിടെ പ്രവര്‍ത്തിക്കാന്‍ വന്ന കര്‍തൃ ദാസന്മാര്‍ക്ക് ആശ്വാസമാകുവാന്‍ എന്‍റെ പൂര്‍വ്വികര്‍ക്ക് കഴിഞ്ഞു. എന്‍റെ പിതാവിന് കുമ്പനാട് ഹെബ്രോനില്‍ പാ.കെ.ഇ ഏബ്രഹാമിന്‍റെ കീഴിലും ശാരോണ്‍ ബൈബിള്‍ കോളേജിലും പഠിക്കുവാന്‍ ഇട വന്നു. ആ കാലത്തില്‍ കര്‍ത്താവിന്‍റെ കരത്തില്‍ ഉപയോഗിക്കപ്പെട്ട ആശാരി ഉപദേശിയുടെ ഏറ്റുപദേശിയായും(ഏറ്റു പ്രസംഗം പറയുന്നയാള്‍) ഹൈറേഞ്ചില്‍ പല മേഖലകളിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചു. ഞങ്ങള്‍ അഞ്ചു മക്കള്‍ ആണ്. പട്ടിണിയും ദാരിദ്ര്യവും ചോര്‍ന്നോലിക്കുന്ന വീടും തുടങ്ങിയ അനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു ബാല്യം. ആ കാലത്തെ ഹൈറെഞ്ചിലെ കാലാവസ്ഥ പ്രകൃതി ക്ഷോഭം നിറഞ്ഞതായിരുന്നു. ഏറെ പരാധീനതകള്‍ ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും സന്തോഷം വരുന്നത് ഭവനത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ ആയിരുന്നു. അന്ന് പഴയ ഗാനങ്ങള്‍ ഏറെ നേരം കുടുംബമായി പാടി ഞങ്ങള്‍ ആരാധിക്കുമായിരുന്നു. ആ ഗാനങ്ങളില്‍ ആനന്ദവും സന്തോഷവും ആശ്വാസവും സമാധാനവും കണ്ടെത്തിയിരുന്നു.
ആ ഗാനങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ളത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.ആ ഗാനങ്ങളില്‍ ദൈവസ്നേഹവും പ്രത്യാശയും ക്രൂശിന്‍റെ ദര്‍ശനവും ആയിരുന്നു.
ആ ഗാനങ്ങളില്‍ ചിലത് ..മമ മണാളാ നിന്‍ പ്രേമത്താലേ നിറയുന്നെ എന്നുള്ളം ഇന്നേരം…പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെന്‍ പ്രിയനോട് ചേരുവാന്‍… നിത്യമാം സ്നേഹത്തിന്‍ ആഴം ഉയരവും …. ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ്……
ഈ ഗാനങ്ങളില്‍ വെളിപ്പെട്ട ദൈവസ്നേഹം ഹൃദയത്തിന്‍റെ അകത്ത് കര്‍ത്താവിനോട് അടുക്കുവാന്‍ പ്രചോദനമായി. ആരാധന ജീവിതത്തിന്‍റെ ഒരു അവിഭാജ്യഘടകമായി. പുറപ്പാട് 33:11 ല്‍ മോശയോട് ദൈവം ഒരു സ്നേഹിതനോട് സംസാരിച്ചു ഇപ്പോഴും അത് നടക്കുന്നു. അതില്‍നിന്നും ദൈവത്തെ ആഴമായി സ്നേഹിക്കാന്‍ ഒരു ഹൃദയം എനിക്ക് ലഭിച്ചു. ഉള്ളില്‍ തിങ്ങിയ ദൈവസ്നേഹം വരികള്‍ ആയി പുറത്ത് വന്നതാണ് ഈ സംഗീതം.
ഈ ഗാനം ആയിരക്കണക്കിനു തകര്‍ന്ന ജീവിതങ്ങള്‍ക്ക് യേശുവിലേക്ക് അടുക്കുവാന്‍ ദൈവം ഒരു ആയുധമാക്കി യേശുവുമായി സ്നേഹം നഷ്ടപ്പെട്ട അനേകര്‍ ഈ ഗാനത്തിലൂടെ കര്‍ത്താവുമായി അഭേദ്യമായ ബന്ധത്തിലേക്ക് എത്താന്‍ കഴിഞ്ഞു എന്ന് അറിയുവാന്‍ ഇടയായി.
കര്‍ത്താവുമായുള്ള എന്‍റെ ഹൃദയത്തിന്‍റെ പങ്കുവയ്ക്കലാണ്. പത്രോസിനോട് യേശുവിന് ചോദിക്കാന്‍ ചോദ്യങ്ങള്‍ ഇല്ല. നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുണ്ടോ?….വേദപുസ്തകത്തിന്‍റെ ഏറ്റവും വലിയ ദൂതാണ് ദൈവസ്നേഹം, ലഭിച്ചസ്നേഹം,കൊടുക്കുന്ന സ്നേഹം ഇതാണ്. ദൈവവചനത്തിന്‍റെ ചരിത്രം.(യോഹ:3:16) ന്യായപ്രമാണത്തെ ചുരുക്കി ഒറ്റ പ്രമാണത്തെ കൊടുത്തു.നിങ്ങള്‍ അന്യോന്യം സ്നേഹിക്കണം (റോമ:13:10, യോഹ:13:34) വിശ്വാസം, പ്രത്യാശ, സ്നേഹം ഇവയില്‍ വലുതോ സ്നേഹം. 1കൊരി:13 ല്‍ ദൈവസ്നേഹം മാത്രമാണ്.
ചോദ്യം:താങ്കളുടെ ആത്മീയ ശുശ്രൂഷകളും ബന്ധങ്ങളും വേദികളും ഒന്ന് വിവരിക്കാമോ?
ഉത്തരം: ഞാന്‍ ഏറ്റവും അധികം പ്രസംഗിക്കുന്നത് ദൈവം നല്‍കിയ നിയോഗങ്ങളാണ്. കര്‍ത്താവിന്‍റെ വരവ്, നിത്യത, ദൈവരാജ്യം, അത്മഭാരം, ദൈവതേജസ്സ്, ദൈവീക പ്രത്യാശ, യഥാസ്ഥാനം എന്നീ വിഷയങ്ങളാണ്. എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ദൈവദാസന്മാര്‍ അനേകരാണ്. പാ.എം.പൌലോസ്, പാ.ബാബു ചെറിയാന്‍, പാ.സാജു മാത്യു എന്നിവരുടെ ശുശ്രൂഷകള്‍ എനിക്ക് ആത്മപ്രചോദനമാണ്. പാ.ജോണ്‍സണ്‍ ഡാനിയേല്‍, പാ.രാജു പൂവക്കാല എന്നിവര്‍ നടത്തിയ യോഗങ്ങളില്‍ ശുശ്രൂഷിക്കാന്‍ അവസരം ലഭിച്ചത് അംഗീകാരമായി കാണുന്നു.
ആത്മീയ പിതാക്കന്മാര്‍ നല്‍കിയ പ്രത്യാശയും വചനശുദ്ധിയും നിര്‍മ്മല സുവിശേഷവും എവിടെയും ദൈര്യമായി പ്രഘോഷിക്കാന്‍ പരിശുദ്ധാത്മാവ് സഹായിക്കുന്നു. പൗലോസ്‌ അരയോപക കുന്നിലും, യെഹൂദന്‍മാരുടെ ഇടയിലും സത്യസുവിശേഷം പ്രസംഗിക്കാന്‍ നിന്നതുപോലെ എവിടെയും സത്യത്തിന്‍റെ സാക്ഷിയാകുവാന്‍ കര്‍ത്താവ്‌ ഇടയാക്കുന്നു.
ന്യൂതന ഉപദേശം ഉള്ള ഈ കാലഘട്ടത്തിന്‍റെ സത്യ സുവിശേഷത്തിനു വേണ്ടി പാ.രാജേഷ്‌ നില്‍ക്കുന്നു.

ലഘുചരിത്രം

1979 സെപ്റ്റംബര്‍ 20 ന് തണ്ടാശേരി വീട്ടില്‍ കെ.എന്‍.ദാനിയേലിന്‍റെയും ലീലാമ്മ ദാനിയേലിന്‍റെയും മകനായി ജനിച്ചു. പഠനാനന്തരം 16-)൦ വയസ്സില്‍ മുളക്കുഴ മൌണ്ട് സീയോന്‍ ബൈബിള്‍ കോളേജില്‍ പഠനത്തിന് ചേര്‍ന്നു. 18-)൦ വയസ്സ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ സഭാശുശ്രൂഷയില്‍ പ്രവേശിപ്പാന്‍ ദൈവം സഹായിച്ചു. ചര്‍ച്ച്‌ ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി 4 സഭകളില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചു.(ഈ കാലയളവില്‍ തുടര്‍മാനമായ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും തുടരുവാന്‍ കര്‍ത്താവ് സഹായിച്ചു. ഇത് തന്‍റെ ആത്മീക ജീവിതത്തിന് വഴിത്തിരിവായി മാറി) അനുഭവങ്ങളില്‍ കൂടെ അല്ല മറിച്ച് ആത്മസാനിദ്ധ്യത്തില്‍ ദൈവം നല്‍കിയ വരികള്‍ ആണ് പിന്നീട്‌ ആരാധനാ ഗീതങ്ങള്‍ ആയി മാറിയത്. വരികളും റ്റൂണുകളും കര്‍ത്താവ്‌ തനിക്ക് ഒരുപോലെ നല്‍കി. ഇതില്‍ മലയാളം, തമിഴ്, കന്നട,തെലുങ്ക്, ഹിന്ദി ,ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പലതും പരിവര്‍ത്തനം ചെയ്തു. സ്വദേശത്തും വിദേശത്തും ദൈവവചനത്തില്‍ കൂടിയും ഗാനങ്ങളില്‍ കൂടിയും താന്‍ കര്‍ത്താവിനെ ശുശ്രൂഷിച്ചു വരുന്നു. ഇപ്പോള്‍ ഇടുക്കി ജില്ലയിലെ മലയോര പട്ടണമായ ഏലപ്പാറയില്‍ തോട്ടം തൊഴിലാളികളുടെ ഇടയിലും ഗ്രാമങ്ങളിലും ഭാര്യയായ ഡോ.അനുവുമൊത്ത് കര്‍ത്താവിന്‍റെ വേലയില്‍ ആയിരിക്കുന്നു. അനുദിനം വളര്‍ന്ന് വരുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഏലപ്പാറയുടെ ചീഫ് പാസ്റ്ററുമാണ്.

 

Related posts

Leave a Comment